അബുദാബി: പൊതുമാപ്പ് തീരാൻ രണ്ടാഴ്ച ശേഷിക്കെ സുപ്രധാന വിസാ നിയമഭേദഗതി പ്രഖ്യാപിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, പോർട്സ് ആൻഡ് കസ്റ്റംസ്. വിവിധ നിയമലംഘനങ്ങളിൽ പെട്ട് വിസ പുതുക്കാൻ സാധിക്കാതെ യുഎഇയിൽ തുടരുന്നവരുടെ മക്കളുടെ താമസം നിയമവിധേയമാക്കാൻ ഉതകുന്ന വിധം കുടുംബനാഥൻ യുഎഇ വിസ നിയമം ലംഘിച്ചിട്ടുണ്ടെങ്കിൽ ജോലിക്കാരിയായ ഭാര്യയുടെ പേരിലേക്കു മക്കളുടെ സ്പോൺസർഷിപ് മാറ്റുന്നതാണ് പുതിയ നിയമം.
നിയമലംഘകരായ കുടുംബാംഗങ്ങൾ എല്ലാവരും പൊതുമാപ്പിലൂടെ രാജ്യം വിടാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് അനുവദിക്കും. രാജ്യം വിട്ടു പോകാൻ ആഗ്രഹിക്കുന്നവർ നിയമനടപടി പൂർത്തിയാക്കിയ ശേഷം ഐസിപി വെബ്സൈറ്റ് വഴി എക്സിറ്റ് പെർമിറ്റിന് അപേക്ഷിക്കണം. പൊതുമാപ്പിന്റെ അവസാന നിമിഷം വരെ കാത്തിരിക്കരുതെന്നും അധികൃതർ അഭ്യർഥിച്ചു.
Also Read: റഹീമിന്‍റെ മോചനം; കോടതി സിറ്റിങ് ഒക്ടോബർ 21ന്
പൊതുമാപ്പിലൂടെ നിലവിലെ കമ്പനിയിൽ തുടരുകയോ മറ്റൊരു വിസയിലേക്കു മാറുകയോ ചെയ്യുകയാണെങ്കിൽ കുടുംബാംഗങ്ങളുടെ വീസ റദ്ദാക്കില്ല. എന്നാൽ ഇതിനുള്ള നടപടിക്രമങ്ങൾ ഒട്ടും വൈകരുത്. ഇത്തരക്കാർ മാനവശേഷി – സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി വർക്ക് പെർമിറ്റ് പുതുക്കുന്നതിനോ പുതിയ കമ്പനിയിലേക്കുള്ള വർക്ക് പെർമിറ്റിനോ അപേക്ഷ നൽകണം. ഈ മാസം 31 വരെ നീളുന്ന പൊതുമാപ്പ് കാലയളവ് നീട്ടില്ലെന്നും നവംബർ 1ന് ശേഷം നിയമലംഘകർക്കായി പരിശോധന ശക്തമാക്കുമെന്നും നേരത്തെ യുഎഇ വ്യക്തമാക്കിയിരുന്നു.