കടയ്ക്കൽ: രണ്ട് യുവാക്കളെ കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തു. ചിതറ മുള്ളിക്കാട് കെ.പി ഹൗസിൽ മുഹമ്മദ് അസ്ലം (24), ചിതറ മുതയിൽ ഷൈമ മൻസിലിൽ മുഹമ്മദ് അനസ് (26) എന്നിവരെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരത്തുംമൂട് സ്വദേശി കൊട്ടച്ചി എന്ന് അറിയപ്പെടുന്ന നവാസിന്റെ വീട്ടിൽനിന്നുമാണ് 32 ഗ്രാം കഞ്ചാവുമായി കടയ്ക്കൽ എസ്.ഐ ജ്യോതിഷ് ചിറവൂരിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
നിരവധി കഞ്ചാവ് കേസിൽ പ്രതിയും കാപ്പ കേസിൽ ജയിലിൽ ശിക്ഷ അനുഭവിക്കുകയും ചെയ്ത നവാസിൻറെ വീട്ടിൽ വിൽപന നടത്തിയ ശേഷം ബാക്കിയായ കഞ്ചാവും പണവും ഏൽപിക്കാൻ വന്ന വഴിയാണ് ഇരുവരും പിടിയിലായത്. കഞ്ചാവിന് പുറമേ രണ്ട് സെറ്റ് ഒ.ബി.സി പേപ്പറും 2500രൂപയും ഇവരിൽനിന്ന് പിടികൂടിയിട്ടുണ്ട്. ഈ സമയം നവാസ് വീട്ടിലില്ലായിരുന്നു.
ഒന്നാംപ്രതിയായ അസ്ലം ഒന്നര വർഷം മുമ്പ് ഇതേ വീട്ടിൽനിന്ന് എം.ഡി.എം.എയുമായി അറസ്റ്റിലായിരുന്നു. പിന്നീട് എക്സൈസ് സംഘം കഞ്ചാവുമായി ഇയാളെ പിടികൂടിയിരുന്നു. ഒന്നര വർഷം ജയിലിൽ കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് അസ്ലം ഇറങ്ങിയത്. തുടർന്ന് വീണ്ടും കഞ്ചാവ് കച്ചവടം ആരംഭിക്കുകയായിരുന്നു. രണ്ടാം പ്രതിയായ അനസ് കഞ്ചാവ് കേസിലും നിരവധി അടിപിടി കേസിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.