ഹിൻഡൻബർഗ് റിപ്പോർട്ട്: മാധബി രാജിവയ്ക്കണമെന്ന് മഹുവ

ഹിൻഡൻബർഗ് റിപ്പോർട്ട്: മാധബി രാജിവയ്ക്കണമെന്ന് മഹുവ
ഹിൻഡൻബർഗ് റിപ്പോർട്ട്: മാധബി രാജിവയ്ക്കണമെന്ന് മഹുവ

ന്യൂഡൽഹി: ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ ‘സെബി’ മേധാവി മാധബി ബുച്ചിനും ഭർത്താവിനും എതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് ആയുധമാക്കി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മാധബി രാജിവയ്ക്കണമെന്ന് മഹുവ ആവശ്യപ്പെട്ടു.

‘‘സെബി ചെയർപഴ്‌സന്റെ സുതാര്യതയ്ക്കു തടസ്സമായി ചില നിക്ഷേപങ്ങളെപ്പറ്റി പ്രസക്തമായ വസ്തുതകൾ പുറത്തുവന്നിട്ടുണ്ട്. അവർ ഇപ്പോൾത്തന്നെ രാജിവയ്ക്കണം. അദാനി ഗ്രൂപ്പിലെ അതാര്യയായ നിക്ഷേപകയാണു മാധബി. സെബിയിലേക്കുള്ള എല്ലാ പരാതികളും ബധിര ചെവികളിൽ വീഴുന്നതിൽ അതിശയിക്കാനില്ല. അന്വേഷണം ആവശ്യമുള്ള ഫണ്ടുകളിൽ നിക്ഷേപം നടത്തിയ ചെയർപഴ്‌സൻ, അത് കണ്ടെത്താനുള്ള സ്ഥാപനത്തിന്റെ മേധാവിയാണ്. ഈ ചെയർപഴ്സന്റെ കീഴിലുള്ള സെബിയെ വിശ്വസിക്കാൻ കഴിയില്ല’’– മഹുവ എക്സിൽ വ്യക്തമാക്കി.

അദാനിക്കെതിരെ സെബി കാര്യമായ അന്വേഷണം നടത്താതിരുന്നത് അതിന്റെ മേധാവിക്ക് ഇതേ വിദേശ കടലാസ് സ്ഥാപനങ്ങളിലുള്ള നിക്ഷേപമാണെന്നാണു ഹിൻഡൻബർഗ് റിപ്പോർട്ടിലെ പ്രധാന ആരോപണം. എന്നാൽ, മാധബി ബുച്ചിനെതിരായ ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ സെൻസെക്സിനെയും നിഫ്റ്റിയെയും ഉലച്ചില്ല. നഷ്ടത്തോടെയായിരുന്നു വ്യാപാരത്തിന്റെ തുടക്കമെങ്കിലും പിന്നീട് സൂചികകൾ നേട്ടത്തിന്റെ ട്രാക്ക് പിടിച്ചു.

Top