കൊൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാർ നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച് തൃണമൂൽ കോൺഗ്രസ് എംപി ജവഹർ സിർകാർ. സർക്കാരിൽ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടെന്ന് ആരോപിച്ച അദ്ദേഹം രാജ്യസഭാംഗത്വം രാജിവെക്കുമെന്ന് വ്യക്തമാക്കി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കത്തയച്ചു.
സർക്കാർ നിലപാടുകളോടുള്ള പ്രതിഷേധ സൂചകമായി രാജ്യസഭാംഗത്വം രാജിവെക്കുകയാണെന്ന് സിർകാർ കത്തിൽ വ്യക്തമാക്കി. സംസ്ഥാനത്തെ രക്ഷപ്പെടുത്താൻ കടുത്ത നടപടി വേണം. രാജ്യസഭയിൽ ഒരു എംപി എന്ന നിലയിൽ പശ്ചിമ ബംഗാളിലെ പ്രശ്നങ്ങൾ പ്രതിനിധീകരിക്കാൻ എനിക്ക് ഇത്രയും വലിയ അവസരം നൽകിയതിന് ആത്മാർത്ഥമായി നന്ദി പറയുന്നു. ദാരുണമായ സംഭവമുണ്ടായശേഷം സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാരോട് മമത ബാനർജിയുടെ പഴയ ശൈലിയിലുള്ള നേരിട്ടുള്ള ഇടപെടൽ പ്രതീക്ഷിച്ച് ഒരു മാസത്തോളം കാത്തിരുന്നു. എന്നാൽ അതുണ്ടായില്ല.
Also Read: ബീഹാറിൽ ഓടുന്നതിനിടെ സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ ബോഗികൾ വിട്ടുപോയി
സർക്കാർ ഇപ്പോൾ സ്വീകരിക്കുന്ന നടപടികളെല്ലാം വളരെ ദുർബലവും, വളരെ വൈകിയുമാണ് ഉണ്ടായിട്ടുള്ളത്. അഴിമതിക്കാരായ ഡോക്ടർമാരുടെ കോക്കസ് തകർക്കുകയും, കുറ്റക്കാർക്കെതിരെ യഥാസമയം നടപടിയെടുക്കുകയും ചെയ്തിരുന്നെങ്കിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ ഇത്രത്തോളം വഷളാകില്ലായിരുന്നു. 2022 ൽ മുൻ വിദ്യാഭ്യാസ മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉയർന്നപ്പോൾ പാർട്ടിയും സർക്കാരും, നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മുതിർന്ന നേതാക്കൾ തന്നെ തടസ്സപ്പെടുത്തുകയാണ് ചെയ്തതെന്നും അദ്ദേഹം കത്തിൽ പറയുന്നു. ഉടൻ ഡൽഹിയിലെത്തി രാജി സമർപ്പിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം സംസ്ഥാനത്തെ രക്ഷിക്കാൻ എന്തെങ്കിലും ചെയ്യണമെന്നും ആവശ്യപ്പെടുന്നു.