CMDRF

കമലാ ഹാരിസിനെ ‘ജൂതവിരുദ്ധ’ എന്ന് ആക്ഷേപിച്ച് ട്രംപ്; പ്രതിക്ഷേധം വ്യാപകം

കമലാ ഹാരിസിനെ ‘ജൂതവിരുദ്ധ’ എന്ന് ആക്ഷേപിച്ച് ട്രംപ്; പ്രതിക്ഷേധം വ്യാപകം
കമലാ ഹാരിസിനെ ‘ജൂതവിരുദ്ധ’ എന്ന് ആക്ഷേപിച്ച് ട്രംപ്; പ്രതിക്ഷേധം വ്യാപകം

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിനെ ‘ജൂതവിരുദ്ധ’ എന്ന് ആക്ഷേപിച്ച എതിര്‍സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ നടപടി വിവാദത്തില്‍. കമലയുടെ ഭര്‍ത്താവ് ജൂതനായതുകൊണ്ട്, ട്രംപിന്റെ വസ്തുതാവിരുദ്ധ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ മുന്നില്‍ തസ്‌നനെ നില്‍ക്കുന്ന ട്രംപിന് ഈ പരാമര്‍ശം മങ്ങലേല്‍പ്പിക്കുമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റായ ഇന്ത്യന്‍ വംശജ കമലാ ഹാരിസ് ഇന്നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സതേണ്‍ ഫ്‌ളോറിഡയിലെ ഒരു മതകണ്‍വന്‍ഷനില്‍ സംസാരിക്കുമ്പോഴാണ് ട്രംപ് കമലയ്‌ക്കെതിരെ പരാമര്‍ശം നടത്തിയത്. ബുധനാഴ്ച യുഎസ് കോണ്‍ഗ്രസില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസംഗം കമല ഹാരിസ് ബഹിഷ്‌കരിച്ചതിന്റെ കാരണം വിശദീകരിക്കുകയായിരുന്നു ട്രംപ്. യാതൊരു അടിസ്ഥാനവുമില്ലാതെ കമലയെ ആന്റി സെമിറ്റിസ്റ്റ് എന്ന് വിശേഷിപ്പിക്കുകയായിരുന്നു ട്രംപ്. ‘അവര്‍ക്ക് (കമല ഹാരിസ്) ജൂതരെ ഇഷ്ടമല്ല. അവര്‍ക്ക് ഇസ്രയേല്‍ ഇഷ്ടമല്ല. അതങ്ങനെയാണ്, അതങ്ങനെയേ പോകൂ. അവര്‍ മാറാന്‍ പോകുന്നില്ല’- ട്രംപ് പറഞ്ഞു.

സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാനുള്ള ജോ ബൈഡന്റ് തീരുമാനം ഡെമോക്രാറ്റിക് അട്ടിമറിയാണെന്നും അമേരിക്ക അതിലൂടെ ലോകത്തിന് കമലാ ഹാരിസ് പരാജയപ്പെട്ട വൈസ് പ്രസിഡന്റാണെന്നും ട്രംപ് ആരോപിച്ചു. ‘കാത്തലിക് വിശ്വാസികളായതിന്റെ പേരില്‍ ഫെഡറല്‍ ജഡ്ജിമാരെ ഒഴിവാക്കുകയും സുപ്രീംകോടതിയില്‍ തീവ്രമാര്‍ക്‌സിസ്റ്റ് നിലപാടുള്ളവരെ നിയമിക്കുകയും ചെയ്ത വൈസ് പ്രസിഡന്റ് ആണ് കമല. അവര്‍ വിജയിച്ചാല്‍ ഗര്‍ഭഛിദ്രത്തിന് നിയമം കൊണ്ടുവരും. ഗര്‍ഭപാത്രത്തില്‍ നിന്ന് എട്ടാം മാസമോ ഒമ്പതാം മാസമോ ജനനത്തിന് തൊട്ടുമുമ്പോ ശിശുക്കളെ വലിച്ചുപറിച്ചെടുക്കാന്‍ നിയമമുണ്ടാക്കും – ജനനശേഷവും കുഞ്ഞുങ്ങളെ കൊല്ലാം’- ട്രംപ് പറഞ്ഞു.

അതേസമയം, ട്രംപിന്റെ ഈ പ്രസ്താവനകളെല്ലാം കമല ഹാരിസിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടുള്ള ഭീതി മൂലമാണെന്നും ട്രംപിന് തന്നെ തിരിച്ചടിയാവുന്നവയാണെന്നും പരക്കെ അഭിപ്രായമുയരുന്നുണ്ട്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് ജോ ബൈഡന്‍ പിന്മാറിയതോടെയാണ് കമല ഹാരിസിന് സ്ഥാനാര്‍ഥിയാകാനുള്ള വഴിതെളിഞ്ഞത്. പാര്‍ട്ടിയുടേയും രാജ്യത്തിന്റേയും താത്പര്യം മുന്‍നിര്‍ത്തി താന്‍ പിന്മാറുന്നു എന്നായിരുന്നു ബൈഡന്‍ നല്‍കിയ വിശദീകരണം. കമലയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായും അദ്ദേഹം എക്‌സില്‍ കുറിച്ചിരുന്നു. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും കമലയ്ക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

Top