റാസല്‍ഖൈമ: യു.എ.ഇ വലിയൊരു ‘സ്റ്റാര്‍ട്ടപ്പ് രാഷ്ട്ര’മായി വളർന്നുവരികയാണെന്ന് യു.എ.ഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി പറഞ്ഞു. റാക് ഡിജിറ്റല്‍ അസറ്റ്സ് ഓയസീസ് സംഘടിപ്പിച്ച ‘ബില്‍ഡിങ് ദി ഫ്യൂച്ചര്‍’ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
റാസല്‍ഖൈമയില്‍ ഡിജിറ്റല്‍ അസറ്റ്സ് ഓയസീസ് സ്വതന്ത്ര വ്യാപാര മേഖല രൂപവത്കരിച്ചത് രാജ്യത്തുടനീളം ഡിജിറ്റല്‍ വളര്‍ച്ച കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ തടസങ്ങളെയും മറികടന്നാണ് യു.എ.ഇയിലെ സ്റ്റാര്‍ട്ടപ്പ് വളര്‍ച്ച.
Also Read: സഹൽ ആപ്പ്: ഉപയോക്താക്കളുടെ എണ്ണം കൂടുന്നു
പ്രാദേശിക-അന്തര്‍ദേശീയ നിക്ഷേപകരെ ആകര്‍ഷിക്കുന്ന മധ്യപൂര്‍വ്വ ദേശത്തെ ഡിജിറ്റല്‍ ആസ്തികളുടെ മുന്‍നിര കേന്ദ്രമായി യു.എ.ഇ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. അബൂദാബി, ദുബൈ, റാസല്‍ഖൈമ റഗുലേറ്ററി അധികൃതരുടെ സജീവമായ ഇടപെടലുകളും ഈ രംഗത്തെ നേട്ടത്തിന് കാരണമാണെന്ന് ശൈഖ് സഊദ് പറഞ്ഞു.
അതേസമയം, ബിനാന്‍സ് പോലുള്ള നിരവധി ആഗോള ഡിജിറ്റല്‍ അസറ്റ് കമ്പനികള്‍ യു.എ.ഇയില്‍ സാന്നിധ്യം ഉറപ്പിച്ചു. ഈ വര്‍ഷാവസാനത്തോടെ 27 കോടി ഡോളര്‍ നേട്ടം രാജ്യത്തെ ഡിജിറ്റല്‍ ആസ്തി വിപണി കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ നിക്ഷേപമത്തെുന്നത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും രാജ്യത്തെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥക്ക് സുസ്ഥിരത നല്‍കുമെന്നും ശൈഖ് സഊദ് പറഞ്ഞു.