ആലപ്പുഴ: 70ാമത് പുന്നമട നെഹ്റുട്രോഫി വള്ളംകളിയുടെ ആവേശത്തിന് ഇനി രണ്ടുനാൾ. 19 ചുണ്ടൻവള്ളങ്ങളടക്കം 74 വള്ളങ്ങൾ മാറ്റുരക്കും. തുഴത്താളത്തിന്റെ ആരവത്തിന് മുമ്പേ ചുണ്ടൻ വള്ളങ്ങളുടെ അവസാനവട്ടം പരിശീലനം തകൃതിയാണ്. പുന്നമടയിലും വേമ്പനാട്ടുകായലിന്റെ വിവിധഭാഗങ്ങളിലും കുമരകത്തെ മുത്തേരിമടയിലുമാണ് തുഴച്ചിൽ പരിശീലനം.
തുടർച്ചയായ അഞ്ചാംകിരീടമെന്ന ലക്ഷ്യമിട്ടാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ വരവ്. 15 തവണ നെഹ്‌റുട്രോഫി നേടിയ കാരിച്ചാൽ ചുണ്ടനിലാണ് മത്സരിക്കുന്നത്. വെല്ലുവിളി ഉയർത്തുന്നത് ഏറ്റവും കൂടുതൽ വെള്ളിക്കപ്പിൽ മുത്തമിട്ട യു.ബി.സി കൈനകരിയാണ്. ഇത്തവണ തലവടി ചുണ്ടനിലാണ് തുഴയെറിയുന്നത്. വില്ലേജ് ബോട്ട് ക്ലബ് കൈനകരി എത്തുന്നത് കഴിഞ്ഞവർഷം ജേതാക്കളായ വീയപുരം ചുണ്ടനിലാണ്. കുമരകം ടൗൺബോട്ട് ക്ലബ് നടുഭാഗം ചുണ്ടനിലും പുന്നമട ബോട്ട് ക്ലബ് ചമ്പക്കുളം ചുണ്ടനിലും ആലപ്പുഴ ടൗൺ ബോട്ട് ക്ലബ് പായിപ്പാടനിലും തുഴയെറിയുമ്പോൾ ഓളപ്പരപ്പിലെ മത്സരം തീപാറും.
വള്ളംകളി ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തില്ല. പകരം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് വള്ളംകളി ഉദ്ഘാടനം നിർവഹിക്കുമെന്നാണ് വിവരം. വള്ളംകളി നടക്കുന്ന ശനിയാഴ്ച മുഖ്യമന്ത്രിക്ക് പോളിറ്റ് ബ്യൂറോ യോഗത്തിലും സീതാറാം യെച്ചൂരി അനുസ്മരണത്തിലും പങ്കെടുക്കണം. ജില്ലയിലെ മറ്റ് മന്ത്രിമാരും എം.എൽ.എമാരും ജനപ്രതിനിധികളും പങ്കെടുക്കും.
പുന്നമടക്കായലിൽ ശനിയാഴ്ച നടക്കുന്ന 70ാംമത് നെഹ്‌റുട്രോഫി വള്ളംകളി മത്സരത്തിനുള്ള ഒരുക്കം അവസാനഘട്ടത്തിലേക്ക് കടന്നു. സ്റ്റാർട്ടിങ് ഡിവൈസിന്റെ പ്രാരംഭ പരിശോധന ബുധനാഴ്ച വൈകീട്ട് നടന്നു. റേസ് കമ്മിറ്റി ചീഫ് കോഓഡിനേറ്റർ സി.കെ. സദാശിവൻ, ചീഫ് സ്റ്റാർട്ടർ കെ.കെ. ഷാജു, ചീഫ് മാസ്റ്റർ ഓഫ് സെറിമണി ആർ.കെ. കുറുപ്പ്, റേസ് കോഓർഡിനേറ്റർ എസ്.എം. ഇക്ബാൽ, ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനർ കൂടിയായ ഇറിഗേഷൻ വകുപ്പ് എക്സി.എൻജിനീയർ എം.സി. സജീവ് കുമാർ, മറ്റ് എക്സിക്യൂട്ടിവ് അംഗങ്ങൾ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു. രണ്ടിന് തന്നെ ചുണ്ടൻ വള്ളങ്ങളുടെ മത്സരം ആരംഭിക്കും. വൈകീട്ട് 5.30ന് പൂർത്തിയാകും. ട്രാക്കിന്റെയും പവിലിയന്റെയും 90 ശതമാനം പ്രവൃത്തിയും പൂർത്തിയായി.
മത്സരത്തിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിനുള്ള ക്രമീകരണം സ്റ്റാർട്ടിങ് പോയന്റിലും ഫിനിഷിങ് പോയന്റിലും ഒരുക്കിയിട്ടുണ്ട്. മത്സരം ആരംഭിക്കുമ്പോൾ വെടിപൊട്ടൽ ശബ്ദത്തോടൊപ്പം റിമോട്ട് കൺട്രോൾ ഉപയോഗിച്ച് സ്റ്റാർട്ടിങ് പോയന്റിലെ നാല് വള്ളങ്ങൾ ഒരേ സമയം റിലീസ് ചെയ്യും. ഇതേസമയം തന്നെ വള്ളങ്ങൾ ഫിനിഷ് ചെയ്യാൻ എടുക്കുന്ന സമയം ആരംഭിക്കും. ഫിനിഷിങ് പോയന്റിൽ ഓരോ ട്രാക്കിലും സ്ഥാപിച്ചിട്ടുള്ള ഇൻഫ്രാറെഡ് രശ്മികൾ ഉപയോഗിച്ച് വള്ളങ്ങൾ ഫിനിഷ് ചെയ്യുന്ന സമയം കൃത്യമായി രേഖപ്പെടുത്തും. സ്റ്റാർട്ടിങ് ഡിവൈസിന്റെയും സമയത്തിന്റെയും കൃത്യത പരിശോധിക്കുന്നതിന് വെള്ളിയാഴ്ച ട്രയൽ റൺ നടത്തും. 1150 മീറ്റർ ട്രാക്കിൽ ഇതിനോടകം കുറ്റിയടിച്ചു കഴിഞ്ഞു. മത്സരഫലം തൽസമയം അറിയുന്നതിനായി പവിലിയനിലും ഫിനിഷിങ് പോയന്റിലും എൽ.ഇ.ഡി വാൾ ഒരുക്കും.