കണ്ണൂർ, വടകര, കാസർഗോഡ് ലോക്‌സഭ മണ്ഡലങ്ങൾ ഇടതുപക്ഷം തിരിച്ചു പിടിക്കുമെന്ന് ടി.വി രാജേഷ്

കണ്ണൂർ, വടകര, കാസർഗോഡ് ലോക്‌സഭ മണ്ഡലങ്ങൾ ഇടതുപക്ഷം തിരിച്ചു പിടിക്കുമെന്ന് ടി.വി രാജേഷ്
കണ്ണൂർ, വടകര, കാസർഗോഡ് ലോക്‌സഭ മണ്ഡലങ്ങൾ ഇടതുപക്ഷം തിരിച്ചു പിടിക്കുമെന്ന് ടി.വി രാജേഷ്

ലബാറിലെ ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച് സി.പി.എമ്മിന്റെ ഉരുക്കു കോട്ടയാണ് കണ്ണൂര്‍ ജില്ല. കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിനു പുറമെ, കാസര്‍ഗോഡ്, വടകര ലോക്‌സഭ മണ്ഡലങ്ങളില്‍പ്പെട്ട ചില നിയമസഭാ മണ്ഡലങ്ങളും കണ്ണൂര്‍ ജില്ലയില്‍ ഉള്‍പ്പെട്ടതാണ്.

ഇത്തവണ കണ്ണൂര്‍ ജില്ലയില്‍ തിരഞ്ഞെടുപ്പു ചുമതലകള്‍ ഏകോപിപ്പിക്കുന്നതില്‍ പ്രധാന പങ്കാണ്, സി.പി.എം ജില്ലാ സെക്രട്ടറിയുടെ ചുമതലകൂടി വഹിക്കുന്ന മുന്‍ എം.എല്‍.എ ടി.വി രാജേഷിന് ഉള്ളത്. ഉറപ്പായും മൂന്ന് ലോക്‌സഭ സീറ്റുകളും ഇടതുപക്ഷം തിരിച്ചു പിടിക്കുമെന്ന വലിയ ആത്മവിശ്വാസമാണ് രാജേഷിനുള്ളത്. ആര്‍.എസ്.എസ് ശാഖയ്ക്ക് കാവല്‍ നിന്നെന്നു അവകാശപ്പെടുന്ന കെ സുധാകരനെതിരെ ഇത്തവണ ജനങ്ങള്‍ വോട്ട് ചെയ്യുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

എക്‌സ്പ്രസ്സ് കേരളയ്ക്ക് നല്‍കിയ അഭിമുഖം കാണുക

കണ്ണൂര്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വിജയസാധ്യത എത്രത്തോളമാണ്?

ഇത്തവണ കണ്ണൂര്‍ സീറ്റ് ഞങ്ങള്‍ തിരിച്ചു പിടിക്കും. കഴിഞ്ഞ തവണ ഒരു പ്രത്യേക സാഹചര്യത്തിലാണ് കണ്ണൂര്‍ സീറ്റ് നഷ്ടമായത്. ഇത്തവണ പൊതുവില്‍ സാഹചര്യം അനുകൂലമാണ്. ഏറ്റവും പ്രധാനപ്പെട്ട ഘടകം ദേശീയ തലത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ പ്രത്യേകിച്ചും പാര്‍ലമെന്റില്‍ യുഡിഎഫ് സ്വീകരിച്ച നിഷ്‌ക്രിയമായ നിലപാടുകളാണ്. അത് പൗരത്വനിയമഭേദഗതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജനങ്ങള്‍ക്ക് ബോധ്യമായി കഴിഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധം കേരള അതിര്‍ത്തിയായ തലപ്പാടി മുതല്‍ തമിഴ്‌നാട് അതിര്‍ത്തിയായ കേരളത്തിന്റെ തെക്കേയറ്റമായ കളിയിക്കാവിള വരെ മാത്രമേ ഉള്ളൂ. കേരളത്തിന് പുറത്ത് അവര്‍ ഒരു പ്രതിഷേധവും രേഖപ്പെടുത്താന്‍ തയ്യാറായിട്ടില്ല. മാത്രമല്ല രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്നപ്പോള്‍ അവര്‍ നടത്തിയ റാലിയില്‍ സ്വന്തം പാര്‍ട്ടിയുടെ കൊടി പോലും പിടിക്കാന്‍ കഴിഞ്ഞില്ല. ആ കൊടി അവര്‍ ഉപേക്ഷിക്കുകയാണ് ചെയ്തത്. അതിന്റെ അര്‍ത്ഥം ബിജെപിയെ അവര്‍ അത്രമാത്രം ഭയപ്പെടുന്നു എന്നുള്ളതാണ്. പാര്‍ലമെന്റില്‍ 54 എംപിമാര്‍ ഉണ്ടായിരുന്നു കോണ്‍ഗ്രസില്‍. ഭരണഘടന ദുര്‍ബലപ്പെടുത്തുന്ന നിരവധി നിയമനിര്‍മാണങ്ങള്‍, നമ്മുടെ രാജ്യത്തിന്റെ നിലനില്‍പ്പിന് മാരകമായ ആഘാതം ഏല്‍പ്പിക്കുന്ന നിയമനിര്‍മ്മാണങ്ങള്‍, രാജ്യത്തിന് മതേതര ഘടനയെ തന്നെ മാറ്റിമറിക്കുന്ന നിയമനിര്‍മാണങ്ങള്‍, അത്തരം കാര്യങ്ങളില്‍ കോണ്‍ഗ്രസ് എടുത്തത് വഞ്ചനാപരമായ നിലപാടാണ്. അതുകൊണ്ട് 2019 ല്‍ കോണ്‍ഗ്രസിന് അനുകൂലമായുണ്ടായ തരംഗം ഒരു കാരണവശാലും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഉണ്ടാകാന്‍ പോകുന്നില്ല.

