CMDRF

മുല്ലപ്പെരിയാറിന് നൽകുന്ന മുന്നറിയിപ്പോ തുംഗഭദ്ര?

മുല്ലപ്പെരിയാറിന് നൽകുന്ന മുന്നറിയിപ്പോ തുംഗഭദ്ര?
മുല്ലപ്പെരിയാറിന് നൽകുന്ന മുന്നറിയിപ്പോ തുംഗഭദ്ര?

മുല്ലപ്പെരിയാര്‍ ഡാമിന്റെ ആശങ്കയിൽ കഴിയുന്ന കേരളത്തിന്റെ മുന്നിൽ ഇടിത്തീ വീണപോലെയാണ് തുംഗഭദ്ര ഡാമിന്റെ ഷട്ടര്‍ തകർച്ച. കര്‍ണാടക കൊപ്പല്‍ ജില്ലയിലെ തും​ഗഭദ്ര അണക്കെട്ടിൻറെ ഒരു ഷട്ടറാണ് നിലവിൽ തകർന്നത്. പൊട്ടിയ 19–ാം ഗേറ്റിലൂടെ 35,000 ക്യുസെക്സ് വെള്ളം പുറത്തേക്കൊഴുകി. അണക്കെട്ടിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 33 ഗേറ്റുകളും തുറക്കേണ്ടതായി വന്നു. ഒരു ലക്ഷം ക്യുസെക്സ് വെള്ളമാണ് ഇതുവരെ ഡാമിൽ നിന്നൊഴുകിയത്. കൊപ്പൽ, വിജയനഗര, ബെല്ലാരി, റായിപ്പൂർ ജില്ലകളിൽ അതീവജാഗ്രത നിർദേശമുണ്ട്. കർണാടകയിലെ ഡാമിന്റെ ഷട്ടറുകളെ ബാധിച്ച തകർച്ച കേരളത്തിനു ഒരു ദുഃസൂചനയായോ മുന്നറിയിപ്പായോ കരുതാം. കേരളത്തിന്റെ ജലബോംബായ മുല്ലപ്പെരിയാർ ഡാമിന്റെയും തുംഗഭദ്ര ഡാമിന്റെയും സമാനതകൾ തന്നെയാണ് അങ്ങനെ പറയാനുള്ള കാരണവും.

തുംഗഭദ്ര അണക്കെട്ട്

പമ്പാ സാഗർ എന്നറിയപ്പെടുന്ന തുംഗഭദ്ര അണക്കെട്ട് കർണാടകയിലെ ഹൊസപേട്ട – കൊപ്പൽ സംഗമസ്ഥാനത്ത് തുംഗഭദ്ര നദിക്ക് കുറുകെയാണ് നിർമിച്ചിരിക്കുന്നത്. ജലസേചനം, വൈദ്യുതോൽപ്പാദനം, വെള്ളപ്പൊക്ക നിയന്ത്രണം തുടങ്ങി കർണാടക, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ ആശ്രയിക്കുന്ന ഡാം നിർമിച്ചത് 1949ലാണ്. അതായത് മുല്ലപെരിയാർ ഡാമിന്റെയും നിർമാണത്തിന് വർഷങ്ങൾക്കിപ്പുറം (1887-1895). മുല്ലപെരിയാർ കഴിഞ്ഞാലുള്ള ഏറ്റവും വലിയ സുർക്കി അണക്കെട്ടാണ് തുംഗഭദ്ര അണക്കെട്ട്.പശ്ചിമഘട്ടത്തിൽനിന്ന് ഉത്ഭവിക്കുന്ന തുംഗ, ഭദ്ര നദികളിൽനിന്നാണ് തുംഗഭദ്ര എന്ന പേര് ലഭിച്ചത്. കർണാടകയിലൂടെ 382 കിലോമീറ്റർ ഈ നദികൾ ഒഴുകുന്നുണ്ട്. നദികൾ ആന്ധ്രയിൽ എത്തുമ്പോൾ ഒന്നിച്ചു ചേരും.

