ചെന്നൈ: തമിഴ്‌നാട്ടിൽ വിവാദമാകുന്ന മാറ്റ് വിഷയത്തിൽ പാർട്ടിപ്രവർത്തകരോട് സംയമനം പാലിക്കണമെന്നാവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. സംഘികളുടെ മനസ്സ് വൃത്തിയാക്കാൻ നമുക്ക് കഴിയില്ലെന്നും കാലെങ്കിലും വൃത്തിയായിക്കോട്ടേയെന്നും അദ്ദേഹം പറഞ്ഞു. സനാതന ധർമവിവാദത്തിൽ ആന്ധ്ര ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാൺ ഉദയനിധിക്കെതിരേ രംഗത്തുവന്നതോടെയാണ് ഉദയനിധിയുടെ ചിത്രത്തിൽ കാൽ തുടയ്ക്കുന്ന വീഡിയോ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്. ആന്ധ്രയിലെ ഒരു ക്ഷേത്രത്തിന്റെ പടിയിൽ ഉദയനിധി സ്റ്റാലിന്റെ ചിത്രംവരച്ച ചവിട്ടി സ്ഥാപിച്ചതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച വീഡിയോ ഡിഎംകെ അനുഭാവികൾക്കിടയിൽ പ്രതിഷേധത്തിന് കാരണമായി. എന്നാൽ, ഇത്തരം നടപടികൾ രാഷ്ട്രീയ പക്വതയില്ലായ്മയുടെ പ്രതിഫലനമാണെന്നും ഉദയനിധി പറഞ്ഞു.