കൊല്‍ക്കത്ത: 1988ല്‍ ബംഗ്ലാദേശിലെ ജയിലില്‍ അടയ്ക്കപ്പെട്ട ത്രിപുര സ്വദേശിക്ക് 37 വര്‍ഷങ്ങള്‍ക്ക് ശേഷം മോചനം. ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ശ്രീമന്തപൂർ ലാൻഡ് കസ്റ്റംസ് സ്റ്റേഷൻ വഴിയാണ് ത്രിപുരയിലെ സെപാഹിജാല സ്വദേശിയായ ഷാജഹാൻ മോചിതനായത്.
അയൽരാജ്യത്തേക്ക് അനധികൃതമായി കടന്നതിന് പൊലീസ് ബന്ധുവിൻ്റെ വീട്ടിൽ റെയ്ഡ് നടത്തുകയും ഷാജഹാനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സോനാമുറ സബ്‌ഡിവിഷനിലെ അതിർത്തി ഗ്രാമമായ രബീന്ദ്രൻഗറിൽ താമസിക്കുന്ന ഷാജഹാൻ 1988-ൽ ബംഗ്ലാദേശിലെ കൊമില്ലയിലുള്ള ഭാര്യാവീട് സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം. “25-ാം വയസില്‍, കോമില്ലയിലെ ഒരു കോടതി എന്നെ 11 വർഷത്തെ തടവിന് ശിക്ഷിച്ചു. ശിക്ഷ പൂർത്തിയാക്കിയിട്ടും മോചിപ്പിച്ചില്ല. കൂടാതെ 26 വർഷം കൂടി കസ്റ്റഡിയിൽ കഴിഞ്ഞു” ഷാജഹാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഷാജഹാന് നേരിട്ട അനീതി ഏതാനും മാസങ്ങൾക്ക് മുമ്പ് മാധ്യമ റിപ്പോർട്ടുകളിലൂടെയാണ് പുറത്തുവന്നത്. ഇത് വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റക്കാരെ സഹായിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സാറ ഫൗണ്ടേഷൻ എന്ന സംഘടനയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഷാജഹാൻ്റെ മോചനത്തിനായി സാറാ ഫൗണ്ടേഷൻ ചെയർമാൻ മൗഷാഹിദ് അലിയുടെ നേതൃത്വത്തില്‍ നടത്തിയ നീക്കമാണ് ഫലം കണ്ടത്. നിരവധി നിയമ നടപടികൾക്ക് ശേഷം ഷാജഹാനെ ചൊവ്വാഴ്ച ശ്രീമന്തപൂർ എൽസിഎസിലെ ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് കൈമാറി.
ഇപ്പോൾ 62 വയസുള്ള ഷാജഹാജന്റെ ഭാര്യ ഷാജഹാൻ ജയിലിലാകുമ്പോൾ ഗർഭിണിയായിരുന്നു. ഷാജഹാന്‍റെ മകന്‍ ആദ്യമായിട്ടാണ് സ്വന്തം പിതാവിനെ കാണുന്നത്. ” എൻ്റെ സന്തോഷം വാക്കുകളിൽ പറഞ്ഞറിയിക്കാൻ കഴിയില്ല, ഞാൻ സ്വർഗത്തിലാണെന്ന് എനിക്ക് തോന്നുന്നു, ഇത് എനിക്ക് ഒരു പുനർജന്മം പോലെയാണ്.ഈ ജന്മത്തിൽ ജന്മനാട്ടിലേക്ക് മടങ്ങിവരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സാറാ ഫൗണ്ടേഷനാണ് എന്നെ നാട്ടിലെത്തിച്ചത്. എൻ്റെ ജീവിതകാലം മുഴുവൻ ഞാൻ സംഘടനയോട് കടപ്പെട്ടിരിക്കും,” ഷാജഹാൻ പറഞ്ഞു.