അബുദാബി: പുതിയ അധ്യയന വർഷത്തിലേക്കുള്ള നടപടികൾ ആരംഭിച്ചതോടെ യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിലെ കെജി 1 പ്രവേശനത്തിനായി രക്ഷിതാക്കളുടെ നെട്ടോട്ടമാണ്. താരതമ്യേന കുറഞ്ഞ ഫീസുള്ള സ്കൂളുകളിലേക്കാണ് കൂടുതൽ പേർ അപേക്ഷ നൽകിയത്.
ലഭ്യമായ സീറ്റിനേക്കാൾ പത്തിരട്ടിയിലേറെ അപേക്ഷ ലഭിച്ച സ്കൂളുകളും ഉള്ളതിനാൽ ചില സ്കൂളുകൾ നറുക്കെടുപ്പിലൂടെയാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. മറ്റു ചില സ്കൂളുകൾ അപേക്ഷ ലഭിച്ച ക്രമമനുസരിച്ചും അഭിമുഖം നടത്തിയുമാണ് പ്രവേശനം നൽകുന്നത്. 100 സീറ്റുള്ള ബനിയാസിലെ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ 3,500 അപേക്ഷകളാണ് ലഭിച്ചത്.
ഇതേ സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ സഹോദരങ്ങളുടെ (സിബ്ലിങ്സ്) അപേക്ഷകൾ തന്നെ 300ലേറെ വരും. നറുക്കെടുപ്പ് ലഭിച്ചിട്ടും അഡ്മിഷൻ എടുക്കാത്തവരുടെ സീറ്റിലേക്കു നിലവിലെ അപേക്ഷകരിൽനിന്നുള്ള കുട്ടികളെ പരിഗണിക്കും. മറ്റു വിഭാഗങ്ങളിലേക്കുള്ള അഡ്മിഷൻ ഏതാനും ആഴ്ചകൾക്കകം നടത്തും.