വാഷിങ്ടണ്‍: വരാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്ക് പാര്‍ട്ടി സ്ഥാനാര്‍ഥിയാകാനൊരുങ്ങുന്ന മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജയിലില്‍ ആകാന്‍ സാധ്യത. അശ്ലീല താരത്തിന് പണം നല്‍കിയ സംഭവം മറച്ചുവയ്ക്കാന്‍ രേഖകള്‍ തിരുത്തിയതിന് കുറ്റക്കാരനെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ട്രംപ് ജയിലിലാകുമോയെന്ന് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍, ജയില്‍ശിക്ഷ വിധിക്കാനും വിധിക്കാതിരിക്കാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് അമേരിക്കയിലെ നിയമവിദഗ്ധര്‍.
ട്രംപിനെതിരെയുള്ള 34 കുറ്റങ്ങളും ന്യൂയോര്‍ക് സംസ്ഥാനത്തെ ഇ ക്ലാസ് കുറ്റങ്ങളുടെ പരിധിയില്‍ വരുന്ന തീരെ താഴ്ന്ന നിലയിലുള്ളതാണ്. ഓരോ കുറ്റത്തിനും പരമാവധി നാലുവര്‍ഷം വരെയാകും തടവ് ലഭിക്കുക. ട്രംപിന്റെ പ്രായവും നേരത്തെ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നതും ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജഡ്ജിക്ക് കുറഞ്ഞ ശിക്ഷ വിധിക്കാനും കഴിയും.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് മത്സരിക്കാന്‍ കഴിയുമെന്നിരിക്കെ, അദ്ദേഹത്തിന് വോട്ട് ചെയ്യാനാകുമോയെന്നതും ചോദ്യചിഹ്നമാണ്. ക്രിമിനല്‍ റെക്കോഡ്‌സുള്ളയാളെ സ്ഥാനാര്‍ഥിയാകുന്നതില്‍നിന്ന് വിലക്കാന്‍ കഴിയില്ല. ട്രംപ് താമസിക്കുന്ന ഫ്‌ലോറിഡ സംസ്ഥാനത്തെ നിയമപ്രകാരം, മറ്റൊരു സംസ്ഥാനത്ത് കുറ്റവാളിയായി ശിക്ഷിക്കപ്പെട്ട ഒരാള്‍ വോട്ടുചെയ്യാന്‍ യോഗ്യനല്ല.
ന്യൂയോര്‍ക്കിലാണ് ട്രംപ് വിചാരണ നേരിടുന്നത്. ന്യൂയോര്‍ക്കിലാണെങ്കില്‍ ശിക്ഷിക്കപ്പെട്ടശേഷവും ട്രംപിന് വോട്ടുചെയ്യാന്‍ സാധിക്കും. ന്യൂയോര്‍ക് നിയമപ്രകാരം കുറ്റവാളികള്‍ക്ക് തടവില്‍ കഴിയുമ്പോള്‍ മാത്രമേ വോട്ടുചെയ്യാനുള്ള അവകാശം ഇല്ലാതാകൂ. ജയിലിനു പുറത്തോ പരോളിലോ ആണെങ്കില്‍ വോട്ടവകാശം പുനഃസ്ഥാപിക്കപ്പെടും. ഫ്‌ലോറിഡയില്‍ ഇങ്ങനെ കഴിയില്ല. 2019ല്‍ ആണ് ന്യൂയോര്‍ക്കുകാരനായിരുന്ന ട്രംപ് ഫ്‌ലോറിഡയില്‍ സ്ഥിരതാമസമാക്കിയത്.