അൽ അഖ്സയിലെ ജൂത പള്ളി പരാമർശം: ഇസ്രായേൽ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് യു.എ.ഇ

അൽ അഖ്സയിലെ ജൂത പള്ളി പരാമർശം: ഇസ്രായേൽ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് യു.എ.ഇ
അൽ അഖ്സയിലെ ജൂത പള്ളി പരാമർശം: ഇസ്രായേൽ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് യു.എ.ഇ

ദുബൈ: അൽ അഖ്സ പള്ളിയിൽ ജൂത ആരാധനാലയം സ്ഥാപിക്കുമെന്ന ഇസ്രായേൽ മന്ത്രിയുടെ പ്രസ്താവനയെ ശക്തമായി അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നതായി യു.എ.ഇ. ജറുസലേമിന്‍റെ ചരിത്രപരവും നിയമപരവുമായ അസ്തിത്വത്തെ ഇസ്രായേൽ മാനിക്കണമെന്നും അതിൽ കൈകടത്തരുതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അൽ അഖ്‌സ മസ്ജിദിന് പൂർണ സംരക്ഷണം നൽകുന്നതിലും അതിലെ ഗുരുതരവും പ്രകോപനപരവുമായ ലംഘനങ്ങൾ അവസാനിപ്പിക്കുന്നതിലും യു.എ.ഇയുടെ ഉറച്ച നിലപാട്​ പ്രസ്താവനയിൽ ആവർത്തിച്ചു.

ജറുസലേം എൻഡോവ്‌മെന്‍റ് അഡ്മിനിസ്‌ട്രേഷന്‍റെയും അൽ അഖ്‌സ പള്ളിയുടെയും അധികാരത്തിൽ കൈകടത്തരുതെന്നും അന്താരാഷ്‌ട്ര നിയമങ്ങൾക്കും ചരിത്രപരമായ അവസ്ഥക്കും അനുസൃതമായി പുണ്യസ്ഥലങ്ങളും എൻഡോവ്‌മെന്‍റുകളും പരിപാലിക്കുന്നതിൽ ജോർഡന്‍റെ പങ്കിനെ മാനിക്കേണ്ടതുണ്ടെന്നും പ്രസ്താവന വ്യക്തമാക്കി. ജോർഡനും പുണ്യസ്ഥലങ്ങൾ സംരക്ഷിക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും എമിറേറ്റ്‌സിന്‍റെ പൂർണമായ ഐക്യദാർഢ്യവും പിന്തുണയും അറിയിക്കുന്നതായും വ്യക്തമാക്കി.

Also Read: അല്‍-അഖ്‌സയിൽ പുതിയ​ ജൂതപ്പള്ളി; വിവാദ പ്രസ്താവനയുമായി ഇസ്രയേൽ മന്ത്രി

കിഴക്കന്‍ ജറുസലേമിലെ അല്‍-അഖ്‌സ പള്ളിവളപ്പില്‍ ജൂതപ്പള്ളി പണിയുമെന്ന പ്രസ്താവനയുമായി ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ബെന്‍ ഗ്വിര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ഓട്‌സ യഹൂദിന്റെ നേതാവായ ബെന്‍ ഗ്വിര്‍ ഇത്തരത്തിലുള്ള വിവാദ പ്രസ്താവനകളിലൂടെ മുമ്പും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. അല്‍ അഖ്‌സ പള്ളിയില്‍ ജൂതപ്പള്ളി നിര്‍മ്മിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അതെ എന്ന് ഉത്തരം നല്‍കിയ ബെന്‍ ഗ്വിര്‍ എനിക്ക് സാധിക്കുമെങ്കില്‍ അവിടെ ഇസ്രയേലി ഫ്‌ളാഗ് സ്ഥാപിക്കുമെന്നും അഭിപ്രായപ്പെട്ടു.

Top