ലെബനനിലെ ശക്തികേന്ദ്രങ്ങളില്‍ ഉടനീളമേറ്റ അപ്രതീക്ഷിത ആക്രമണത്തിന്റെ ആഘാതത്തിലാണ് ഹിസ്ബുള്ള. ഇസ്രയേല്‍ നടത്തിയ പേജര്‍ ആക്രമണങ്ങളിലൂടെ തുറന്ന ഒരു യുദ്ധത്തിനാണ് ബെഞ്ചമിന്‍ നെതന്യാഹു തിരികൊളുത്തിയിരിക്കുന്നത്. മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാല്‍ ശത്രുവിന് ലൊക്കേഷന്‍ കണ്ടെത്തി ആക്രമിക്കാന്‍ എളുപ്പമാണ്. ഇത് തടയാനാണ് ഹിസ്ബുള്ള സംഘങ്ങള്‍ ആശയവിനിമയത്തിന് ഇപ്പോഴും പഴയകാല പേജര്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് വന്നിരുന്നത്. എന്നാല്‍ ആയിരക്കണക്കിന് പേജര്‍ യന്ത്രങ്ങള്‍ തെക്കന്‍ ലെബനന്‍, ബെകാവാലി, ബെയ്റൂട്ട്, സിറിയന്‍ തലസ്ഥാനം എന്നിവിടങ്ങളിലായി ഒരേസമയം പൊട്ടിത്തെറിക്കുന്നു. മുമ്പെങ്ങും കേട്ടിട്ടില്ലാത്ത ആക്രമണതന്ത്രം അതിവിദഗ്ധമായി തന്നെ ഇസ്രയേല്‍ നടപ്പിലാക്കി.
മരിച്ചവരിലും പരിക്കേറ്റവരിലും ഉന്നതരായ ഹിസ്ബുള്ള നേതാക്കളും ഉള്‍പ്പെടുന്നു. ലോകത്തിലെത്തന്നെ അസാധാരണമായ ഒരാക്രമണ രീതിയാണ് ഇസ്രയേല്‍ അവലംബിച്ചിരിക്കുന്നത്. പിന്നില്‍ പ്രവര്‍ത്തിച്ചതാകട്ടെ അമേരിക്കയുടെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയോടും ബ്രിട്ടന്റെ എം.ഐ. 6 നോടും കിടപിടിക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ ചാരസംഘടനകളില്‍ ഒന്നായ ഇസ്രയേലിന്റെ മൊസാദാണ്. വിതരണശൃംഖലയില്‍ നടന്ന ആസൂത്രിതമായ നുഴഞ്ഞുകയറ്റമാണ് പേജര്‍ സ്‌ഫോടനപരമ്പരയ്ക്ക് പിന്നിലുള്ളത്. സൈബര്‍ സുരക്ഷാ ലോകത്തെ വര്‍ദ്ധിച്ചുവരുന്ന വെല്ലുവിളികള്‍ക്ക് പേജര്‍ ദുരന്തം ആക്കംകൂട്ടുന്നു. പേജറുകള്‍ പൊട്ടിത്തെറിച്ച സംഭവം വലിയ സുരക്ഷാ വീഴ്ചയായിട്ടാണ് ഹിസ്ബുള്ള കാണുന്നത്.
Also Read: മൊസാദിന്റെ പേജർ എന്ന ആയുധം; എന്താണ് പേജറുകൾ
ഇതാദ്യമായല്ല ഇത്തരം കുടിലതന്ത്രങ്ങള്‍ ഇസ്രയേലും മൊസാദും പുറത്തെടുക്കുന്നത്. ഇസ്രയേലിന്റെ സുരക്ഷയ്‌ക്കെന്ന പേരില്‍ രാജ്യത്തിന്റെ ശത്രുക്കളെ അതിക്രൂരമായി ആക്രമിച്ച് വധിച്ച ചരിത്രം മൊസാദിനുണ്ട്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, പീഡനം തുടങ്ങിയവയും മൊസാദിന് കൈമുതലായുണ്ട്. അന്താരാഷ്ട്ര നിയമങ്ങള്‍ പോലും ലംഘിച്ചാണ് മൊസാദ് പല ഓപ്പറേഷനുകളും നടത്തുന്നത്. മറ്റ് രാജ്യങ്ങളുടെ നിയമങ്ങള്‍ കാറ്റില്‍ പറത്തിയും രാജ്യങ്ങളുടെ പരമാധികാരത്തില്‍ കടന്ന് കയറിയുമാണ് ഓപ്പറേഷനുകളും കൊലപാതകങ്ങളും മൊസാദ് നടത്താറുള്ളത്. മൊസാദിന്റെ അംഗങ്ങളില്‍ പലരും ഇസ്രയേല്‍ പ്രതിരോധ സേനയില്‍ സേവനം അനുഷ്ഠിച്ചവരും അതിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ആണെങ്കിലും ഇത് ഒരു സൈനിക സ്ഥാപനമല്ല. ഏകദേശം 7,000 പേര്‍ മൊസാദിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്.
പശ്ചിമേഷ്യയിലെ സമാധാനത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തിയ ഹമാസ് രാഷ്ട്രീയവിഭാഗം നേതാവ് ഇസ്മയില്‍ ഹനിയയുടെ കൊലപാതകത്തിന് പിന്നിലും ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ പേരാണ് മുഴങ്ങിക്കേട്ടത്. മൊസാദ് നടത്തിയ സുപ്രധാനവും ക്രൂരവുമായ രഹസ്യ കൊലപാതകങ്ങളില്‍ ഒന്നായിരുന്നു 1978 ല്‍ പലസ്തീന്‍ വിമോചനത്തിനായുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ തലവനായ വാദി ഹദാദിന്റേത്. ഹദാദ് പതിവായി ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റ് മാറ്റി വിഷം കലര്‍ന്ന പേസ്റ്റ് വെച്ചായിരുന്നു ഹദാദിനെ കൊലപ്പെടുത്തിയത്.
