തലസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശം

തലസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശം
തലസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം :  നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തിൽ രണ്ട് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു.   രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരുടെ സാമ്പിളാണ് പോസിറ്റീവായത്. ഇതോടെ മൂന്ന് പേർക്കാണ് ഈ സ്ഥാപനത്തിൽ കോളറ സ്ഥിരീകരിച്ചത്.

ചികിത്സയിലുള്ള ഏല്ലാവരുടെയും ആരോഗ്യനില തൃപ്തികരമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരം.  രോഗ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. ഈ മാസം ഇതോടെ നാല് കോളറ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. നേരത്തെ കാസർകോട് ഒരു കേസ് സ്ഥിരീകരിച്ചിരുന്നു.  

വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്ക രോഗമാണ് കോളറ. ശ്രദ്ധിച്ചില്ലെങ്കില്‍ ഈ രോഗം പെട്ടെന്ന് പടരും. രോഗ ലക്ഷണങ്ങള്‍ മാറിയാലും ഏതാനും ദിവസങ്ങള്‍ കൂടി രോഗിയില്‍ നിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്.

സാധാരണയായി മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് കോളറ പടരുന്നത്. രോഗാണുക്കള്‍ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകള്‍ മുതല്‍ 5 ദിവസത്തിനുള്ളില്‍ രോഗം വരാവുന്നതാണ്.

പെട്ടെന്നുള്ള കഠിനമായതും, വയറു വേദനയില്ലാത്തതും, വെള്ളം പോലെയുള്ള (പലപ്പോഴും കഞ്ഞിവെള്ളം പോലെയുള്ള) വയറിളക്കമാണ് കോളറയുടെ രോഗ ലക്ഷണം. മിക്കപ്പോഴും ഛര്‍ദ്ദിയുമുണ്ടായിരിക്കും. ഇതേതുടര്‍ന്ന് രോഗി പെട്ടെന്ന് തന്നെ നിര്‍ജ്ജലീകരണത്തിലേക്കും തളര്‍ന്ന് കുഴഞ്ഞ അവസ്ഥയിലേക്കും എത്താം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ പെട്ടെന്ന് രോഗം ഗുരുതരമാകും.

Top