യൂറോകപ്പില്‍ ഓസ്ട്രിയയെ മറികടന്ന് തുര്‍ക്കി

യൂറോകപ്പില്‍ ഓസ്ട്രിയയെ മറികടന്ന് തുര്‍ക്കി

മ്യൂണിച്ച്: യൂറോകപ്പില്‍ ഓസ്ട്രിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് മറികടന്ന് തുര്‍ക്കി പ്രീ ക്വര്‍ട്ടറും കടന്ന് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നു. പ്രതിരോധ താരം മെറീഹ് ഡെമിറലിന്റെ മികവിലാണ് യുവ തുര്‍ക്കികള്‍ വിജയിച്ചു കയറിയത്. തുര്‍ക്കിയുടെ രണ്ടു ഗോളുകളും നേടിയത് ഡെമിറലാണ്. ഓസ്ട്രിയക്കായി മൈക്കല്‍ ഗ്രിഗോറിഷ് ഒരു ഗോള്‍ നേടി. കളി തുടങ്ങി 58ാം സെക്കന്‍ഡില്‍ തന്നെ ഡെമിറലിന്റെ ഗോളിലൂടെ തുര്‍ക്കി ലീഡെടുത്തു. തുര്‍ക്കിക്ക് അനുകൂലമായി ലഭിച്ച കോര്‍ണറാണ് ഗോളിനു വഴിയൊരുക്കിയത്. കോര്‍ണറില്‍ നിന്ന് ഉയര്‍ന്നുവന്ന പന്ത് പോസ്റ്റിന് മുന്നില്‍ ഓസ്ട്രിയന്‍ താരങ്ങള്‍ ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വന്നു വീണത് ഡെമിറലിന്റെ മുന്നില്‍. ക്ലോസ് റേഞ്ചില്‍ നിന്നുള്ള താരത്തിന്റെ ഷോട്ട് വലയില്‍.

അപ്രതീക്ഷിത ഗോള്‍ വഴങ്ങിയതോടെ ഓസ്ട്രിയന്‍ താരങ്ങള്‍ ഉണര്‍ന്നു കളിച്ചു. തൊട്ടുപിന്നാലെ ഓസ്ട്രിയ ഗോളിനടുത്തെത്തി. ആദ്യ പകുതിയില്‍ ഇരു ടീമുകളും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെടുത്തെങ്കിലും ഗോളിലേക്ക് കടക്കാനായില്ല. രണ്ടാം പകുതിയില്‍ ഓസ്ട്രിയന്‍ മുന്നേറ്റം മികച്ചുനിന്നു. തുടക്കത്തില്‍ തന്നെ സമനിലഗോളിനായി നിരവധി ഷോട്ടുകളുമുതിര്‍ത്തു. എന്നാല്‍ തുര്‍ക്കി ഗോളിയുടെ മികച്ച സേവുകളാണ് ടീമിന്റെ രക്ഷക്കെത്തിയത്. അതിനിടയില്‍ തുര്‍ക്കി രണ്ടാം ഗോള്‍ കണ്ടെത്തിയതോടെ ഓസ്ട്രിയ പ്രതിരോധത്തിലായി. ഇത്തവണയും മെറിഹ് ഡെമിറലാണ് ലക്ഷ്യം കണ്ടത്. കോര്‍ണറില്‍ നിന്ന് മികച്ച ഹെഡറിലൂടെയാണ് താരം ഗോളടിച്ചത്. തിരിച്ചടിക്കാന്‍ നിര നിരയായി ആക്രമണങ്ങള്‍ നടത്തിയ ഓസ്ട്രിയ ഒടുവില്‍ ലക്ഷ്യം കാണുകയായിരുന്നു. 66-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. പകരക്കാരനായെത്തിയ മൈക്കല്‍ ഗ്രഗറിറ്റ്സാണ് വലകുലുക്കിയത്. കോര്‍ണറില്‍ നിന്ന് സ്റ്റീഫന്‍ പോഷിന്റെ ഹെഡറില്‍ നിന്ന് കിട്ടിയ പന്ത് ഗ്രഗറിറ്റ്സ് വലയിലാക്കി. സമനില ഗോളിനായി ഓസ്ട്രിയ വീണ്ടും മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും തുര്‍ക്കി ഗോള്‍ കീപ്പര്‍ രക്ഷകനായി.

Top