അബുദാബി : ഒളിമ്പിക് സ്വപ്നവുമായി ഗൾഫിലെ കേരള ബോർഡ് വിദ്യാർഥികളും സംസ്ഥാന സ്കൂൾ കായികമേളയിൽ മത്സരിക്കുന്നതിന് യാത്രതിരിച്ചു. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ തിങ്കളാഴ്ച ആരംഭിച്ച സംസ്ഥാന കായികമേളയിൽ പങ്കെടുക്കാൻ യു.എ.ഇ. യിൽനിന്നും 50 വിദ്യാർഥികളാണ് കേരളത്തിലേക്ക് പറന്നത്. രണ്ടുദിവസങ്ങളിലായാണ് വിദ്യാർഥികൾ അബുദാബി വിമാനത്താവളത്തിൽനിന്നും എറണാകുളത്തേക്ക് വന്നിറങ്ങിയത്.
ദി മോഡൽ സ്കൂൾ അബുദാബി, നിംസ് ദുബായ്, നിംസ് ഷാർജ, ദുബായ് ഗൾഫ് മോഡൽ സ്കൂൾ, ഇന്ത്യൻ സ്കൂൾ ഫുജൈറ, ന്യൂ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ റാസൽഖൈമ എന്നീ കേരള ബോർഡ് സ്കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് അതത് സ്കൂൾ അധികൃതരും വിജയാശംസകൾ നേർന്നുക്കൊണ്ട് യാത്രയയപ്പ് നൽകി. കുട്ടികൾക്കൊപ്പം മൂന്ന് അധ്യാപകരും കേരളത്തിലേക്ക് എത്തി. യു.എ.ഇ. യിലെ വിദ്യാർഥികൾ പങ്കെടുക്കുക ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ് ബോൾ, അത്ലറ്റ് എന്നീ മത്സരവിഭാഗങ്ങളിലാണ്. ഈ മാസം 10, 11 തീയതികളിലായി വിദ്യാർഥികൾ യു.എ.ഇ. യിൽ തിരിച്ചെത്തും.