ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തങ്ങളുടെ രാജ്യത്തേയ്ക്ക് വന്നാൽ അറസ്റ്റ് ചെയ്യുമെന്ന സൂചന നൽകി ബ്രിട്ടൻ. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ വാറണ്ട് ഉള്ളതിനാൽ അറസ്റ്റ് പരിഗണിക്കുമെന്നാണ് ബ്രിട്ടൻ അറിയിച്ചിരിക്കുന്നത്. ഗാസ സംഘർഷവുമായി ബന്ധപ്പെട്ട് യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുടെയും പേരിലാണ് നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതെന്ന് ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇസ്രയേലും അമേരിക്കയും ഈ നീക്കത്തെ ശക്തമായി അപലപിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
തീർച്ചയായും അന്താരാഷ്ട്ര നിയമം ബ്രിട്ടൻ എല്ലായ്‌പ്പോഴും കൃത്യമായി പാലിക്കുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമറിന്റെ വക്താവ് ബ്രിട്ടീഷ് മാധ്യമങ്ങളെ അറിയിച്ചതായാണ് വിവരം. എന്നാൽ ആഭ്യന്തര-അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാനുള്ള ബാധ്യത രാജ്യത്തിനുണ്ടെന്നും അതനുസരിച്ചായിരിക്കും എപ്പോഴും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള നടപടികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ‘യുക്രെയ്‌നിലേക്ക് അതീവ പ്രഹരശേഷിയുള്ള മിസൈൽ തൊടുത്തുവിടും’; പുടിൻ
അന്താരാഷ്ട്ര നീതിന്യായ കോടതി ഒരു സ്വതന്ത്ര സ്ഥാപനമായതിനാൽ നെതന്യാഹുവിന് എതിരെയുള്ള വാറണ്ടിനെക്കുറിച്ച് അഭിപ്രായം പറയുന്നത് ‘ഉചിതമല്ല’ എന്ന് നേരത്തെ ആഭ്യന്തര സെക്രട്ടറിയായ വെറ്റ് കൂപ്പർ പ്രതികരിച്ചിരുന്നു. അതേസമയം, ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാനുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ വാറണ്ട് മാനിക്കുമെന്ന് 10 ഡൗണിംഗ് സ്ട്രീറ്റ് പരസ്യമായി വ്യക്തമാക്കിയതോടെ ഇസ്രയേൽ-പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വലിയ പ്രതിഷേധങ്ങളാണ് ഉയർന്നുവരുന്നത്.
പലസ്തീന് എതിരെ ഇസ്രയേൽ നടത്തുന്ന വംശ ഹത്യക്കെതിരെ ഇപ്പോൾ അമേരിക്കയുടെയും ഇസ്രയേലിന്റെയും സഖ്യകക്ഷിയായ ബ്രിട്ടൻ തന്നെ രംഗത്ത് വന്നിരിക്കുന്ന കാഴ്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിച്ചിരിക്കുന്നത്. എന്നാൽ ഐസിസി (അന്താരാഷ്ട ക്രിമിനൽ കോടതി) അംഗമാണെന്നിരിക്കെ ഇസ്രയേലിന്റെ വംശഹത്യ തങ്ങൾക്ക് കണ്ടിരിക്കാനാകില്ലെന്ന നിലപാടാണ് ബ്രിട്ടൻ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, നെതന്യാഹുവിനെതിരെ നിയമ നടപടി എടുത്താൽ ഇസ്രയേലിന്റെ നിലപാടുകൾ കൂടുതൽ കടുത്ത രീതിയിലേക്ക് മാറാൻ സാധ്യതയുണ്ടെന്നും അന്താരാഷ്ട്ര നയതന്ത്രജ്ഞർ വിലയിരുത്തുന്നു.
Also Read: ബെയ്‌റൂട്ടിനെ വീണ്ടും ലക്ഷ്യമിട്ട് ഇസ്രയേൽ
അന്താരാഷ്ട്ര ക്രിമിനൽ കോടതി നെതന്യാഹുവിന് എതിരെ ചുമത്തിയ ആരോപണങ്ങളെ വെറുപ്പോടെ തള്ളിക്കയുന്നുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ കാര്യാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ, നെതർലാൻഡ്സ്, സ്വിറ്റ്സർലൻഡ്, അയർലൻഡ്, ഇറ്റലി, സ്വീഡൻ, ബെൽജിയം, നോർവേ എന്നീ രാജ്യങ്ങൾ നെതന്യാഹുവിന് എതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി ചുമത്തിയ അറസ്റ്റ് വാറണ്ട് പാലിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ അറസ്റ്റ് വാറണ്ട് നിയമാനുസൃതമാണെന്നും നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നത് സങ്കീർണ്ണമായ കാര്യമാണെന്നും ഫ്രാൻസ് ചൂണ്ടിക്കാട്ടി.