ഇന്ത്യയിലെ ട്രയംഫിന്റെ കുറഞ്ഞ വിലയിലുള്ള ബൈക്ക്

ഇന്ത്യൻ കമ്പനിയായ ബജാജുമായി ചേർന്ന് വികസിപ്പിച്ച ഈ മോഡലിന്റെ ബേസ് വേരിയന്റിന് 2.34 ലക്ഷം രൂപ മാത്രമാണ് എക്സ്ഷോറൂം വില വരുന്നത്

ഇന്ത്യയിലെ ട്രയംഫിന്റെ കുറഞ്ഞ വിലയിലുള്ള ബൈക്ക്
ഇന്ത്യയിലെ ട്രയംഫിന്റെ കുറഞ്ഞ വിലയിലുള്ള ബൈക്ക്

ബ്രിട്ടീഷ് മോട്ടോർസൈക്കിൾ ബ്രാൻഡായ ട്രയംഫിന്റെ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള മോഡലാണ് സ്പീഡ് 400. ഇന്ത്യൻ കമ്പനിയായ ബജാജുമായി ചേർന്ന് വികസിപ്പിച്ച ഈ മോഡലിന്റെ ബേസ് വേരിയന്റിന് 2.34 ലക്ഷം രൂപ മാത്രമാണ് എക്സ്ഷോറൂം വില വരുന്നത്. ബജാജുമായി ചേർന്ന് ഇന്ത്യൻ വിപണിക്ക് അനുയോജ്യമായ മോഡലുകൾ പുറത്തിറക്കാൻ പ്രതിജ്ഞയെടുത്തിരിക്കുകയാണ് ട്രയംഫ്. ഈ ഒരു സാഹചര്യത്തിൽ സ്പീഡ് 400 മോട്ടോർസൈക്കിളിന്റെ കൂടുതൽ താങ്ങാനാവുന്ന വിലയിൽ വരുന്ന വേരിയന്റ് ഉടൻ വിപണിയിലെത്താൻ പോകുന്നതായാണ് റിപ്പോർട്ടുകൾ.

അതായത് ഇന്ത്യക്കാർക്ക് 2.34 ലക്ഷം രൂപയേക്കാൾ കുറഞ്ഞ വിലയിൽ ബ്രിട്ടീഷ് ബ്രാൻഡിൽ നിന്നുള്ള റോഡ്‌സ്റ്റർ മോട്ടോർസൈക്കിൾ വാങ്ങാൻ അവസരമൊരുങ്ങുകയാണ്. പുതിയതും കുറഞ്ഞ വിലയുള്ളതുമായ സ്പീഡ് 400 വേരിയന്റ് 2024 സെപ്റ്റംബർ 17-ന് അവതരിപ്പിക്കുമെന്ന് ട്രയംഫ് വ്യക്തമാക്കി. ഈ വിവരം സ്ഥിരീകരിക്കുന്ന ടീസർ ചിത്രവും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. വരാനിരിക്കുന്ന മോഡൽ വിലക്കുറവ് കാരണം ഇന്ത്യൻ ബൈക്ക് പ്രേമികളുടെ ശ്രദ്ധയാകർഷിക്കുമെന്ന് പ്രതീക്ഷിക്കാം.

Triumph Speed 400

വില കുറയ്ക്കുന്നതിന്റെ ഭാഗമായി പ്രീമിയം ഫീച്ചറുകൾ ഒഴിവാക്കപ്പെടും;

