കേരളത്തിലേക്കും കിട്ടി കര്‍ണാടക ആര്‍ടിസിയുടെ രണ്ട് ‘ഐരാവത് ക്ലബ് ക്ലാസ് 2.0’

കേരളത്തിലേക്കും കിട്ടി കര്‍ണാടക ആര്‍ടിസിയുടെ രണ്ട് ‘ഐരാവത് ക്ലബ് ക്ലാസ് 2.0’
കേരളത്തിലേക്കും കിട്ടി കര്‍ണാടക ആര്‍ടിസിയുടെ രണ്ട് ‘ഐരാവത് ക്ലബ് ക്ലാസ് 2.0’

കോഴിക്കോട്: കര്‍ണാടക ആര്‍.ടി.സി.യുടെ രണ്ട് ‘ഐരാവത് ക്ലബ് ക്ലാസ് 2.0’ ബസുകള്‍ കേരളത്തിലേക്ക്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളിലേക്ക് ഐരാവത് ക്ലബ് ക്ലാസ് 2.0 സര്‍വീസ് ആരംഭിച്ചു. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചും പ്രതിദിനം രണ്ടു സര്‍വീസുകളുണ്ട്. കാസര്‍കോട്ടേയ്ക്ക് ഒരു സര്‍വീസേ ഉള്ളൂ. ശാന്തിനഗര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാകും ബസ് പുറപ്പെടുക.

നിലവിലുള്ള ഐരാവത് ക്ലബ് ക്ലാസ് ബസുകളുടെ പരിഷ്‌കരിച്ച പതിപ്പാണ് ഐരാവത് ക്ലബ്ബ് ക്ലാസ് 2.0. പുതിയ 20 വോള്‍വൊ ബസ്സുകളാണ് കര്‍ണാടക ആര്‍.ടി.സി. അടുത്തിടെ പുറത്തിറക്കിയത്. വ്യാഴാഴ്ച കോഴിക്കോട്ടേക്ക് പരീക്ഷണയോട്ടം നടത്തി വിജയിച്ചതിനെ തുടര്‍ന്നാണ് റെഗുലര്‍ സര്‍വീസ് ആരംഭിച്ചത്.

Also Read: നടന്‍ ദില്ലി ഗണേഷ് അന്തരിച്ചു

15 മീറ്ററാണ് ബസ്സിന്റെ നീളം. 3.5 ശതമാനം അധികം ലെഗ്‌റൂമും 5.6 ശതമാനം അധികം ഹെഡ് റൂമും ഉണ്ട്. ജനല്‍ച്ചില്ലുകളും വലുതാണ്. ലഗേജ് വെക്കുന്നതിന് 20 ശതമാനം അധികം സ്ഥലവും ഒരുക്കിയിട്ടുണ്ട്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും മികച്ച സൗകര്യങ്ങളും പ്രത്യേകതയാണ്. ഫയര്‍ അലാറം ആന്‍ഡ് പ്രൊട്ടക്ഷന്‍ സിസ്റ്റം (എഫ്.എ.പി.എസ്.) ഉള്‍പ്പെടെ ഒട്ടേറെ സുരക്ഷാസംവിധാനങ്ങള്‍ ബസ്സിലുണ്ട്. തീപ്പിടിത്തമുണ്ടായാല്‍ സീറ്റിന്റെ ഇരുവശത്തുമുള്ള വാട്ടര്‍ പൈപ്പുകളിലൂടെ വെള്ളം പുറത്തുവിടാന്‍ സാധിക്കുംവിധമാണ് എഫ്.എ.പി.എസ്. സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.

സമയക്രമം

ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് രാവിലെ 10.02-നും രാത്രി 10.32-നും കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് രാവിലെ 10.33-നും രാത്രി 10.33-നുമാണ് സര്‍വീസ്. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്കുള്ള പകല്‍ സര്‍വീസിന് 999 രൂപയും രാത്രി സര്‍വീസിന് 1,151 രൂപയുമാണ് നിരക്ക്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള പകല്‍ സര്‍വീസിന് 1,087 രൂപയും രാത്രി സര്‍വീസിന് 1,256 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ബെംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് രാത്രി 9.17-നാണ് സര്‍വീസ്. 1,101 രൂപയാണ് ടിക്കറ്റ് നിരക്ക്. കാസര്‍കോട് നിന്ന് ബെംഗളൂരുവിലേക്ക് രാത്രി 10.02-നാണ് സര്‍വീസ്.

Top