ചെന്നൈ: മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകുമെന്ന് സൂചന. അടുത്ത 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപനം വരുമെന്ന് ഡി.എം.കെ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രിയാണ് ഉദയനിധി. ഈ മാസമാദ്യം യു.എസ് സന്ദർശനം തുടങ്ങുന്നതിന് മുമ്പ് ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തുമെന്ന് എം.കെ. സ്റ്റാലിൻ നേരത്തെ സൂചന നൽകിയിരുന്നു.
നടൻ വിജയ് തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തനം സജീവമാക്കുന്നതിനിടെയാണ് ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുന്നതെന്നതാണ് ശ്രദ്ധേയം.നിങ്ങൾ വിചാരിക്കുന്ന കാര്യം സംഭവിക്കുന്ന സാഹചര്യമുണ്ടാകുമെന്നായിരുന്നു കഴിഞ്ഞ ദിവസം അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ സ്റ്റാലിൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ആഗസ്റ്റിൽ, തമിഴ്‌നാട് മന്ത്രി രാജകണ്ണപ്പനും ഉദയനിധി സ്റ്റാലിനെ സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായി പരാമർശിച്ചിരുന്നു. കായിക-യുവജനക്ഷേമ മന്ത്രി എന്നതിന് പുറമെ, പ്രത്യേക പദ്ധതികൾ നടപ്പാക്കുന്നതിന്റെ പ്രധാന ചുമതലയും ഉദയനിധി സ്റ്റാലിൻ കൈകാര്യം ചെയ്യുന്നുണ്ട്.
Also Read: പൊതുയോഗത്തിന് ഇണങ്ങുന്ന നേതാക്കൾ കോൺഗ്രസിൽ ഇല്ല: കെ മുരളീധരൻ
നേരത്തേ ഓഗസ്റ്റ് 22ന് മുൻപ് ഉദയനിധി ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ജനുവരിയിലും സമാന രീതിയിൽ ഉദയനിധിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് വാദങ്ങൾ പ്രചരിച്ചിരുന്നെങ്കിലും സ്റ്റാലിൻ അതെല്ലാം തള്ളി. എന്നാൽ ഡിഎംകെയുടെ 75–ാം വാർഷികവുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന ആഘോഷങ്ങൾക്ക് ശേഷം ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചർച്ചകൾക്ക് ചൂടേറിയെന്നാണ് റിപ്പോർട്ടുകൾ.
Also Read: ഊതിവീർപ്പിച്ച കണക്ക് കൊടുത്താൽ കേന്ദ്ര ഫണ്ട് കിട്ടില്ല: വിഡി സതീശൻ
എന്നാൽ, പാർട്ടിയിൽ നിന്നോ മുഖ്യമന്ത്രിയിൽ നിന്നോ ഇതുവരെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ് താരം വിജയ്‌യുടെ പ്രവേശനത്തെ ചെറുക്കാനുള്ള സുപ്രധാന നീക്കമായും ഇത് വിലയിരുത്തപ്പെടുന്നു. ഡി.എം.കെയുടെ യൂത്ത് വിങ് പ്രസിഡന്റായ ഉദയനിധി സ്റ്റാലിൻ ചെപ്പോക്ക്-തിരുവല്ലിക്കേനി നിയമസഭാ മണ്ഡലത്തിൽ നിന്നാണ് വിജയിച്ചത്.