പൂനെ: പതിനേഴുകാരന്‍ ഓടിച്ച പോര്‍ഷെ ഇടിച്ച് രണ്ടുപേര്‍ മരണപ്പെട്ട സംഭവത്തില്‍ കാറോടിച്ചത് ഡ്രൈവറെന്ന വാദവുമായി പിതാവ് വിശാല്‍ അഗര്‍വാള്‍. അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും ഈ വാദത്തെ പിന്തുണച്ച് രം?ഗത്തെത്തി.
തുടര്‍ന്ന്, കേസുമായി ബന്ധപ്പെട്ട് ഡ്രൈവറെയും പോലീസ് ചോദ്യം ചെയ്തു. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് താന്‍ ആണെന്ന് അദ്ദേഹം സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. അതിനിടെ, കുട്ടിയുടെ പിതാവ് വിശാല്‍ അ?ഗര്‍വാളിന്റെ ഫോണ്‍ പോലീസ് കണ്ടെടുത്തു. ഇതുവഴി, കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ 02:15-ഓടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. 17-കാരന്‍ 200 കിമോമീറ്ററോളം വേഗതയിലോടിച്ച കാറിടിച്ച് ബൈക്ക് യാത്രികരായ യുവ എന്‍ജിനീയര്‍മാര്‍ മരിക്കുകയായിരുന്നു. മധ്യപ്രദേശിലെ ബിര്‍സിങ്പുര്‍ സ്വദേശി അനീഷ് ആവാഡിയ(24), ജബല്‍പുര്‍ സ്വദേശിനി അശ്വിനി കോഷ്ത(24) എന്നിവര്‍ക്കായിരുന്നു ദാരുണാന്ത്യമുണ്ടായത്.
കാറോടിച്ച പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും 15 മണിക്കൂറിനുള്ളില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇത് വലിയ വിവാദത്തിലായതോടെ ജാമ്യം റദ്ദാക്കുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് പബ്ബ് മാനേജര്‍, പബ്ബ് ഉടമ, 17 കാരന്റെ പിതാവ് എന്നിവരാണ് പിടിയിലായിട്ടുള്ളത്. പബ്ബ് അടച്ചുപൂട്ടി.