കാലിഫോര്‍ണിയ: ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനില്‍ നിലവില്‍ വന്ന് നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐഫോണില്‍ (ഐഒഎസ്) രണ്ട് ഫീച്ചറുകള്‍ അവതരിപ്പിച്ച് ഗൂഗിള്‍ മാപ്പ്. ‘സ്പീഡോമീറ്റര്‍’, ‘സ്പീഡ് ലിമിറ്റ്സ്’ എന്നിവയാണിത്. ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമില്‍ ഇന്ത്യയടക്കമുള്ള നാല്‍പതിലധികം രാജ്യങ്ങളില്‍ 2019 മെയില്‍ പ്രാബല്യത്തില്‍ വന്ന ഫീച്ചറുകളാണിത്. സ്പീഡ് ലിമിറ്റ് ലംഘനങ്ങള്‍ ഒഴിവാക്കാന്‍ രണ്ട് ഫീച്ചറുകളും ഐഫോണ്‍ ഉപഭോക്താക്കളെ സഹായിക്കും.
വാഹനത്തിന്റെ സ്പീഡ് ഗൂഗിള്‍ മാപ്പില്‍ പരിശോധിക്കാന്‍ സഹായിക്കുന്ന ഫീച്ചറാണ് സ്പീഡോമീറ്റര്‍. എന്നാല്‍ യഥാര്‍ഥ വേഗവുമായി വ്യത്യാസങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ വാഹനങ്ങളിലെ സ്പീഡോമീറ്റര്‍ തന്നെ വേഗം പരിശോധിക്കാന്‍ ഉപയോഗിക്കണമെന്ന് ഗൂഗിള്‍ നിര്‍ദേശിക്കുന്നു. അതേസമയം നിങ്ങളുടെ വാഹനം അമിതവേഗതയിലാണോ എന്ന് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനമാണ് സ്പീഡ് ലിമിറ്റ്സ്. വേഗപരിധി ലംഘിക്കുമ്പോള്‍ സ്പീഡ് ഇന്‍ഡിക്കേറ്ററില്‍ കളര്‍ മാറും. ഈ രണ്ട് ഫീച്ചറുകളും ആഗോളമായി ഐഫോണുകളില്‍ വരുന്നതാണ്. ഇവ രണ്ടും ഓണാക്കിയും ഓഫാക്കിയും വെക്കാന്‍ സാധിക്കും. ഐഫോണിന് പുറമെ കാര്‍പ്ലേ ആപ്ലിക്കേഷനിലും ഈ രണ്ട് ഫീച്ചറുകളും ലഭ്യമാണ്. രാജ്യങ്ങള്‍ക്കനുസരിച്ച് കിലോമീറ്ററിലും മൈലിലും സ്പീഡ് കാണിക്കും.
ഗൂഗിള്‍ മാപ്പ് സ്പീഡിന് പുറമെ സ്പീഡ് ക്യാമറകളും മൊബൈല്‍ സ്പീഡ് ക്യാമറകളും ചില രാജ്യങ്ങളില്‍ കാണിക്കുന്നുണ്ട്. ഐഫോണുകളിലെ ഗൂഗിള്‍ മാപ്പ് ആപ്ലിക്കേഷനിലുള്ള സെറ്റിംഗ്സ് ഓപ്ഷനില്‍ കയറി നാവിഗേഷനും ഡ്രൈവിംഗ് ഓപ്ഷനും തെരഞ്ഞെടുത്ത് സ്പീഡോമീറ്റര്‍, സ്പീഡ് ലിമിറ്റ്സ് എന്നിവ ഇനാബിള്‍ ചെയ്യാം.