CMDRF

വൈസ് ചെയര്‍മാനെതിരെ അവിശ്വാസ പ്രമേയവുമായി യുഡിഎഫ്

വൈസ് ചെയര്‍മാനെതിരെ അവിശ്വാസ പ്രമേയവുമായി യുഡിഎഫ്
വൈസ് ചെയര്‍മാനെതിരെ അവിശ്വാസ പ്രമേയവുമായി യുഡിഎഫ്

തൊടുപുഴ: തൊടുപുഴ നഗരസഭ ഭരണം തിരിച്ച് പിടിക്കാനുള്ള നീക്കത്തിനിടെ വൈസ് ചെയര്‍മാനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി യുഡിഎഫ്. എല്‍ഡിഎഫ് പ്രതിനിധിയായ നഗരസഭ വൈസ് ചെയര്‍പഴ്‌സന്‍ ജെസി ആന്റണിക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി. യുഡിഎഫിന് കൗണ്‍സിലില്‍ കൂടുതല്‍ അംഗങ്ങള്‍ ആയതോടെയാണ് കേരള കോണ്‍ഗ്രസ് -എം പ്രതിനിധിയായ ജെസി ആന്റണിയെ അവിശ്വാസത്തിലൂടെ പുറത്താക്കാനുള്ള നീക്കം ആരംഭിച്ചത്.

യുഡിഎഫ് പക്ഷത്തുള്ള 13 അംഗങ്ങള്‍ ഒപ്പിട്ട അവിശ്വാസ നോട്ടീസ് ഇന്നലെ ഇടുക്കിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ ദീപക് കൈമാറി. നിയമ പ്രകാരം രണ്ടാഴ്ചക്കുള്ളില്‍ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് വരും. നഗരസഭ ചെയര്‍മാന്‍ കൈക്കൂലി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് രാജി വച്ചിരുന്നു. തുടര്‍ന്ന് ഭരണം തിരിച്ച് പിടിക്കുന്നതിനുള്ള ഊര്‍ജിത ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് വൈസ് ചെയര്‍മാന്‍മാനെതിരെ യുഡിഎഫിന്റെ നീക്കം.

ഇതിനിടെ മുന്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് രാജി വച്ചതിനെ തുടര്‍ന്ന് പുതിയ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് ആഗസ്ത് 12 ന് നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടക്കും. നിലവിലെ സാഹചര്യത്തില്‍ യുഡിഎഫിനാണ് ഭരണം ലഭിക്കാനുള്ള സാധ്യത. യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേര്‍ന്ന 11-ാം വാര്‍ഡ് കൗണ്‍സിലര്‍ മാത്യു ജോസഫിനെ ഹൈക്കോടതി അയോഗ്യനാക്കിയതോടെ 35 അംഗ കൗണ്‍സിലില്‍ നിലവില്‍ 34 അംഗങ്ങളാണുള്ളത്. നിലവില്‍ യുഡിഎഫ്- 13 എല്‍ഡിഎഫ്- 12 ബിജെപി- 8, സ്വതന്ത്രന്‍ 1 എന്നിങ്ങനെയാണ് കക്ഷി നില. യുഡിഎഫ് സ്ഥാനാര്‍ഥികളായി ജയിച്ച ശേഷം എല്‍ഡിഎഫിന് ഒപ്പം ചേര്‍ന്ന ജെസി ജോണിയും മാത്യു ജോസഫും കൂറുമാറ്റ നിരോധന നിയമ പ്രകാരം പുറത്തായതോടെയാണ് കൈവിട്ടു പോയ ഭരണം പിടിക്കാന്‍ യുഡിഎഫ് രംഗത്ത് വന്നിരിക്കുന്നത്.

ജെസി ജോണി വിജയിച്ച വാര്‍ഡില്‍ കഴിഞ്ഞ ആഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കുകയും മാത്യു ജോസഫിനെ അയോഗ്യനാക്കുകയും ചെയ്തതോടെ എല്‍ഡിഎഫ് പക്ഷത്ത് രണ്ടു സീറ്റുകള്‍ കുറഞ്ഞു. ഇതോടെ എല്‍ഡിഎഫ് 12 സീറ്റിലേക്ക് താഴ്ന്നു. യുഡിഎഫിന് 13 സീറ്റായി. കൈക്കൂലി കേസിനെ തുടര്‍ന്ന് ചെയര്‍മാന്‍ സ്ഥാനം രാജി വച്ച സനീഷ് ജോര്‍ജ് യുഡിഎഫിനൊപ്പം നില്‍ക്കുകയോ വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുകയോ ചെയ്താല്‍ ഭരണം അവര്‍ക്ക് ലഭിക്കാനാണ് സാധ്യത. അതേസമയം ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ സനീഷ് ജോര്‍ജ് എല്‍ഡിഎഫിനൊപ്പം തന്നെ നിന്നാല്‍ തുല്യം അംഗങ്ങളാകുകയും നറുക്കെടുപ്പു വേണ്ടി വരികയും ചെയ്യും.

Top