മ്യൂണിക്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ സെമിയില്‍ പി എസ് ജിയെ വീഴ്ത്തി ബൊറൂസ്യ ഡോര്‍ട്ട്മുണ്ട് സെമിയില്‍. എതിരില്ലാത്ത ഒരു ഗോളിനാണ് ഡോര്‍ട്ട്മുണ്ട് ഫ്രഞ്ച് ചാമ്പ്യന്മാരെ വീഴ്ത്തിയത്. 36-ാം മിനിറ്റില്‍ ലഭിച്ച ഒരു ലോങ് പാസ് ജര്‍മ്മന്‍ താരം നിക്ലാസ് ഫുള്‍ക്രുഗ് ഇടം കാലന്‍ ഷോട്ടിലൂടെ വലയിലാക്കി. ഈ ഒരൊറ്റ ഗോളില്‍ ആദ്യ പാദ മത്സരത്തില്‍ ഡോര്‍ട്ട്മുണ്ട് മുന്നിലെത്തി.
51 -ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയുടെ ഒരു ശ്രമം പോസ്റ്റില്‍ തട്ടി തിരികെയെത്തി. ഈ പന്ത് സ്വീകരിച്ച അഷ്റഫ് ഹക്കീമിയുടെ ഷോട്ടും ഗോള്‍ബാറില്‍ തട്ടി തിരിച്ചുവന്നു.60-ാം മിനിറ്റില്‍ ഡോര്‍ട്ട്മുണ്ടിനായി ഗോളടിക്കാന്‍ ഫുള്‍ക്രുഗിന് വീണ്ടുമൊരു അവസരം ലഭിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ജേഡന്‍ സാഞ്ചോ നല്‍കിയ പാസ് പക്ഷേ വലയിലാക്കാന്‍ ഫുള്‍ക്രുഗിന് കഴിഞ്ഞില്ല. ഒടുവില്‍ ലോങ് വിസില്‍ മുഴങ്ങുമ്പോള്‍ ഡോര്‍ട്ട്മുണ്ട് വിജയം ആഘോഷിച്ചു. മെയ് എട്ടിനാണ് രണ്ടാം പാദ സെമി നടക്കുക.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ പന്തിനെ നിയന്ത്രിച്ചെങ്കിലും അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പി എസ് ജിക്ക് കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ ലഭിച്ച അവസരങ്ങള്‍ പി എസ് ജി വിട്ടുകളയുകയും ചെയ്തു.