CMDRF

കേരളത്തിന് രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അനുവദിച്ചേക്കും

കേരളത്തിന് രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അനുവദിച്ചേക്കും
കേരളത്തിന് രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അനുവദിച്ചേക്കും

തിരുവനന്തപുരം: കേരളത്തിന് രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്. കൊച്ചുവേളി- ബംഗളൂരു, ശ്രീനഗർ- കന്യാകുമാരി എന്നീ സർവീസുകളാണ് കേരളത്തിന് ലഭിക്കാൻ സാദ്ധ്യതയുള്ളതെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇത് റെയിൽവേ ബോർഡിന്റെ സജീവ പരിഗണനയിലാണ്. ശ്രീനഗറിലേക്കുള്ള ട്രെയിൻ കന്യാകുമാരിയിൽ നിന്ന് കൊങ്കൺ വഴിയാകും സർവീസ് നടത്തുക. ആഴ്ചയിൽ മൂന്നുദിവസമാകും ഈ ട്രെയിൻ സർവീസ് ഉണ്ടാവുക. അധികം വൈകാതെ തന്നെ സർവീസ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ. സ്ലീപ്പർ കോച്ചുകളുടെ നിർമ്മാണം ഫാക്ടറിയിൽ പുരോഗമിക്കുകയാണ്.

ഡിസംബറോടെ പത്ത് ട്രെയിനുകളുടെ നിർമാണം പൂർത്തിയാവും. ആദ്യ ട്രെയിനുകൾ പുറത്തുവരുന്നതോടെ തന്നെ കേരളത്തിൽ നിന്നുള്ള സർവീസുകൾ ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വന്ദേഭാരത് ട്രെയിനുകൾക്ക് കേരളത്തിൽ മികച്ച വരുമാനമാണ് ലഭിക്കുന്നത്. കേരളത്തിന് ആദ്യഘട്ടത്തിൽ സ്ലീപ്പർ ട്രെയിനുകൾ നൽകാൻ ഇതും ഒരുകാരണമായെന്നാണ് സൂചന. രാജധാനി ട്രെയിനുകളുടെ മാതൃകയിൽ പൂർണമായും എയർ കണ്ടീഷൻ ചെയ്ത കോച്ചുകളായിരിക്കും സ്ലീപ്പർ ട്രെയിനുകളിൽ ഉണ്ടാവുക. സുരക്ഷയുടെയും സൗകര്യങ്ങളുടെയും കാര്യത്തിലും മുന്നിട്ട് നിൽക്കും.

സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ കീഴിലുള്ള രണ്ടാമത്തെ ഹുബ്ബള്ളി-ധാർവാഡ് വന്ദേ ഭാരത് ഒരു വർഷം പൂർത്തിയാക്കുമ്പോൾ റെയിൽവെയുടെ ഖജനാവിലെത്തിച്ചത് 28 കോടി രൂപയാണ്. ബംഗളൂരു നഗരത്തെയും ധാർവാഡിനെയും ബന്ധിപ്പിക്കുന്ന ഈ സൂപ്പർഫാസ്റ്റ് ട്രെയിൻ ദക്ഷിണ കർണാടകയിലും വടക്കൻ കർണാടകയിലുടനീളമുള്ള യാത്രക്കാരിൽ നിന്ന് കാര്യമായ പ്രോത്സാഹനമാണ് നേടിയെടുത്തത്.
ട്രെയിൻ യാത്ര ആരംഭിച്ചത് മുതൽ യാത്രക്കാർക്ക് ശരിക്കും ഒരു അനുഗ്രഹമായി മാറിയെന്ന് തെളിയിച്ചിട്ടുണ്ട്. ഓരോ ദിവസവും ശരാശരി 85 ശതമാനം സീറ്റുകളും ബുക്ക് ചെയ്താണ് യാത്ര ആരംഭിക്കുന്നത്. മടക്ക യാത്രയിൽ ഇത് 83 ശതമാനമായിരിക്കും. സാമ്പത്തികമായി റെയിൽവെയുടെ ഖജനാവ് നിറയ്ക്കാനും വന്ദേഭാരതിന് സാധിക്കുന്നുണ്ട്.

Top