കണ്ണൂരിനെ സംബന്ധിച്ചിടത്തോളം കണ്ണൂര്‍ എംപി കെപിസിസി പ്രസിഡണ്ട് കൂടിയായിരുന്നു. അദ്ദേഹം പാര്‍ലിമെന്റില്‍ ഈ വിഷയങ്ങളിലൊന്നും ഇടപെട്ടിട്ടില്ല. മുത്തലാഖ് ബില്ല് വന്നപ്പോള്‍ അതിനെതിരെ സംസാരിച്ചില്ലെന്നു മാത്രമല്ല മറ്റു കോണ്‍ഗ്രസ് എംപിമാരെ പോലെ വിവേചനപരമായി ഈ നിലപാടിനെ പിന്തുണയ്ക്കുന്ന നിലപാട് അദ്ദേഹം സ്വീകരിച്ചു. പൊതുവില്‍ ഭരണഘടന വിരുദ്ധമായ നിയമനിര്‍മാണങ്ങളില്‍ എല്ലാം കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടുകള്‍ നിലപാട് തന്നെയാണ് കണ്ണൂര്‍ എംപി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ അദ്ദേഹത്തെ ജയിപ്പിക്കാന്‍ ശ്രമിച്ചവരെല്ലാം തീര്‍ച്ചയായും ഇത്തവണ അദ്ദേഹത്തെ എതിര്‍ക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. മറ്റൊരു പ്രധാന വിഷയം കണ്ണൂര്‍ എംപി കഴിഞ്ഞ അഞ്ചുവര്‍ഷം എംപി ഫണ്ട് വിനിയോഗത്തില്‍ കേരളത്തില്‍ ഏറ്റവും പുറകിലാണ്. ഇവിടുത്തെ പ്രധാനപ്പെട്ട ഒരു വിഷയങ്ങളിലും അദ്ദേഹം ഇടപെട്ടിട്ടില്ല. ഈ അഞ്ചുവര്‍ഷം ഈ മണ്ഡലത്തില്‍ ശ്രദ്ധേയമായി എന്തെങ്കിലും ഒരു വികസന പദ്ധതി കേന്ദ്രപദ്ധതി എംപി മുന്‍കൈയെടുത്ത് ഇവിടെ കൊണ്ടുവന്നിട്ടില്ല. തീരദേശത്തെ ഏറ്റവും വലിയ പ്രശ്‌നം തീരദേശ നിയമവുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങളാണ്. ഒരിക്കലും ജനങ്ങളുടെ പ്രയാസങ്ങള്‍ വിഷമങ്ങള്‍ പാര്‍ലിമെന്റില്‍ കൊണ്ടുവരാനും അത് പരിഹരിക്കാനും അദ്ദേഹം ശ്രമം നടത്തിയിട്ടില്ല. ഈ മണ്ഡലത്തില്‍ പേരാവൂര്‍ മേഖലയില്‍ വന്യമൃഗശല്യം രൂക്ഷമാണ്. ആ വിഷയത്തില്‍ അദ്ദേഹം ഇടപെട്ടിട്ടില്ല. എംപിയുടെ സാന്നിധ്യം ഈ മണ്ഡലത്തില്‍ ഉണ്ടായിട്ടില്ല. ഒരൊറ്റ പദ്ധതിപോലും അദ്ദേഹത്തിന്റേതായി ഈ മണ്ഡലത്തില്‍ ചൂണ്ടിക്കാണിക്കാന്‍ സാധിക്കില്ല.

