ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനു ശേഷം, സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കവേ, ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറും ആര്‍ജെഡി നേതാവ് തേജസ്വി യാദവും ഒരേ വിമാനത്തില്‍ ഡല്‍ഹിയിലേക്ക്. നിതീഷ് കുമാറിന്റെ പിന്തുണയ്ക്കായി ബിജെപിയും ഇന്ത്യ സഖ്യവും ശ്രമം നടത്തുന്നതിനിടെയാണ്, അദ്ദേഹം തേജസ്വിക്കൊപ്പം വിമാന യാത്ര നടത്തുന്ന ദൃശ്യം പുറത്തുവന്നത്.
കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് നേടാനാകാത്ത ബിജെപിയും കേവലഭൂരിപക്ഷത്തിന് 38 സീറ്റ് കുറവുള്ള ഇന്ത്യാ സഖ്യവും ജെഡിയു, ടിഡിപി പാര്‍ട്ടികളുടെ പിന്തുണ ഉറപ്പിക്കാന്‍ തിരക്കിട്ട നീക്കത്തിലാണ്. ഇതിനിടെയാണ് ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ തേജസ്വിക്കൊപ്പം നിതീഷിന്റെ വിമാന യാത്രയെന്നത് ശ്രദ്ധേയം.
നിതീഷ് കുമാറിനെ ഇന്ത്യാ സഖ്യത്തിലേക്ക് തിരിച്ചെത്തിക്കാന്‍ ശരദ് പവാറടക്കമുള്ള നേതാക്കള്‍ ശ്രമിച്ചുവെന്ന് നേരത്തെ മുതല്‍ അഭ്യൂഹമുയര്‍ന്നിരുന്നു. അതേസമയം, ജെഡിയു ബിജെപിക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് നിതീഷ് കുമാറിന്റെ അടുത്ത അനുയായി കെ.സി. ത്യാഗി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.