തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് വൈകിയത് സര്‍ക്കാരിന്റെ വീഴ്ചയല്ലെന്ന് മന്ത്രി കെ രാജന്‍. വിവാദമാക്കാന്‍ ശ്രമിക്കുന്നത് ഗുണം ചെയ്യില്ലെന്ന് മന്ത്രി പറഞ്ഞു. ദേവസ്വങ്ങള്‍ക്ക് ചെറിയ നീരസമുണ്ടെന്ന് കെ രാജന്‍ പറഞ്ഞു. പൂരത്തിനുണ്ടായ ബുദ്ധിമുട്ടുകള്‍ പരിശോധിക്കും. പക്വതയോടെ ദേവസ്വങ്ങള്‍ സഹകരിച്ചെന്നും കെ രാജന്‍ പറഞ്ഞു.
പൂരം വെടിക്കെട്ട് പ്രതിസന്ധിയില്‍ പ്രകോപനത്തിനിടയാക്കിയത് പൊലീസിന്റെ നിയന്ത്രണമെന്ന് വി എസ് സുനില്‍കുമാര്‍ കുറ്റപ്പെടുത്തിയിരുന്നു. പൊലീസ് ഇടപെടലിനെ തുടര്‍ന്ന് തൃശൂര്‍ പൂരം ഏഴുമണിക്കൂര്‍ നിര്‍ത്തിവച്ചത്. പൊലീസ് അമിതമായി ഇടപെടല്‍ നടത്തുന്നുവെന്ന് ആരോപിച്ചാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ പൂരം മണിക്കൂറുകളോളം നിര്‍ത്തിവച്ചത്. ഇതോടെ അതിരാവിലെ മൂന്ന് മണിക്ക് നടക്കേണ്ട പ്രധാന വെടിക്കെട്ട് നടന്നത് നാല് മണിക്കൂറോളം വൈകി.
രാവിലെ 7.10ന് പാറമേക്കാവിന്റെ വെടിക്കെട്ട് നടന്നു. പിന്നാലെയാണ് തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് നടന്നത്. പകല്‍ സമയത്ത് വെടിക്കെട്ട് നടന്നതിനാല്‍ വെടിക്കെട്ടിന്റെ ദൃശ്യഭംഗി നഷ്ടമായെന്ന പരാതിയാണ് പൂരപ്രേമികളുടെ ഭാഗത്ത് നിന്നുമുയരുന്നത്. വെള്ളിയാഴ്ച രാത്രിയില്‍ നടന്ന തിരുവമ്പാടി ദേവസ്വത്തിന്റെ മഠത്തില്‍ വരവ് എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടാണ് പൊലീസ് ഇടപെല്‍ ഉണ്ടായതും തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ പൂരനഗരയില്‍ അരങ്ങേറിയതും.