Also Read: ഗാസയെ പിന്തുണക്കുന്നത് തുടരും, രക്തസാക്ഷി കുടുംബങ്ങൾക്ക് അഭിനന്ദനം: ഹിസ്ബുള്ള
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പോലും മൊസാദിന്റെ വിഷപ്രയോഗത്തിന്റെ കാര്യം പുറത്ത് വന്നിരുന്നില്ല. ഇറാനില്‍ വെച്ച് സമാനമായ പല കൊലപാതകങ്ങളും മൊസാദ് നടത്തിയതായി കരുതപ്പെടുന്നു. ഇറാന്റെ ഖുദ്‌സ് സേനാ തലവന്‍ ഖാസിം സുലൈമാനിയുടെ കൊലപാതകം, ഇറാന്റെ ആണവ പദ്ധതികളുടെ പിതാവ് എന്നറിയപ്പെടുന്ന മൊഹ്സീന്‍ ഫക്രിസാദെയുടെ കൊലപാതകം തുടങ്ങിയവ അതില്‍ ചിലതാണ്. ദുബായിലെ അല്‍ ബുസ്താന്‍ റൊട്ടാന ഹോട്ടല്‍ മുറിയില്‍ വെച്ച് അല്‍-മബൂഹ് കൊല്ലപ്പെട്ടതിലും മൊസാദിന്റെ കൈകളുണ്ടെന്നാണ് കരുതുന്നത്.
1996-ല്‍ ഹമാസ് നേതാവ് യഹ്യ അയ്യാഷിന്റെ കൊലപാതകവും ഇവയില്‍ പെടുന്നതാണ്. മൊബൈല്‍ ഫോണില്‍ 15 ഗ്രാം ആര്‍ഡിഎക്സ് സ്ഫോടകവസ്തു ഒളിപ്പിച്ചു വയ്ക്കുകയും അയ്യാഷ് പിതാവിനെ വിളിച്ചപ്പോള്‍ മൊബൈല്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഷിന്‍ ബെറ്റാണ് ഇതില്‍ പങ്കാളിയായത്.
Also Read: പേജര്‍ സ്‌ഫോടനം; പരിക്കേറ്റ 200ലധികം പേരുടെ നില ഗുരുതരം
പെന്ററിത്രിറ്റോള്‍ ടെട്രാനൈട്രേറ്റ് (PETN) എന്നറിയപ്പെടുന്ന സ്ഫോടനാത്മക വസ്തുക്കള്‍ ഉപകരണങ്ങളുടെ പേജറിന്റെ ബാറ്ററികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും താപനില വര്‍ദ്ധിപ്പിച്ചതിലൂടെ ഇത് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നുമാണ് ഒരു ബ്രിട്ടീഷ് മാധ്യമത്തെ ഉദ്ധരിച്ച് ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അമേരിക്ക, അര്‍ജന്റീന, ഉറുഗ്വേ, ഇറാന്‍, മധ്യേഷ്യ, ഇറാഖ്, ജോര്‍ദാന്‍, പലസ്തീന്‍, സിറിയ, മലേഷ്യ, വിവിധ ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ രഹസ്യ ഓപ്പറേഷനുകള്‍ മൊസാദ് നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. വിദേശ രാജ്യങ്ങളിലെ ഇസ്രയേല്‍ വിരുദ്ധ ശക്തികളെയും നാസി കുറ്റവാളികളെയും നിര്‍ദ്ദാക്ഷിണ്യം മൊസാദ് കൈകാര്യം ചെയ്തിട്ടുണ്ട്.
അന്താരാഷ്ട്ര നിയമങ്ങളോ, അതാത് രാജ്യങ്ങളുടെ നിയമങ്ങളോ പാലിക്കാതെ മൊസാദ് നടത്തുന്ന നീക്കങ്ങള്‍ വലിയ നയതന്ത്ര പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകാനിടയുള്ള പുതിയ സാഹചര്യത്തില്‍ ലെബനന് പിന്തുണയേകി ഇറാന്‍ അടക്കമുള്ള രാജ്യങ്ങള്‍ രംഗത്തുണ്ട്. അതേസമയം ആക്രമണത്തെക്കുറിച്ച് ഇസ്രയേല്‍ പ്രതികരിക്കുകയോ തങ്ങളുടെ പങ്കാളിത്തം സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.
പതിറ്റാണ്ടുകള്‍ക്കിടെ ഹിസ്ബുള്ള നേരിട്ട ഏറ്റവും വലിയ ഇന്റലിജന്റ്‌സ് പരാജയമാണിതെന്ന് പറഞ്ഞുവയ്ക്കുന്ന അമേരിക്ക ആക്രമണത്തില്‍ പങ്കില്ലെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. അമേരിക്കയുടെ പിന്തുണയോടെയാണ് ഈ ഭീകരാക്രമണങ്ങള്‍ നടക്കുന്നതെന്ന് ഹമാസ് കുറ്റപ്പെടുത്തി. അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനത്തെ കുറ്റകൃത്യങ്ങള്‍ക്കും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനങ്ങള്‍ക്കുമുള്ള സമ്മതമായി കരുതുന്ന ഇസ്രയേല്‍ എന്തായാലും ലബനന് നേരെയുള്ള സൈബര്‍ ആക്രമണത്തില്‍ കൂടുതല്‍ ഒറ്റപ്പെടുമെന്നത് തീര്‍ച്ചയാണ്.