മനാമ: ബഹ്റൈനിലെ നിക്ഷേപ അന്തരീക്ഷം സുസ്ഥിരവും മേന്മകളുള്ളതുമാണെന്ന് അന്താരാഷ്ട്ര റിപ്പോർട്ട്. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ 2024 ലെ ഇൻവെസ്റ്റ്മെന്റ് ക്ലൈമറ്റ് സ്റ്റേറ്റ്മെന്റ് (ഐ.സി.എസ്) പ്രകാരം രാജ്യം ബിസിനസ് സൗഹൃദ അന്തരീക്ഷമുള്ള രാജ്യങ്ങളിൽ വളരെ മുന്നിലാണ്. വിദേശ നിക്ഷേപവും ബിസിനസും ആകർഷിക്കുന്നതിൽ സജീവമായ താൽപര്യം ബഹ്റൈൻ പ്രദർശിപ്പിക്കുന്നു.160 രാജ്യങ്ങളിലെ സമ്പദ്വ്യവസ്ഥകളെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. വിദേശത്ത് നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് ഉചിത തീരുമാനങ്ങളെടുക്കാൻ യു.എസ് കമ്പനികളെ സഹായിക്കാനാണ് പഠനം നടത്തുന്നത്. മെച്ചപ്പെട്ട നിക്ഷേപ സാഹചര്യങ്ങളുള്ള വഴികളും അപകടസാധ്യതകളും അവസരങ്ങളും യു.എസ് ബിസിനസുകൾക്ക് റിപ്പോർട്ട് നിർദേശിക്കുന്നു.
നിക്ഷേപാനുകൂല അന്തരീക്ഷം, നിയമ, നിയന്ത്രണ സംവിധാനങ്ങൾ, ബൗദ്ധിക സ്വത്തവകാശ സംരക്ഷണം, സാമ്പത്തിക മേഖല, സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങൾ, ഉത്തരവാദിത്തപൂർവമായ ബിസിനസ് പെരുമാറ്റം, അഴിമതി, തൊഴിൽ നയങ്ങളും സമ്പ്രദായങ്ങളും എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ബഹ്റൈനിലെ നിക്ഷേപ കാലാവസ്ഥ അനുകൂലവും താരതമ്യേന സുസ്ഥിരവുമാണെന്ന് റിപ്പോർട്ട് അടിവരയിട്ടു പറയുന്നു. ബിസിനസ് സൗഹൃദ അന്തരീക്ഷവും വിദേശ നിക്ഷേപവും ബിസിനസും ആകർഷിക്കുന്നതിനുള്ള സജീവമായ സമീപനം ബഹ്റൈൻ നിലനിർത്തുന്നു.
സ്വകാര്യമേഖലക്ക് മികച്ച പ്രോത്സാഹനമാണ് രാജ്യം നൽകുന്നത്. ഇത് സാമ്പത്തിക വളർച്ചയെ സംബന്ധിച്ചെടുത്തോളം വലിയ സഹായമാണ് ചെയ്യുന്നത്. പെട്രോളിയം അധിഷ്ഠിത സമ്പദ്വ്യവസ്ഥയുടെ ആശ്രിതത്വത്തിൽനിന്ന് മാറിക്കൊണ്ടിരിക്കുന്ന രാജ്യം ദീർഘകാല സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പരമ്പരാഗതമായി എണ്ണ അധിഷ്ഠിതമാണ് ബഹ്റൈന്റെ സമ്പദ്വ്യവസ്ഥയെങ്കിലും, ഇപ്പോൾ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജി.ഡി.പി) 20 ശതമാനത്തിൽ താഴെ മാത്രമാണ് എണ്ണ മേഖല. എണ്ണ ഇതര മേഖലയിൽ വലിയ മുന്നേറ്റമാണ് രാജ്യം കൈവരിച്ചുകൊണ്ടിരിക്കുന്നത്.
സാങ്കേതികവിദ്യ, റിയൽ എസ്റ്റേറ്റ്, ടൂറിസം, ധനകാര്യ സേവനങ്ങൾ, ഭക്ഷണം, കൃഷി, വ്യാവസായിക ഉൽപാദനം എന്നിവയുൾപ്പെടെ വിവിധ ബിസിനസ് മേഖലകളിൽ സമ്പദ്വ്യവസ്ഥ വൈവിധ്യവത്കരിക്കപ്പെട്ടിരിക്കുന്നു. മുംതലാകത്ത് സമ്പദ് വ്യവസ്ഥയുടെ ഗതി മാറ്റുന്നതിന് നിർണായക സംഭാവനകൾ നൽകുന്നു. നിർമാണം, ലോജിസ്റ്റിക്സ്, ഇൻഫ്രാസ്ട്രക്ചർ, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻസ് ടെക്നോളജി (ഐ.സി.ടി), ഫിനാൻഷ്യൽ സർവിസ്, ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെല്ലാം നേരിട്ടുള്ള നിക്ഷേപം (എഫ്.ഡി.ഐ) ആകർഷിക്കുന്നതിനാവശ്യമായ നടപടികൾ ബഹ്റൈൻ സർക്കാർ ചെയ്തുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.