ശ്രീമതി ടീച്ചര്‍ എംപിയായിരുന്നപ്പോള്‍ സെന്റര്‍ റോഡ് ഫണ്ടിന് 400 കോടി രൂപ ജില്ലയില്‍ കൊണ്ടുവന്നിരുന്നു. ഇദ്ദേഹത്തിന് ഒന്നും ചൂണ്ടിക്കാണിക്കാനില്ല. മാത്രമല്ല അന്ന് പുഴകളെ കേന്ദ്രീകരിച്ചുകൊണ്ട് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പ്രൊജക്റ്റ്, അത് കേരളത്തിലെ പ്രത്യേകിച്ചും ടൂറിസം രംഗത്ത് വലിയൊരു കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നതായിരുന്നു, ശ്രീമതി ടീച്ചര്‍ മുന്‍കൈയെടുത്ത് ജില്ലയിലെ മണ്ഡലത്തില്‍ ഏതാണ്ട് തൊണ്ണൂറ് കോടി രൂപയിലധികം ചിലവഴിച്ച് പദ്ധതി കൊണ്ടുന്നുവന്നിരുന്നു. ഇത്തരത്തിലുള്ള ഒരു കാര്യവും ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. കണ്ണൂരിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു ബിഗ് സീറോ ആണ്. അതുകൊണ്ട് തന്നെ സ്വന്തം പാര്‍ട്ടിക്കകത്തും മുന്നണിക്കകത്തും അദ്ദേഹത്തോട് ഒരു മതിപ്പും ഇല്ല. നമുക്കാവശ്യം ഗസ്റ്റ് അപ്പിയറന്‍സില്‍ വരുന്ന ഒരു എംപിയെ അല്ല. ഏതു പ്രതിസന്ധിയിലും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന അതോടൊപ്പം തന്നെ ജനങ്ങളുടെ പ്രയാസങ്ങള്‍ പരമാവധി ദൂരീകരിക്കാന്‍ ഭരണകൂടത്തിന് മുന്നില്‍ അതുപോലെതന്നെ പാര്‍ലമെന്റിന് മുന്നില്‍ വിഷയങ്ങള്‍ അവതരിപ്പിച്ച് പരിഹാരം കാണാന്‍ ശ്രമിക്കുന്ന ചടുലമായി ഇടപെടുന്ന എംപിയെയാണ് ആവശ്യം. തീര്‍ച്ചയായിട്ടും അഞ്ചുവര്‍ഷം കണ്ണൂരിനെ സംബന്ധിച്ച് വലിയ നഷ്ടമാണ്. എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നുള്ളതാണ് കണ്ണൂര്‍ എംപി ചെയ്ത കാര്യം. നാഷണല്‍ ഹൈവേ നാലര പതിറ്റാണ്ടായി ചര്‍ച്ചചെയ്യുന്ന കാര്യമാണ്. ശാപമോക്ഷമുണ്ടായത് പിണറായി സര്‍ക്കാര്‍ വന്നതിനുശേഷമാണ്. ആളുകളെ തെറ്റിദ്ധരിപ്പിച്ച് സമരംഗത്തിറക്കി ആ നാഷണല്‍ ഹൈവേ പദ്ധതിക്ക് തുരങ്കം വെക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചയാളാണ് കണ്ണൂര്‍ എംപി. കണ്ണൂരില്‍ ഇത്തരത്തിലുള്ള എല്ലാ സാഹചര്യങ്ങളും മുന്‍നിര്‍ത്തിക്കൊണ്ടാണ് ഞങ്ങള്‍ പറയുന്നത് ഇത്തവണ കണ്ണൂരില്‍ എല്‍ഡിഎഫ് വിജയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

കണ്ണൂരില്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്ന വിഷയം എന്തൊക്കെ ആയിരിക്കും ?