ശർക്കരയും കരിമ്പിൻ നീരും മുട്ടവെള്ളയും ചേർത്ത് തയ്യാറാക്കിയ സുർക്കി ചാന്തിൽ കരിങ്കല്ലിൽ കെട്ടിയുണ്ടാക്കിയതാണ് മുല്ലപെരിയാറിൻറെ അടിത്തറ. 1950-ൽ ഇന്ത്യൻ ഭരണഘടന റിപ്പബ്ലിക്കായി മാറിയതിനുശേഷം , ഇത് മൈസൂരിൻ്റെയും ഹൈദരാബാദിൻ്റെയും സർക്കാരുകളുടെ സംയുക്ത പദ്ധതിയായി മാറുകയായിരുന്നു. ഹൈദരാബാദിലെ വെപ്പ കൃഷ്ണമൂർത്തിയും പള്ളിമല്ലി പപ്പയ്യയും മദ്രാസിലെ തിരുമല അയ്യങ്കാറുമായിരുന്നു അണക്കെട്ടിൻ്റെ മുഖ്യ ശില്പികൾ.തെലങ്കാനയിലെ മഹബൂബ് നഗറിലെ കോണൂരിൽ നിന്നുള്ള വെങ്കട്ട് റെഡ്ഡി മുലമല്ലയാണ് അണക്കെട്ടിൻ്റെ മുഖ്യ കരാറുകാരൻ.

അണക്കെട്ടിന്റെ നിർമ്മാണം

അണക്കെട്ടിന്റെ നിർമാണ സാഹചര്യങ്ങളിലും മുല്ലപെരിയാറിനോട് സമാനമായ അന്തരീക്ഷം നമുക്ക് കാണാൻ സാധിക്കും.1860- അന്നത്തെ ബെല്ലാരി, അനന്തപൂർ , കർണൂൽ, കടപ്പ എന്നീ ജില്ലകൾ ഉൾപ്പെടുന്ന ക്ഷാമബാധിത പ്രദേശം ബ്രിട്ടീഷുകാരുടെ ശ്രദ്ധ ആകർഷിച്ചു. ക്ഷാമ പ്രദേശങ്ങളിലെ പട്ടിണിയുടെ തീവ്രത കുറയ്ക്കുന്നതിന്റെ ഭാഗമായി എൺപത് വർഷത്തോളം നീണ്ടു നിന്ന ചർച്ചകൾക്കും അന്വേഷണങ്ങൾക്കും ഒടുവിലാണ് തുംഗഭദ്രയിലെ ജല സംഭരണത്തിനായി അണകെട്ട് എന്ന ആശയം ഉയർന്നുവന്നത്. ജലസേചനം നൽകുന്നതിനുള്ള കനാലുകളുടെ സംവിധാനത്തിലൂടെയും, തുംഗഭദ്ര ജലം വിളവെടുക്കുന്നതിനും ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും നിരവധി കരാറുകൾ ഏർപ്പെടുത്തി.

1860-ൽ മദ്രാസ് പ്രസിഡൻസിയിലെ സർ ആർതർ കോട്ടൺ തുംഗഭദ്ര പദ്ധതിക്ക് തുടക്കമിട്ടു. അദ്ദേഹത്തിൻ്റെ നിർദ്ദേശങ്ങൾ പിന്നീട് പരിഷ്കരിക്കുകയും വികസിപ്പിക്കുകയും, 1933-ൽ എൻ.പരമേശ്വരൻ പിള്ള പദ്ധതി പരിഷ്കരിക്കുകയും ചെയ്തു.1940-ൽ മദ്രാസ് പദ്ധതിയുടെ വിശദമായ അന്വേഷണത്തിന്റെ അവസാനം കരാറുകളുടെ അടിസ്ഥാനത്തിൽ, ബെല്ലാരിയിലെ അന്നത്തെ സൂപ്രണ്ടിംഗ് എഞ്ചിനീയർ എൽ. വെങ്കിട്ട കൃഷ്ണയ്യരും, 1942-1947 നും ഇടയിൽ, രാജ്യത്ത് നിന്നുള്ള ചീഫ് എഞ്ചിനീയർ എഫ്.എം. മദ്രാസ് പ്രസിഡൻസിയിൽ നിന്നുള്ള ശ്രീ.പള്ളിമല്ലി പപ്പയ്യയും, എം.എസ്.തിരുമൽ അയ്യങ്കാർ എന്നിവർ ചേർന്ന് പദ്ധതി നിർവഹിച്ചു. പദ്ധതിക്കായി ഏകദേശം 90 ഗ്രാമങ്ങളിലായി 50,000ല്‍ അധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. അണക്കെട്ടിന്റെ ചെലവ് 16.96 കോടി രൂപയായിരുന്നു.

