ഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷ് മത്സരിക്കുന്ന തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ് തങ്ങളോട് ആലോചിച്ചില്ല എന്നതാണ് അതൃപ്തിക്ക് കാരണം.
എന്നാല്‍ അവസാന നിമിഷത്തെ തീരുമാനമാണിതെന്നും സമയപരിധി അവസാനിക്കുന്നതിന് 10 മിനിറ്റ് മുമ്പ് മാത്രമാണ് തീരുമാനമെടുത്തതെന്നും കോണ്‍ഗ്രസ് വിശദീകരിക്കുന്നു. പിന്തുണ തേടി കൊടിക്കുന്നില്‍ സുരേഷ് തൃണമൂല്‍ കോണ്‍ഗ്രസിനെ ബന്ധപ്പെട്ടിരുന്നതായും കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കുക എന്ന കാലങ്ങളായുള്ള കീഴ്‌വഴക്കം പാലിക്കണമെന്ന്, സമവായ ചര്‍ച്ചകള്‍ക്കെത്തിയ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനോട് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജ്‌നാഥ് സിങ് ഇത് ഉറപ്പു നല്‍കാതിരുന്നതോടെയാണ് സമവായ സാധ്യത അടഞ്ഞത്.
ഇതേത്തുടര്‍ന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കുന്നതിന് 10 മിനിറ്റ് മുമ്പു മാത്രമാണ് അവസാന തീരുമാനമെടുത്തതെന്ന് കോണ്‍ഗ്രസ് അറിയിച്ചു. കൊടിക്കുന്നില്‍ സുരേഷ് സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കി വിവരം ടെലിവിഷനിലൂടെയാണ് അറിഞ്ഞതെന്നും, തൃണമൂല്‍ കോണ്‍ഗ്രസുമായി ആരും ചര്‍ച്ച ചെയ്തില്ലെന്നും മുതിര്‍ന്ന ടിഎംസി നേതാവ് സുദീപ് ബന്ദോപാധ്യായ പറഞ്ഞു.