പൗരത്വനിയമ ഭേദഗതി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കണ്ണൂര്‍ എംപിയും കോണ്‍ഗ്രസും നടത്തിയ ഒളിച്ചുകളി. കാരണം അവര്‍ പ്രതിഷേധിക്കുന്നില്ല. കശ്മീര്‍ വിഷയത്തില്‍ എവിടെയെങ്കിലും കോണ്‍ഗ്രസ് പ്രതിഷേധിച്ചിട്ടുണ്ടോ ? തങ്ങളുടെ വരുതിയില്‍ നില്‍ക്കാത്ത ചൊല്‍പ്പടിക്ക് വഴങ്ങാത്ത ഏതൊരു സംസ്ഥാനത്തിനും ഈ ഗതി വരുമെന്ന മുന്നറിയിപ്പാണ് മോദി നല്‍കിയത്. അതിനെതിരെ ശക്തമായി പ്രതികരിക്കേണ്ട കോണ്‍ഗ്രസ് എവിടെയെങ്കിലും പ്രതികരിച്ച് നമ്മള്‍ കണ്ടോ? നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ സംവിധാനത്തില്‍ നിലനില്‍ക്കുന്ന ഭരണഘടനയെ ദുര്‍ബലമാക്കുന്ന കാര്യത്തില്‍ ബിജെപി ഗവണ്‍മെന്റ് തുടര്‍ച്ചയായ സമീപനങ്ങള്‍ സ്വീകരിച്ചപ്പോള്‍ അവിടെയൊക്കെ സഹകരിച്ച കോണ്‍ഗ്രസ് നിലപാട് തീര്‍ച്ചയായിട്ടും കണ്ണൂരില്‍ പ്രതിഫലിക്കും. മറ്റൊരു കാര്യം കണ്ണൂര്‍ എംപി, അദ്ദേഹത്തിന് വിചിത്രകരമാണ്. അദ്ദേഹം ആര്‍എസ്എസ് ശാഖക്ക് സംരക്ഷണം കൊടുത്തതില്‍ മേനി പറയുന്ന ആളാണ്. മാത്രമല്ല, എനിക്ക് തോന്നിയാല്‍ ഞാന്‍ ആര്‍എസ്എസില്‍ പോകുമെന്ന് പരസ്യമായി പ്രഖ്യാപിച്ചയാളാണ് അദ്ദേഹം. അത്തരം ഒരാളെ കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആക്കി വെക്കേണ്ട ഗതികേടാണ് രാഹുല്‍ഗാന്ധിക്ക്. ഇത്തരമൊരാളെ കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി നിലനിര്‍ത്തുക എന്ന് പറഞ്ഞാല്‍ കോണ്‍ഗ്രസ് എത്തിപ്പെട്ടിരിക്കുന്ന പാപരത്തം ആലോചിച്ചുനോക്കൂ ? ഇതെല്ലാം ഈ മണ്ഡലത്തില്‍ ചര്‍ച്ച ചെയ്യാന്‍ പോവുകയാണ്. എംപിയുടെ സാന്നിധ്യം അനുഭവപ്പെടാത്ത മണ്ഡലമാണ് ഇത്. അഞ്ചുവര്‍ഷത്തെ വികസന നേട്ടത്തെക്കുറിച്ച് കുറിച്ച് ജനങ്ങളുടെ മുന്നില്‍ നേട്ടങ്ങളുടെ ഒരു പത്രികയിറക്കാന്‍ കണ്ണൂര്‍ എംപിക്ക് കഴിയുമോ? അതാണ് ഞങ്ങളുടെ ചോദ്യം. ഈ ചോദ്യം ജനങ്ങളെ ഏറ്റെടുത്തുകഴിഞ്ഞു. തീര്‍ച്ചയായിട്ടും തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് നല്ലൊരു മുന്നേറ്റം ഉണ്ടാകും

കെ സുധാകരനില്‍ നിന്നും എം വി ജയരാജനെ വ്യത്യസ്തനാക്കുന്നത് എന്താണ് ?

എം വി ജയരാജന്‍ സെക്കുലറാണ്. കമ്മ്യൂണിസ്റ്റാണ്. പാര്‍ലിമെന്റില്‍ വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരെ മുഖത്തുനോക്കി സംസാരിക്കാനുള്ള ആര്‍ജവം എംപി ജയരാജനുണ്ട്. സുധാകരനെ സംബന്ധിച്ചിടത്തോളം ആര്‍എസ്എസിനോട് അദ്ദേഹം എപ്പോഴും മമത കാണിക്കുന്ന ആളാണ്. ഗാന്ധി ഘാതകരായ ആര്‍എസ്എസിന്റെ ശാഖയ്ക്ക് കാവല്‍ ഒരുക്കി കൊടുത്തു എന്ന് മേനി പറയുന്ന ഒരാളില്‍ നിന്ന് എന്ത് മതേതരത്വമാണ് നമുക്ക് പ്രതീക്ഷിക്കാന്‍ കഴിയുക. കെ സുധാകരന്‍ കണ്ണൂര്‍ എംഎല്‍എ ആയിരുന്നു, മന്ത്രിയായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എന്തെങ്കിലും ഒരു പദ്ധതി കണ്ണൂര്‍ കൊടുവന്നിട്ടുണ്ടോ ? എം വി ജയരാജന്‍ 10 വര്‍ഷം മികച്ച എംഎല്‍എ ആയിരുന്നു. എല്ലാ നിയമനിര്‍മ്മാണത്തിലും സജീവമായി ഇടപെട്ടയാളാണ് അദ്ദേഹം. ഒരു നിയമസഭാ അംഗം എങ്ങനെയായിരിക്കണം എന്ന് നല്ലൊരു മാതൃക സൃഷ്ടിച്ച ഒരാളാണ് എം വി ജയരാജന്‍. സുധാകരന്റെ പാര്‍ലമെന്റിലെ പെര്‍ഫോമന്‍സും ഡിബേറ്റുമെല്ലാം എടുത്തുനോക്കുമ്പോള്‍ അദ്ദേഹം വളരെ വളരെ പുറകിലാണ്. അദ്ദേഹം പരിപൂര്‍ണ്ണമായി അഞ്ചു വര്‍ഷം നിഷ്‌ക്രിയനായ ഒരു എംപിയായിരുന്നു. ജനങ്ങള്‍ക്ക് വേണ്ടത് വളരെ സീറോ ആയ ഒരു എംപിയെ അല്ല. ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന ഹീറോ ആയ എംപിയെ ആണ്. അത് എംപി ജയരാജനിലൂടെ കണ്ണൂരിലെ ജനങ്ങള്‍ക്ക് ലഭിക്കും എന്നുള്ളതാണ് ഞങ്ങളുടെ ഗ്യാരണ്ടി.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് ഇടതുപക്ഷത്തിന് ഭീഷണി ആകുമോ ?

