‘ടര്‍ബോ’ സിനിമയ്ക്ക് യൂട്യൂബറുടെ റിവ്യൂനെതിരെ നടപടിയുമായി മമ്മൂട്ടി കമ്പനി. റിവ്യൂവിന്റെ തമ്പ്‌നെയ്ലില്‍ ‘ടര്‍ബോ’ സിനിമയുടെ ഔദ്യോഗിക പോസ്റ്ററായിരുന്നു ഉപയോഗിച്ചത്. ഇതിന് കോപ്പിറൈറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് മമ്മൂട്ടി കമ്പനി രംഗത്തെത്തിയത്. തുടര്‍ന്ന് വീഡിയോ യൂട്യൂബില്‍ നിന്നും നീക്കം ചെയ്തു. തുടര്‍ന്ന് തമ്പ്‌നെയ്ല്‍ മാറ്റിയ ശേഷം വീഡിയോ പബ്ലിഷ് ചെയ്യുകയായിരുന്നു. നെഗറ്റീവ് റിവ്യൂവാണ് ടര്‍ബോയ്ക്ക് റിവ്യൂവര്‍ നല്‍കിയിരുന്നത്. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടുന്ന സിനിമയ്ക്കെതിരെ റിവ്യൂവര്‍ മോശം പ്രതികരണം നടത്തിയെന്ന് ആരോപിച്ച് നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. നെഗറ്റീവ് റിവ്യൂ ചെയ്തതിനാലാണ് മമ്മൂട്ടി കമ്പനി നടപടിയുമായി രംഗത്ത് വന്നത് എന്ന ആരോപണവുമുണ്ട്.
ഇതേ റിവ്യൂവര്‍ക്കെതിരെ നിര്‍മാതാവ് സിയാദ് കോക്കര്‍ പരാതിയുമായി നേരത്തെ രംഗത്ത് വന്നിരുന്നു. ‘മാരിവില്ലിന്‍ ഗോപുരങ്ങള്‍’ എന്ന സിനിമയ്ക്ക് റിവ്യൂവര്‍ മോശം റിവ്യൂ നല്‍കിയെന്ന് ആരോപിച്ചായിരുന്നു സിയാദ് കോക്കര്‍ പരാതി നല്‍കിയത്. അതേസമയം ടര്‍ബോ തിയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ആദ്യ ദിനം 17.3 കോടിയാണ് ടര്‍ബോ സ്വന്തമാക്കിയത്. നിര്‍മാതാക്കളായ മമ്മൂട്ടി കമ്പനിയാണ് കളക്ഷന്‍ പുറത്തുവിട്ടത്. മമ്മൂട്ടി കമ്പനിയുടെ നിര്‍മ്മാണത്തിലൊരുങ്ങുന്ന അഞ്ചാമത്തെ ചിത്രമാണ് ടര്‍ബോ.