CMDRF

യു.എ.ഇ. ഒരുക്കുന്ന ജയ്‌വാൻ കാർഡ് സെപ്റ്റംബർ മുതൽ

യു.എ.ഇ. ഒരുക്കുന്ന ജയ്‌വാൻ കാർഡ് സെപ്റ്റംബർ മുതൽ
യു.എ.ഇ. ഒരുക്കുന്ന ജയ്‌വാൻ കാർഡ് സെപ്റ്റംബർ മുതൽ

സ്വന്തം കറൻസികളിൽ പണമിടപാട്​ നടത്താനായി ഇന്ത്യയും യു.എ.ഇയും ചേർന്ന്​ അവതരിപ്പിച്ച പേയ്​​മെന്‍റ്​ ഗേറ്റ്​വേ സംവിധാനമായ ജയ്‌വാൻ കാർഡ് സെപ്റ്റംബറിൽ നൽകിത്തുടങ്ങും. ഇന്ത്യയുടെ തദ്ദേശീയ ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്ഫർ സാങ്കേതിക വിദ്യയായ റുപേ അടിസ്ഥാനമാക്കിയാണ് ജയ്‌വാൻ കാർഡ് ഒരുങ്ങുന്നത്. ജയ്​വാൻ കാർഡ്​ ഉപയോഗിച്ച്​​ യു.എ.ഇയിലും​ ഇന്ത്യയിലും സ്വന്തം കറൻസികളിൽ ഇടപാട്​ നടത്താം. യു.എ.ഇയിൽ താമസ വിസയുള്ള ആർക്കും ജയ്​വാൻ കാർഡ്​ സ്വന്തമാക്കാനാവും. സെപ്റ്റംബർ ആദ്യവാരം മുതൽ യു.എ.ഇ.യിലെ 90 ശതമാനം പോയിന്റ് ഓഫ് സെയിൽ (പി.ഒ.എസ്.) ടെർമിനലുകളിലും ജയ്‌വാൻ കാർഡ് ഉപയോഗിച്ച് പണമിടപാട് നടത്താനാകും. യു.എ.ഇ.യിലെ 95 ശതമാനം എ.ടി.എമ്മുകളിലും ജയ്‌വാൻ കാർഡ് ഉപയോഗിച്ച് പണംപിൻവലിക്കുന്നത് ഉൾപ്പടെയുള്ള സേവനങ്ങൾ ഉറപ്പുവരുത്തും. തയ്യാറെടുപ്പുകൾ പൂർത്തിയായാൽ സെൻട്രൽ ബാങ്ക് ഓഫ് യു.എ.ഇ.യുടെ അനുബന്ധസ്ഥാപനമായ അൽ ഇത്തിഹാദ് പേയ്‌മെന്റ്‌സ് ജയ്‌വാൻ കാർഡുകൾ നൽകിത്തുടങ്ങും.

നിലവിൽ ഇന്ത്യയിൽ നിന്നുള്ളവർ വിദേശ രാജ്യങ്ങളിൽ ഇടപാട്​ നടത്താനായി വിസ, മാസ്റ്റർ കാർഡ്​, അമെക്സ്​ എന്നിവയെയാണ്​ ആശ്രയിക്കുന്നത്​​. ഇതിന്​ പകരമായാണ്​ യു.പി.ഐ പ്ലാറ്റ്​ഫോമിൽ പണമിടപാട്​ സാധ്യമാകുന്ന റൂപേ കാർഡുകൾ ഇന്ത്യ അവതരിപ്പിച്ചത്​. നിലവിൽ ഇന്ത്യയിൽ റൂപേ കാർഡ്​ ഉപഭോക്​താക്കളുടെ എണ്ണം ഏതാണ്ട്​ 750 ദശലക്ഷമാണ്​​. അതേസമയം, പുതിയ സംവിധാനത്തിലൂടെ ഡിജിറ്റൽ ഇടപാട്​ മാത്രമേ നിലവിൽ സാധ്യമാകൂവെന്നാണ്​ ബാങ്കിങ്​ മേഖലയിലെ വിദഗ്​ധർ നൽകുന്ന സൂചന.

ഇ-കൊമേഴ്സ് ഇടപാടുകൾ നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഉടൻതന്നെ കാർഡിൽ ഉൾപ്പെടുത്തും. വിസ, മാസ്റ്റർ കാർഡ്, റുപേ തുടങ്ങിയ കാർഡുകൾ പ്രവർത്തിക്കുന്നത് പോലെയുള്ള ഒരു പേമെന്റ് പ്ലാറ്റ്‌ഫോമായി ജയ്‌വാൻ മാറുകയുംചെയ്യും. അതേസമയം, നിലവിൽ ക്രെഡിറ്റ് കാർഡ് സൗകര്യം ഇതിൽ ലഭിക്കില്ല. സെപ്റ്റംബർ മാസത്തിൽ കാർഡിന്റെ ലോഞ്ചിനോടനുബന്ധിച്ച് പ്രമുഖ ബാങ്കുകളും റീട്ടെയിൽ സ്ഥാപനങ്ങളും പ്രൊമോഷണൽ കാമ്പയിനുകൾ സംഘടിപ്പിക്കുമെന്നാണ് വിവരം.

Top