യു.ജി.സി. നെറ്റ് പരീക്ഷ റദ്ദാക്കിയതിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി സ്വയം ഏറ്റെടുക്കണം: കോണ്‍ഗ്രസ്

യു.ജി.സി. നെറ്റ് പരീക്ഷ റദ്ദാക്കിയതിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി സ്വയം ഏറ്റെടുക്കണം: കോണ്‍ഗ്രസ്
യു.ജി.സി. നെറ്റ് പരീക്ഷ റദ്ദാക്കിയതിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി സ്വയം ഏറ്റെടുക്കണം: കോണ്‍ഗ്രസ്

ഡല്‍ഹി: ജൂണ്‍ 18-ന് നടത്തിയ യു.ജി.സി. നെറ്റ് പരീക്ഷ എന്‍.ടി.എ. റദ്ദാക്കിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രി സ്വയം ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. മോദി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന്റെ പരാജയത്തിന്റെ ഫലമാണിതെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. നീറ്റ് യു.ജി.യില്‍ ക്രമക്കേടുണ്ടായിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, പിന്നീട് ബിഹാറിലും ഗുജറാത്തിലും വിദ്യാഭ്യാസ മാഫിയ അറസ്റ്റിലായതോടെ ക്രമക്കേടുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. നീറ്റ് പരീക്ഷ ഇനി എന്നാണ് റദ്ദാക്കപ്പെടുന്നതെന്നും ഖാര്‍ഗെ ചോദിച്ചു.

ബി.ജെ.പി സര്‍ക്കാരിന്റെ അലംഭാവവും അഴിമതിയും യുവാക്കളെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായാണ് ബാധിക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി ചൂണ്ടിക്കാട്ടി. നീറ്റ് പരീക്ഷയിലെ തട്ടിപ്പ് വാര്‍ത്തയ്ക്ക് പിന്നാലെ നെറ്റ് പരീക്ഷയും ക്രമക്കേട് ഭയന്ന് റദ്ദാക്കിയിരിക്കുകയാണ്. ഇക്കാര്യത്തിന്റെ ഉത്തരവാദിത്വം വിദ്യാഭ്യാസ മന്ത്രി ഏറ്റെടുക്കമോ എന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.

ജൂണ്‍ 18-ന് നടത്തിയ യു.ജി.സി. നെറ്റ് പരീക്ഷയാണ് ബുധനാഴ്ച രാത്രി റദ്ദാക്കിയത്. ഒ.എം.ആര്‍. പരീക്ഷയില്‍ സൈബര്‍ ക്രമക്കേടുകള്‍ നടന്നെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണിത്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചു. നീറ്റ് ക്രമക്കേടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് മറ്റൊരു ദേശീയ പരീക്ഷയും സംശയത്തിന്റെ നിഴലിലായത്.

Top