രാഹുല്‍ ഗാന്ധി ഇന്‍ഡ്യ മുന്നണിയുടെ നേതാവാണ്. ഇവിടെ ബിജെപിക്ക് ഒരു വിദൂരമായ സാധ്യത പോലുമില്ല. അത്തരം ഒരു സാഹചര്യത്തില്‍ അദ്ദേഹം ഒരു കാരണവശാലും ഇവിടെ മത്സരിക്കാന്‍ പാടില്ല. ഇടതുപക്ഷത്തെ തോല്‍പിക്കാനല്ല രാഹുല്‍ ഗാന്ധി ശ്രമിക്കേണ്ടത്. മറിച്ച് ബിജെപിയെ തോല്‍പ്പിക്കാനാണ്. അദ്ദേഹത്തിന് വേറെയും സംസ്ഥാനങ്ങളില്‍ മത്സരിക്കാം, അപ്പോള്‍ ഇവിടെ മത്സരിക്കുന്നതിന്റെ അര്‍ത്ഥം എന്താണ്? അദ്ദേഹത്തിന് സംഘടന ജനറല്‍ സെക്രട്ടറി കോണ്‍ഗ്രസിന്റെ മൂന്നാമന്‍ കെസി വേണുഗോപാല്‍ കഴിഞ്ഞ തവണ ഇടതുപക്ഷം ജയിച്ച ഏക സീറ്റായ ആലപ്പുഴയില്‍ ആരിഫിന് എതിരായിട്ടാണ് മത്സരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ നിലപാട് അപക്വമായ നിലപാടാണ്. ഇത് യഥാര്‍ത്ഥത്തില്‍ ബിജെപി വിരുദ്ധ പോരാട്ടത്തിനെ ശക്തിപ്പെടുത്താനല്ല അതിനെ ദുര്‍ബലപ്പെടുത്താനേ ഉപകരിക്കൂ.

സിപിഎം ഒരു ക്രിമിനല്‍ പാര്‍ട്ടിയാണെന്നാണ് യുഡിഎഫ് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് ?

കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകരെ, നേതാക്കളെ നഷ്ടപ്പെട്ട പാര്‍ട്ടിയാണ് സിപിഐഎം. എല്‍ഡിഎഫിന്റെ കണ്‍വീനര്‍ അഴീക്കോട് രാഘവന്‍ തൃശ്ശൂരില്‍ ചെട്ടിയങ്ങാടിയില്‍ കൊലചെയ്യപ്പെട്ട ആളാണ്. അതിനു സമാനമായി ഒരു നേതാവും കൊലചെയ്യപ്പെട്ടിട്ടില്ല. എല്‍ഡിഎഫിന്റെ സഖാവ് കുഞ്ഞാലി എംഎല്‍എ ആയിരിക്കുമ്പോഴാണ് കോണ്‍ഗ്രസ്സുകാര്‍ വെടിവച്ച് കൊല്ലുന്നത്. ആ കേസില്‍ മുന്‍ മന്ത്രി ഉള്‍പ്പെടെയുള്ള ആളുകള്‍ പ്രതിയായിരുന്നു. ചാവക്കാട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആയപ്പോഴാണ് സഖാവ് വത്സന്‍ കൊലചെയ്യപ്പെടുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു മുന്‍സിപ്പല്‍ ചെയര്‍മാനേ കൊലചെയ്യപ്പെട്ടിട്ടുള്ളൂ. അത് സിപിഎമ്മിന്റെ നേതാവായിരുന്ന വത്സനാണ്. പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന സഖാവ് കുഞ്ഞിക്കണ്ണന്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തെ കൊലപ്പെടുത്തിയത് മുസ്ലിം ലീഗുകാരാണ്. 2011ലെ ഇലക്ഷന്‍ പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ നാദാപുരത്ത് നരിക്കാട്ടേരിയില്‍ ബോബ് സ്‌ഫോടനം ഉണ്ടായി. അഞ്ച് ലീഗ് പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടു. നിരവധി ആളുകള്‍ കയ്യും കാലും നഷ്ടപ്പെട്ട് ജീവച്ഛവങ്ങളായി അവിടെ ഇപ്പോഴും ജീവിക്കുന്നുണ്ട്. ഇതാണ് കോണ്‍ഗ്രസ് ഇതാണ് ലീഗ്. കണ്ണൂരില്‍ ഡിസിസി പ്രസിഡണ്ടായി സുധാകരന്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് ഇന്ത്യ ടുഡേ ലേഖകന്‍ അങ്ങോട്ടേക്ക് ക്ഷണിച്ചു ഡിസിസി ഓഫീസിന്റെ അകത്തെ മുറിയില്‍ കൊണ്ടുപോയി. എന്നിട്ട് മൂന്നു തരത്തിലുള്ള ബോംബ് കാണിച്ചു, ആദ്യത്തെ ബോംബ് ആളെ ഭയപ്പെടുത്താനും പക്ഷേ വലിയ തോതില്‍ പരിക്കേല്‍ക്കില്ല. രണ്ടാമത്തെ ബോംബ് ആള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കും. മൂന്നാമത്തെത് ആളെ ശരിപ്പെടുത്താനുള്ളതാണ്. അക്രമം എന്നത് സിപിഎമ്മിന്റെ ശൈലി അല്ല. ഞങ്ങള്‍ യാതൊരു തിരിച്ചടിക്കും പോയിട്ടില്ല കാരണം സമാധാന അന്തരീക്ഷം ഉണ്ടാക്കാന്‍ മറ്റാരെക്കാള്‍ ഏറ്റവും വലിയ പ്രസ്ഥാനം എന്ന നിലയില്‍ ഞങ്ങളുട ഉത്തരവാദിത്വമാണ്. അക്രമത്തെക്കുറിച്ച് പറയുമ്പോള്‍ കൂടുതല്‍ നഗ്നരാകുന്നത് കേരളത്തിലെ കോണ്‍ഗ്രസ് തന്നെയാണ്. ആരാണ് അക്രമകാരികള്‍ എന്നെല്ലാം ജനങ്ങള്‍ക്ക് നന്നായിട്ടറിയാം. അതുകൊണ്ട് ഇത്തരത്തിലുള്ള സ്ഥിരം വായ്ത്താരികള്‍ ഈ തിരഞ്ഞെടുപ്പില്‍ ഏശാന്‍ പോകുന്നില്ല.

കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ എന്താണ് താങ്കളുടെ അഭിപ്രായം ?

കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായിട്ട് തയ്യാറാക്കിയ ഒരു സിനിമയാണ്. ഇതല്ല കേരളത്തിന്റെ ചരിത്രം. കേരളത്തിന് മഹിമയാര്‍ന്നതും അഭിമാനകാരവുമായ ഒരു മതേതര പാരമ്പര്യമുണ്ട്. അതിനെ തകര്‍ക്കാന്‍ എത്ര സ്റ്റോറി പടച്ചു വിട്ടാലും അതൊന്നും കേരളത്തില്‍ വിലപ്പോവില്ല.

ഇടതുപക്ഷത്തിന് എത്രമാത്രം മതന്യൂനപക്ഷങ്ങളുടെ പിന്തുണയുണ്ട് ?

ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഇടതുപക്ഷത്തിന്റെ പ്രഖ്യാപിതമായ നിലപാടാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കേരളത്തിലെ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ കേരളം വിട്ടാല്‍ കോണ്‍ഗ്രസ് പ്രതികരിക്കുന്നില്ല. കോണ്‍ഗ്രസിന്റെ പ്രകടനപത്രിയില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞത് മുഖ്യമന്ത്രി മുഴുവന്‍ വായിക്കാത്തതുകൊണ്ടാണെന്നാണ്. പത്താം അധ്യായത്തില്‍ ഇതിനെ സംബന്ധിച്ച് പറയുന്നുണ്ടെന്നാണ് പറയുന്നത്. ഞങ്ങള്‍ വായിച്ചു നോക്കി. മൈക്രോസ്‌കോപ്പ് വച്ചുനോക്കിയാലും പ്രകടനപത്രികയില്‍ പൗരത്വനിയമഭേദഗതിയെ കുറിച്ച് പറയുന്നില്ല. കോണ്‍ഗ്രസ് എന്തിനാണ് ഭയപ്പെടുന്നത്. കേരളത്തിലേ കോണ്‍ഗ്രസ് കുറച്ചൊക്കെ മതേതരത്വം പറയുന്നുള്ളൂ. കേരളം വിട്ടാല്‍ കോണ്‍ഗ്രസിന്റെ അവസ്ഥ എന്താണെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയില്ലേ? മറ്റൊരു ഹിന്ദുപാര്‍ട്ടി ആകാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് കോണ്‍ഗ്രസ്സായി നിന്നെങ്കിലേ ഒരു ഉയര്‍ത്തെഴുനേല്‍പ്പ് ഉണ്ടാകൂ. കോണ്‍ഗ്രസ് ബിജെപി ആകാന്‍ പോയാല്‍ അതൊരു ഡ്യൂപ്ലിക്കേറ്റ് ബിജെപി ആവും. കോണ്‍ഗ്രസ് നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുണ്ടോ ഇതാണ് പ്രധാനപ്പെട്ട ചോദ്യം. ആ ചോദ്യത്തെ കോണ്‍ഗ്രസ് എങ്ങനെ സമീപിക്കുന്നു എന്ന അടിസ്ഥാനപ്പെടുത്തിയാണ് കോണ്‍ഗ്രസിന്റെ ഭാവി നിലനില്‍ക്കുന്നത്.

കോണ്‍ഗ്രസ് ഇപ്പോഴും മതേതരത്വത്തില്‍ അടിയുറച്ച് നില്‍ക്കുന്നില്ല. പാര്‍ലിമെന്റില്‍ തന്നെ മുഖത്തുനോക്കി ശക്തമായി വിമര്‍ശിക്കാന്‍ തയ്യാറായ ഈ വര്‍ഗീയ അജണ്ടക്കെതിരെ ആഞ്ഞടിക്കാന്‍ തയ്യാറായ എത്ര എംപിമാരുണ്ട് കോണ്‍ഗ്രസില്‍. നരേന്ദ്രമോദി എട്ടുപേരെ ഭക്ഷണം കഴിക്കാനായി ക്ഷണിച്ചപ്പോള്‍ ആ ക്ഷണം നിരസിക്കാനുള്ള രാഷ്ട്രീയ ധാരണയെങ്കിലും പ്രേമചന്ദ്രന്‍ കാണിക്കണ്ട ? മോദിക്കെന്താണ് ഇദ്ദേഹത്തോട് പ്രത്യേക മമത ? കോണ്‍ഗ്രസ് മതന്യൂനപക്ഷങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. ഇതൊക്കെ ജനങ്ങള്‍ക്കറിയാം. ഒന്നാം യുപിഎസ് സര്‍ക്കാരിന്റെ ഒരുപാട് നേട്ടങ്ങളുണ്ട്. അത് ഇടതുപക്ഷം പിന്തുണ കൊടുത്തതുകൊണ്ടാണ്. രണ്ടാം യുപിഎയുടെ സ്ഥിതി എന്തായിരുന്നു? അഴിമതിയുടെ കുംഭകോണങ്ങള്‍ ആയിരുന്നു. അതിന്റെ കാരണം ഇടതുപക്ഷത്തിന്റെ പ്രാതിനിധ്യം എത്ര കൊണ്ട് വര്‍ദ്ധിക്കുന്നു അതായിരിക്കും വരാന്‍ പോകുന്ന ബിജെപി വിരുദ്ധ സര്‍ക്കാറിന് നിലനില്‍പ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. കേരളത്തിലെ ജനങ്ങള്‍ പ്രബുദ്ധരാണ്. 2019 ലെ അബദ്ധം അവര്‍ക്ക് പറ്റില്ല.

ഇടതുപക്ഷത്തിന്റെ പ്രധാന ശത്രു ആരാണ് ?

