നാരായൺപുർ: ഛത്തീസ്ഗഡിൽ മാവോവാദികൾ കുഴിച്ചിട്ട ബോംബ് പൊട്ടിത്തെറിച്ച് ഇന്തോ-തിബറ്റൻ ബോർഡർ പൊലീസിലെ (ഐ.ടി.ബി.പി) രണ്ട് ജവാന്മാർക്ക് വീരമൃത്യു നിരവധി ജവാന്മാർക്ക് പരിക്കേറ്റു. അബുജ്മാദ് ഏരിയയിലെ കോഡിലിയാർ ഗ്രാമത്തിലാണ് സംഭവം.
നക്സൽ വിരുദ്ധ ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങിവരികയായിരുന്ന ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് ഐഇഡി ആക്രമണത്തിന് ഇരയായത്. ഛത്തീസ്ഗഡിലെ നാരായൺപുർ ജില്ലയിൽ ഐ.ടി.ബി.പി സംഘം തിരച്ചിൽ നടത്തുന്നതിനിടെയാണ് മാവോവാദികൾ സ്ഫോടനം നടത്തിയത്.
Also Read: ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയായി വിജയ കിഷോർ രഹത്കർ
ചികിത്സയിൽ കഴിയുന്ന പൊലീസുകാരുടെ നില തൃപ്തികരമാണെന്നാണ് വിവരം. മഹാരാഷ്‌ട്രയിലെ സതാര സ്വദേശിയായ അമർ പൻവർ (36), കർണാടകയിലെ കഡപ്പ സ്വദേശിയായ കെ. രാജേഷ് (36) എന്നിവരാണ് വീരമൃത്യു വരിച്ചത്. ഇരുവരും ഐടിബിപിയുടെ 53-ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരായിരുന്നു.
വെള്ളിയാഴ്ച ദന്തേവാഡ-നാരായണപൂർ അതിർത്തിക്കടുത്തുള്ള അബുജ്മദ് വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ 38 മാവോവാദികളെ സംയുക്തസേന വധിച്ചിരുന്നു. ദന്തേവാഡ-നാരായണപൂർ അതിർത്തിക്കടുത്തുള്ള നെന്ദൂർ, തുൾതുലി ഗ്രാമങ്ങളിലെ വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്.