പത്തനംതിട്ട: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും പരാതി നല്‍കി യുഡിഎഫ്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയെന്ന് കാണിച്ചാണ് പരാതി. കുടുംബശ്രീയുടെ പേരില്‍ ലഘുലേഖകള്‍ അടക്കം തയ്യാറാക്കി വോട്ട് തേടുന്നു എന്നാണ് ആരോപണം . ഡിസിസി പ്രസിഡണ്ട് സതീഷ് കൊച്ചു പറമ്പില്‍ ആണ് പരാതി നല്‍കിയത്.
നേരത്തെ തിരഞ്ഞെടുപ്പ് ചട്ട ലംഘന പരാതിയില്‍ തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത് ലഭിച്ചിരുന്നു. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തതിനാണ് അന്ന് താക്കീത് കിട്ടിയത്. ഇത് തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും ഇനി സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കരുതെന്നും അന്ന് നിര്‍ദേശിച്ചിരുന്നു. യുഡിഎഫിന്റെ പരാതിയില്‍ തോമസ് ഐസക്കിന്റെ വിശദീകരണം കൂടി പരിശോധിച്ച ശേഷമാണ് അന്ന് നടപടിയെടുത്തത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുടുംബശ്രീ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയെന്നാരോപിച്ചാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
നേരത്തെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ ജില്ലാ വരണാധികാരിയുടെ താക്കീത് ലഭിച്ചതിന് പിന്നാലെ പ്രവര്‍ത്തകരെ പഴിച്ച് തോമസ് ഐസക് രംഗത്തെത്തിയിരുന്നു. സിഡിഎസ് വിളിച്ചുചേര്‍ത്ത കുടുംബശ്രീ യോഗമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും പ്രവര്‍ത്തകരുടെ വീഴ്ചയാണുണ്ടായതെന്നും തോമസ് ഐസക് പ്രതികരിച്ചിരുന്നു. പ്രവര്‍ത്തകരാണ് സിഡിഎസ് വിളിച്ചുചേര്‍ത്ത കുടുംബശ്രീ യോഗത്തിലേക്ക് തന്നെ കൊണ്ടുപോയത്. ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ല. യുഡിഎഫിനെ ഭയം ഗ്രസിച്ചതുകൊണ്ടാണ് ഇത്തരം പരാതികള്‍ നല്‍കുന്നതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. ഇതിനിടെയാണ് വീണ്ടും പരാതി നല്‍കിയിരിക്കുന്നത്.