സ്വാഭാവികമായും വില കുറയ്ക്കുന്നതിന്റെ ഭാഗമായി ചില പ്രീമിയം ഫീച്ചറുകൾ ഒഴിവാക്കപ്പെടും. സ്പീഡ് 400-ൽ നിന്ന് വ്യത്യസ്തമായി വരാൻ പോകുന്ന മോഡലിന് ഫ്‌ലാറ്റ് സീറ്റ് ലഭിക്കുമെന്ന് ടീസർ ചിത്രം സൂചിപ്പിക്കുന്നു. ഇതിൽ കസ്റ്റം സ്റ്റിച്ചിംഗും വരുന്നുണ്ട്. മാത്രമല്ല പുതിയ ബൈക്കിന് പുതിയ റെഡും വൈറ്റും കലർന്ന പെയിന്റ് സ്‌കീം ലഭിക്കുന്നു. ഫ്യുവൽ ടാങ്കിന് താഴെയുള്ള ബ്ലാക്ക് പാനൽ മാറ്റി ചാര നിറത്തിലുള്ളത് ഘടിപ്പിച്ചിട്ടുണ്ട്. ഇവയാണ് ടീസർ ചിത്രങ്ങളിൽ നിന്ന് മനസ്സിലാകുന്ന പ്രധാന മാറ്റങ്ങൾ. സ്പീഡ് 400 ആകർഷകമായ നിരവധി ഫീച്ചറുകളുണ്ട്. വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റ്, റിയർവ്യൂ മിറർ, ക്ലസ്റ്റർ എന്നിവ പോലുള്ള ഇതിന് ലഭിക്കുന്നു. എൽസിഡി സ്‌ക്രീനുമായി ജോടിയാക്കിയ അനലോഗ് സ്പീഡോമീറ്ററും ബൈക്കിന്റെ സവിശേഷതയാണ്. ഓൾ എൽഇഡി ലൈറ്റിംഗാണ് ബൈക്കിന് വെളിച്ചം പകരുന്നത്.

പവർട്രെയിൻ വശം നോക്കുമ്പോൾ 39.5 bhp പവറും 37.5 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 398.15 സിസി ലിക്വിഡ് കൂൾഡ് DOHC എഞ്ചിനാണ് ട്രയംഫ് സ്പീഡ് 400-ന് കരുത്തേകുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചോട് കൂടിയ 6 സ്പീഡ് ഗിയർബോക്‌സാണ് ബൈക്കിൽ സജ്ജീകരിച്ചിരിക്കുന്നത്. സസ്പെൻഷനായി മുൻവശത്ത് 43 mm യുഎസ്ഡി ഫോർക്കും പിന്നിൽ ഗ്യാസ് ചാർജ്ഡ് മോണോഷോക്കും ഉപയോഗിക്കുന്നു. സ്പീഡ് 400 മോഡലിന്റെ അതേ എഞ്ചിനും പ്രധാന സവിശേഷതകളും പുതിയ വേരിയന്റിൽ നിലനിർത്തും. എന്നാൽ സീറ്റ്, സ്‌ക്രീൻ, സസ്പെൻഷൻ, ബ്രേക്കിംഗ് സജ്ജീകരണം തുടങ്ങിയ കാര്യങ്ങളിൽ ചെറിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം.പുതിയ വേരിയന്റിന്റെ വിലയെക്കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങൾ ട്രയംഫ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നിലവിലുള്ള മോഡലിനേക്കാൾ 10,000 മുതൽ 20,000 രൂപ വരെ വിലക്കുറവാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ വിവരങ്ങൾ ഉടൻ പ്രതീക്ഷിക്കുന്നു. രണ്ട് ലക്ഷം രൂപയിൽ താഴെ വിലയിൽ വന്നാൽ റോയൽ എൻഫീൽഡ് മോഡലുകൾക്ക് കടുത്ത വെല്ലുവിളിയാകും ഇത് സൃഷ്ടിക്കുക. ട്രയംഫ് സ്പീഡ് 400, സ്‌ക്രാമ്പ്‌ളർ 400X എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചിട്ട് ഒരു വർഷത്തിലേറെയായി . പുതിയ വേരിയന്റിന്റെ വരവോടെ വിൽപ്പന സംഖ്യ ബജാജ് പ്രതീക്ഷിച്ച ഉയരത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കാം. വില പ്രഖ്യാപനം സെപ്റ്റംബർ 17-ന് നടക്കുമെങ്കിലും പുത്തൻ മോട്ടോർസൈക്കിളിന്റെ ഡെലിവറി ഒക്‌ടോബറിലായിരിക്കും തുടങ്ങുക.

Top