തണുപ്പ് കാലാവസ്ഥയിൽ ചുണ്ടുകൾ വരണ്ടു പോകുന്നതും വിണ്ടുകീറുന്നതും എല്ലാം നമ്മുടെ പ്രശ്നമാണ്. എത്ര തവണ വെള്ളം നനച്ച് കൊടുത്താലും ചുണ്ടുകളിലെ വരൾച്ച മാറില്ല. ചുണ്ടുകളിൽ അസ്വസ്ഥതകൾ ഉണ്ടാക്കി ദിവസം മുഴുവനുമിത് നിങ്ങളെ അലോസരപ്പെടുത്തി കൊണ്ടിരിക്കും. ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. ചുണ്ടിലെ ചര്‍മ്മത്തില്‍ വിയര്‍പ്പ് ഗ്രന്ധികളോ മറ്റ് രോമകൂപമോ ഇല്ലാത്തതിനാല്‍ നനവ് നിലനിര്‍ത്താന്‍ വഴികളില്ല. പലരും ഇതിനു പരിഹാരമായി ലിപ് ബാമുകൾ ഇപയോഗിക്കുന്നവരാണ്. ലിപ് സ്റ്റിക്ക് ഉപയോഗിക്കുന്നവരാണെങ്കിൽ മഞ്ഞ് കാലത്ത് ഓയിലി ആയ ലിപ് സ്റ്റിക്കോ, ലിപ് ബാമോ ഉപയോഗിക്കണം. മാറ്റെ ലിപ്സ്റ്റിക്ക് കഴിവതും ഒഴിവാക്കുക. അതുപോലെ പൗഡർ പോലുള്ള ഉത്പന്നങ്ങളും ചുണ്ടിൽ പ്രയോഗിക്കേണ്ട. ലിപ്സ്റ്റിക്ക് നീക്കം ചെയ്യുമ്പോഴാകട്ടെ, ആലോവേറ അടങ്ങിയിട്ടുള്ള ക്ലെൻസിംഗ് ജെൽ ഉപയോഗിക്കാം.
വെള്ളരിക്ക
വെള്ളരിക്കയുടെ നീര് ചുണ്ടിൽ പുരട്ടുന്നത് ചുണ്ടിൽ ഉണ്ടാവുന്ന എല്ലാ തരത്തിലുള്ള പ്രശ്നങ്ങൾക്കുള്ള ഉത്തമപ്രതിവിധിയാണ്. ചുണ്ട് വിണ്ടുകീറൽ, തൊലി അടർന്നു പോകൽ, ഫംഗസ് തുടങ്ങിയവെല്ലാം ഒഴിവാക്കാൻ വെള്ളരിക്കാ നീര് ഇടയ്ക്കിടെ ചുണ്ടിൽ പുരട്ടി കൊടുക്കാം. രാത്രിയിൽ കിടക്കുന്നതിന് മുമ്പ് ആൽമണ്ട് ക്രീമോ ആൽമണ്ട് ഓയിലോ ചുണ്ടിൽ പുരട്ടാം. ഇതും ചുണ്ട് പൊട്ടുന്നത് തടയും.
റോസ് വാട്ടർ
വരണ്ട ചർമ്മം അകറ്റാൻ ഏറ്റവും മികച്ചതാണ് റോസ് വാട്ടർ. ദിവസവും ചുണ്ടിൽ റോസ് വാട്ടർ പുരട്ടുന്നത് വരൾച്ച അകറ്റാൻ സഹായിക്കും. ഒലീവ് ഓയിലും റോസ് വാട്ടറും ചേർത്ത് പുരട്ടുന്നതാണ് കൂടുതൽ നല്ലത്. ദിവസവും രണ്ട് നേരം പുരട്ടാം. വരണ്ട് പൊട്ടുന്നത് അകറ്റുക മാത്രമല്ല ചുണ്ടിന് നിറം നൽകാനും റോസ് വാട്ടർ സഹായിക്കും.
നെയ്യ്
ചുണ്ടിലെ വരൾച്ച മാറ്റാൻ ഏറ്റവും നല്ലതാണ് നെയ്യ്. ദിവസവും രണ്ടോ മൂന്നോ നേരം നെയ്യ് പുരട്ടാവുന്നതാണ്. രാത്രി ഉറങ്ങുന്നതിന് മുമ്പ് അൽപം വെളിച്ചെണ്ണ ചുണ്ടിൽ പുരട്ടുന്നത് വരണ്ട് പൊട്ടുന്നത് തടയാൻ സഹായിക്കും.
കറ്റാർ വാഴ
ചുണ്ടുകൾക്ക് ആവശ്യമായ ഈർപ്പവും തണുപ്പും നൽകിക്കൊണ്ട് വരൾച്ചയെ ഒഴിവാക്കുന്ന ഒന്നാണ് കറ്റാർ വാഴ ജെൽ. ചുണ്ടിലെ നേർത്ത ചർമ്മ പാളികളെ ബലപ്പെടുത്തുകയും നല്ല നിറം നൽകുകയും ചെയ്യുന്ന പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള ചുണ്ടുകൾ ലഭിക്കാനായി ശൈത്യകാല ദിനങ്ങളിൽ ഉടനീളം കറ്റാർ വാഴ ജെൽ ചുണ്ടിൽ നേരിട്ട് പുരട്ടുന്നത് നല്ലതാണ്.
ധാരാളം വെള്ളം കുടിക്കുക
ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉണ്ടെങ്കിൽ ചുണ്ടുകൾക്കും ആവശ്യത്തിന് ഈർപ്പം ഉറപ്പാക്കാം. ശൈത്യകാലത്ത്, ദാഹം അനുഭവപ്പെടുന്നത് പൊതുവെ കുറവായിരിക്കാം, എന്നിരുന്നാലും ആവശ്യത്തിന് വെള്ളം കുടിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതുണ്ട്.