ഇടതുപക്ഷത്തിന്റെ പ്രധാനപ്പെട്ട ശത്രു വര്‍ഗീയ ഫാസിസ്റ്റുകളാണ്. ഹിന്ദുത്വം ആണ്. അതിന് ഹിന്ദു മതവുമായി യാതൊരു ബന്ധവുമില്ല. ആര്‍എസ്എസ് ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയുടെ പാരമ്പര്യത്തിന് ചേരുന്ന പാര്‍ട്ടിയല്ല ബിജെപി. ആര്‍എസ്എസിന്റെ ഒരു പൊളിറ്റിക്കല്‍ ഫേസ് ആണ് ബിജെപി എന്ന് പറയുന്നത്. ഇന്ത്യയുടെ പ്രധാന ശത്രു യഥാര്‍ത്ഥത്തില്‍ ആര്‍എസ്എസും അവരുടെ രാഷ്ട്രീയ മുഖമായ ബിജെപിയുമാണ്. അവരെ ചെറുത്തുതോല്‍പ്പിക്കുക എന്നതിനെ ആശ്രയിച്ചാണ് ഇന്ത്യയുടെ നിലനില്‍പ്പ് തന്നെ. 18 ആം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഭരണഘടനയിലധിഷ്ഠിതമായ മതേതര ഇന്ത്യ നിലനില്‍ക്കുമോ ഇല്ലയോ എന്ന ചോദ്യമാണ് വരുന്നത്. ഈ ചോദ്യമുയരുമ്പോള്‍ കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഈ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ പോരാടാന്‍ കഴിയുന്ന ഒരു പൊളിറ്റിക്കല്‍ ഫോഴ്‌സ് കേരളത്തിലുണ്ട്. അത് ഇടതുപക്ഷമാണ്. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന എല്ലാവരും ഇത്തവണ തിരഞ്ഞെടുക്കാന്‍ പോകുന്നത് ഇടതുപക്ഷത്തെയാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

കണ്ണൂര്‍ ജില്ലയിലെ ചില പ്രദേശങ്ങള്‍ കാസര്‍കോട് വടകര മണ്ഡലങ്ങളിലും ഉള്‍പ്പെടുന്നുണ്ട്. ഈ മണ്ഡലങ്ങളില്‍ ഇടതുപക്ഷം വിജയിക്കുമോ ?

തീര്‍ച്ചയായിട്ടും. കാസര്‍കോട് എംപി, അദ്ദേഹത്തെ നമ്മള്‍ തിരഞ്ഞെടുത്തത് പാര്‍ലിമെന്റിലേക്കാണ്. പക്ഷെ അദ്ദേഹം ടിവി ചര്‍ച്ചയിലേ ഉള്ളൂ, പാര്‍ലമെന്റില്‍ മിണ്ടാറില്ല. പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് അത് നിങ്ങള്‍ ചോദിക്കേണ്ടവരോട് പോയി ചോദിക്കൂ എന്നാണ്. അദ്ദേഹം പാര്‍ലമെന്റ് അംഗമായിരുന്നു. ആ പാര്‍ലിമെന്റ് പാസ്സാക്കിയ നിയമമാണിത്. അദ്ദേഹത്തിന്റെ അവസരവാദപരമായ രാഷ്ട്രീയമാണ്. അത് ഇത്തവണ ഏശാന്‍ പോകുന്നില്ല. കാസര്‍ഗോഡ് എംപി വികസന രംഗത്ത് ദയനീയമായ പരാജയമാണ്. ഹൈമാസ്സ് ലൈറ്റ് വെക്കലാണ് അദ്ദേഹം ആകെ ചെയ്തത്. ഹൈമാസ്സ് ലൈറ്റ് വെച്ചത് പോലും അദ്ദേഹത്തിന്റെ സെല്‍ഫ്ബൂസ്റ്റിംഗാണ്. രാത്രിയില്‍ തന്റെ ഫോട്ടോ പ്രദര്‍ശിപ്പിക്കുവാന്‍ വേണ്ടി കൊണ്ടുവന്ന ഹൈമാസ്സ് ലൈറ്റല്ലാതെ ഒരു വികസനവും അദ്ദേഹത്തിനില്ല. ഇത്തവണ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് കഴിയുന്നതിന് മുന്‍പ് തന്നെ തിരിച്ചു നാട്ടിലേക്ക് പോകാനുള്ള അവസരം ജനങ്ങള്‍ ഒരുക്കും. പിന്നെ വടകരയാണ് വടകരയെ സംബന്ധിച്ചിടത്തോളം ശൈലജ ടീച്ചര്‍ ലോകം അറിയപ്പെടുന്ന ഒരു ഭരണാധികാരിയാണ്. ഏറ്റവും മികച്ച ഓപ്ഷനാണ്. വടകര ഇത്തവണ സീറ്റ് തിരിച്ചുപിടിക്കും. നമ്മുടെ രാജ്യത്തെ ബാധിക്കുന്ന സുപ്രധാനമായ വിഷയങ്ങളിലെല്ലാം ഒട്ടകപ്പക്ഷിയുടെ നിലപാടാണ് മറ്റുള്ളവര്‍ സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ഇത്തവണ അവര്‍ക്കൊന്നും വലിയ സാധ്യതയില്ല. മൂന്നു സീറ്റിലും കാസര്‍ഗോഡ്, കണ്ണൂര്‍, വടകര മൂന്നിടത്തും ഇടതുപക്ഷം മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കും.

അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം എക്‌സ്പ്രസ്സ് കേരള വീഡിയോയില്‍ കാണുക

Top