ലണ്ടൻ: യു.കെയിലേക്ക് കുടിയേറി സർവകലാശാലകളിൽ പ്രവേശനം നേടുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം ഗണ്യമായി കുറയുന്നതായി റിപ്പോർട്ട്. നിലവിൽ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ 20.4 ശതമാനത്തിന്റെ കുറവാണുണ്ടായതെന്ന് യു.കെ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഓഫീസ് ഫോർ സ്റ്റുഡന്റ്സ് തയാറാക്കിയ റിപ്പോർട്ട് പറയുന്നു. കുടിയേറ്റക്കാരുടെ ചുമതലയുള്ള ഹോം ഓഫീസിന്റെ രേഖകളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയാറാക്കിയത്.
28,585 വിദ്യാർഥികളുടെ കുറവാണ് 2022 മുതൽ 2024 വരെയുള്ള കാലയളവിൽ ഉണ്ടായത്. അതായത് 1,39,914 വിദ്യാർഥികളിൽനിന്ന് 1,11,329 ആയി എണ്ണം കുറഞ്ഞു. അതോടൊപ്പം യു.കെയിൽ തൊഴിലവസരങ്ങൾ കുറഞ്ഞതും സമീപകാലത്തെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങളുമാണ് ഇന്ത്യൻ വിദ്യാർഥികളെ ഏറെ നിരുത്സാഹപ്പെടുത്തിയത്.
Also Read : അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടിയില്ല; സീറ്റ് നികത്താനാകാതെ സർക്കാർ
നിലവിൽ ഇന്ത്യക്ക് പുറമെ നൈജീരിയയിൽനിന്നുള്ള 25,897 വിദ്യാർഥികൾ കുറവുള്ളതായും റിപ്പോർട്ടുകൾ പറയുന്നു. ഇങ്ങനെ പോയാൽ, ഇന്ത്യയിൽ നിന്നടക്കമുള്ള വിദ്യാർഥികളുടെ വരുമാനം മാത്രം ആശ്രയിക്കുന്ന യു കെയിലെ സർവകലാശാലകളുടെ ഭാവി അനിശ്ചിതത്വത്തിലാവുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകി. അതേസമയം, വിദേശ വിദ്യാർഥികൾക്ക് അവരുടെ പങ്കാളിയെ കൂടെ കൊണ്ടുവരുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയത് അടക്കമുള്ള വിഷയങ്ങൾ പരിഹരിക്കാതെ ഈ അവസ്ഥയിൽ മാറ്റം വരില്ലെന്ന് ഇന്ത്യൻ നാഷനൽ സ്റ്റുഡന്റ്സ് അസോസിയേഷൻ യു.കെ പ്രസിഡന്റ് അമിത് തിവാരി വ്യക്തമാക്കി.