തുംഗഭദ്രയ്ക്കും തർക്കങ്ങൾ

മുല്ലപ്പെരിയാറിനു മുകളിൽ വിലങ്ങുതടിയായി നിൽക്കുന്ന തമിഴ്നാട്-കേരള തർക്കം പോലെ തന്നെ തുംഗഭദ്രയ്ക്കും പറയാനുണ്ട് തർക്കങ്ങളുടെ ചരിത്രം. 1861-ൽ മദ്രാസ് സർക്കാർ കുർനൂൽ-കടപ്പ കനാൽ (കെസി കനാൽ) നിർദ്ദേശിച്ചതോടെയാണ് തുംഗഭദ്രയുടെ ജലം പങ്കിടുന്നത് സംബന്ധിച്ച തർക്കങ്ങൾക്ക് തുടക്കമായത്. കനാൽ നിർമാണം സംബന്ധിച്ച് കരാർ ഉണ്ടായിട്ടും തുംഗഭദ്ര ജലം പങ്കിടുന്നത് സംബന്ധിച്ച് മൈസൂർ, മദ്രാസ് സർക്കാരുകൾ തമ്മിൽ പൊതുധാരണയുണ്ടായിരുന്നില്ല. ഇതോടെ 1930-ൽ മദ്രാസ് സർക്കാർ തുംഗഭദ്രയിൽ ഒരു സംയുക്ത പദ്ധതി നിർദ്ദേശിച്ചു.

തുടർന്ന്, മദ്രാസ്, മൈസൂർ, ഹൈദരാബാദ്, ബോംബെ സർക്കാരുകൾ തമ്മിൽ നിരവധി സമ്മേളനങ്ങൾ നടന്നെങ്കിലും എല്ലാം അനിശ്ചിതത്വത്തിലായി. 1936-ൽ, മദ്രാസും മൈസൂർ സർക്കാരുകൾ തമ്മിലും 1938-ൽ മദ്രാസും ഹൈദരാബാദും തമ്മിലും കരാറുണ്ടായി. എന്നാൽ, മദ്രാസും ഹൈദരാബാദും തമ്മിലുള്ള കരാറിലെ ചില അസ്വാരസ്യങ്ങൾ അത് നടപ്പിലാക്കുന്നതിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. പിന്നീട് 1944 ജൂൺ 26-ന് മദ്രാസിലെയും ഹൈദരാബാദിലെയും ഗവൺമെൻ്റുകൾ തമ്മിൽ നടന്ന ഒരു സമ്മേളനത്തിലാണ് ജലവിതരണവും പദ്ധതി സംയുക്തമായി ഏറ്റെടുക്കുന്നതും ചെലവ് ഇരു സംസ്ഥാനങ്ങളും തുല്യമായി പങ്കിടുന്നതും സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയത്.

കാലപ്പഴക്കം തുംഗഭദ്ര അണക്കെട്ടിന്റെ ഷട്ടറുകളെ ബലഹീനമാക്കിയപ്പോൾ കർണാടകയിലെ 4 ജില്ലകൾ ആശങ്കപ്പെടുമ്പോൾ ഇതിലും വലിയ ദുരന്ത സാഹചര്യമാണ് കേരളം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തിപ്രാപിക്കുമ്പോൾ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അരുതാത്തതിനെക്കുറിച്ചുള്ള ആശങ്ക ഏറുകയാണ്. ഇതിനൊക്കെയിടയിലും മുല്ലപരിയാര്‍ ഡാം അടിയന്തരമായി ഡീകമ്മിഷന്‍ ചെയ്യണമെന്ന ആവശ്യത്തോട് അധികാരികൾ ഇപ്പോഴും മുഖം തിരിക്കുകയാണ്. സംസ്ഥാനത്തെ അഞ്ചു ജില്ലകൾ പൂർണമായും തുടച്ചു മാറ്റാൻ ശേഷിയുള്ള, കേരളത്തിന്റെ ഘടനയെത്തന്നെ മാറ്റിമറിക്കാൻ പോന്ന ദുരന്തത്തോട് ഇത്തരമൊരു നിസ്സംഗ മനോഭാവം കേരളം പുലർത്തുന്നത് എന്തിനുവേണ്ടിയാണ്? ആർക്കുവേണ്ടിയാണ്?

Top