ഹവാന: ദക്ഷിണ ക്യൂബയിൽ നാശം വിതച്ച് ഭൂചലനങ്ങൾ. ശക്തമായ 2 ഭൂചലനങ്ങളിൽ രാജ്യത്ത് നിരവധി നാശ നഷ്ടമാണ് ഉണ്ടായത്. ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തെക്കന്‍ ഗ്രാന്‍മ പ്രവിശ്യയിലെ ബാര്‍ട്ടലോം മാസോ തീരത്തുനിന്ന് ഏകദേശം 25 മൈല്‍ ദൂരെയാണ് 6.8 തീവ്രതയില്‍ രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
5.9 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂചലനത്തിന് ഒരു മണിക്കൂറിനു ശേഷമായിരുന്നു രണ്ടാമത്തേത്. കരീബിയന്‍ ദ്വീപ് രാഷ്ട്രത്തിലുടനീളം ഭൂചലനം അനുഭവപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഭൂചലനത്തില്‍ നിരവധിയാളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തകര്‍ന്ന കോണ്‍ക്രീറ്റ് ബ്ലോക്ക് വീടുകളുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
Also Read: റഷ്യ- യുക്രെയ്ൻ യുദ്ധം; പുടിനുമായി ചർച്ച നടത്തി ഡൊണാള്‍ഡ് ട്രംപ്
ഭൂകമ്പത്തിന്റെ ആഘാതത്തിൽ വലിയ തോതിൽ മണ്ണിടിച്ചിലുണ്ടാവുകയും വീടുകൾക്കും വൈദ്യുതി ലൈനുകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡിയസ് കനാൽ പറഞ്ഞു.
നിലവില്‍ 10 ദശലക്ഷം ആളുകളാണ് രാജ്യത്ത് വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടുന്നത്. ചുഴലിക്കാറ്റില്‍നിന്ന് കരകയറാന്‍ പാടുപെടുന്ന ക്യൂബയിലാണ് വീണ്ടുമൊരു ദുരന്തം. റാഫേല്‍ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് ക്യൂബയുടെ ദേശീയ ഗ്രിഡ് തകര്‍ന്നിരുന്നു.