അബൂദബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ യു.എസ് സന്ദർശനം തുടങ്ങി. ഇന്നലെ യുഎസിലെത്തിയ അദ്ദേഹം അമേരിക്കൽ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച്ച നടത്തും. വാണിജ്യ, പ്രതിരോധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
പലസ്തീൻ വിഷയങ്ങളടക്കം കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്യും. പ്രസിഡന്റ് പദവി ഏറ്റെടുത്ത ശേഷം ആദ്യമായാണ് ശൈഖ് മുഹമ്മദ് യു.എസ് സന്ദർശിക്കുന്നത്.അതുകൊണ്ടുതന്നെ 50 വർഷം നീളുന്ന യു.എ.ഇ-യു.എസ് ഉഭയകക്ഷി ബന്ധത്തിൽ നിർണായക നാഴികക്കല്ലാണ് ഈ സന്ദർശനം. പ്രാദേശികമായും ആഗോള തലത്തിലും യു.എസിന്റെ പ്രധാന വാണിജ്യ പങ്കാളിയായി യു.എ.ഇ തുടരുമെന്നു തന്നെയാണ് സന്ദർശനം വ്യക്തമാക്കുന്നത്. വികസനം, രാഷ്ട്രീയം, സുരക്ഷ, സാമ്പത്തികം, വാണിജ്യം, പ്രതിരോധം എന്നീ മേഖലകളിൽ വ്യാപരിച്ചുകിടക്കുന്നതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം. 1971ൽ യു.എ.ഇ രൂപവത്കരണത്തിന് തൊട്ടുപിറകെ ആരംഭിച്ചതാണ് യു.എസുമായുള്ള സഹകരണ ബന്ധം. 1974ൽ വാഷിങ്ടണിൽ യു.എ.ഇ എംബസി സ്ഥാപിക്കുകയും ചെയ്തു.
യു.എ.ഇയിൽ നിന്ന് യുഎസിലേക്കുള്ള കയറ്റുമതിയിലും കാര്യമായ വർധനയുണ്ട്. 2022ൽ 3.2 ശതകോടി ഡോളറായിരുന്ന സ്ഥാനത്ത് കഴിഞ്ഞ വർഷം 3.9 ശതകോടിയായി വർധിച്ചു.