ആഫ്രിക്കൻ മണ്ണിൽ ‘നിലതെറ്റിയ’ യുക്രെയ്ൻ

ആഫ്രിക്കൻ മണ്ണിൽ ‘നിലതെറ്റിയ’ യുക്രെയ്ൻ
ആഫ്രിക്കൻ മണ്ണിൽ ‘നിലതെറ്റിയ’ യുക്രെയ്ൻ

ഗോളതലത്തില്‍ പിന്തുണ നേടിയെടുക്കാന്‍ തീവ്രപരിശ്രമം നടത്തുന്ന സമയത്താണ് യുക്രെയ്‌ന് തിരിച്ചടിയുമായി ആഫ്രിക്കന്‍ രാജ്യമായ മാലി രംഗത്തെത്തുന്നത്. യുക്രെയ്നുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുകയാണെന്ന പ്രഖ്യാപനത്തോടെ ആഫ്രിക്കന്‍ മണ്ണിലെ യുക്രെയ്ന്റെ ഒരു പിടിവള്ളിയാണ് നഷ്ടമായിരിക്കുന്നത്. പശ്ചിമാഫ്രിക്കന്‍ രാജ്യത്ത് അടുത്തിടെ നടന്ന ഭീകരാക്രമണത്തിലെ യുക്രെയ്ന്റെ പങ്കാളിത്തമാണ് നയതന്ത്ര ബന്ധം അവസാനിപ്പിക്കാനുള്ള കടുത്ത തീരുമാനത്തിലേക്ക് മാലിയെ കൊണ്ടെത്തിച്ചത്.

ആഫ്രിക്കയുടെ വടക്കുഭാഗമായ ടിന്‍സൗട്ടനില്‍ ജൂലൈ അവസാനം നടന്ന ഏറ്റുമുട്ടലുകളെ തുടര്‍ന്ന് പ്രതിരോധ സുരക്ഷാ സേനകളിലെ വലിയൊരു സഖ്യത്തെ മാലിക്ക് നഷ്ടമായിരുന്നു. ഏറ്റുമുട്ടലുകളെ തുടര്‍ന്ന് സിവിലിയന്‍ മരണസംഖ്യയും ഉയര്‍ന്നിരുന്നു. ഇതിന് കാരണക്കാരായ തീവ്രവാദ ഗ്രൂപ്പുകളെയും യുക്രെയിന്‍ ഇടപെടലിനെയും റിപ്പബ്ലിക് ഓഫ് മാലിയിലെ ട്രാന്‍സിഷണല്‍ ഗവണ്‍മെന്റ് ഗൗരവമായി കാണുന്നതായി കേണല്‍ അബ്ദുള്‍ മൈഗ വ്യക്തമാക്കിയിരുന്നു. അതേസമയം, മാലി സൈന്യത്തെ പിന്തുണയ്ക്കുന്ന റഷ്യന്‍- അഫിലിയേറ്റ് വാഗ്‌നര്‍ ഗ്രൂപ്പ് യുദ്ധത്തില്‍ ഒരു കമാന്‍ഡറും കൊല്ലപ്പെടുകയുണ്ടായി. സെനഗലിലെ യുക്രെയ്ന്റെ അംബാസഡറായ യൂറി പിവോവരോവും ഭീകര സംഘടനയ്ക്കുള്ള തന്റെ രാജ്യത്തിന്റെ പിന്തുണ പരസ്യമായി പ്രകടിപ്പിച്ചിരുന്നു.

അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പായ വടക്കന്‍ ടുവാരെഗ് വിമതരായിരുന്നു മാലിയിലെ ആക്രമണത്തിന്റെ ഉത്തരവാദികള്‍. തീവ്രവാദികള്‍ക്കെതിരായ നീണ്ട പോരാട്ടത്തിനിടെ മാലിയുടെ മധ്യഭാഗത്തും വടക്കുഭാഗത്തും നടത്തിയ കൂട്ടക്കൊലകള്‍ക്ക് പ്രതികാരം ചെയ്യാനായിരുന്നു ഈ ആക്രമണങ്ങള്‍. ചില കൂലിപ്പടയാളികളും മാലി സൈനികരും തങ്ങള്‍ക്ക് കീഴടങ്ങിയതായും ടുവാരെഗ് വിമതര്‍ വ്യക്തമാക്കിയിരുന്നു. സൈനിക അട്ടിമറിയെത്തുടര്‍ന്ന് 2021 അവസാനം മുതല്‍ വാഗ്‌നര്‍ മാലിയില്‍ സജീവമാണ്. ഒരു ദശാബ്ദത്തിലേറെയായി മധ്യ, വടക്കന്‍ പ്രദേശങ്ങളിലെ കമ്മ്യൂണിറ്റികളെ ഭീഷണിപ്പെടുത്തുന്ന തീവ്രവാദികളെ നേരിടാന്‍ അവര്‍ ഫ്രഞ്ച് സൈനികരെയും അന്താരാഷ്ട്ര സമാധാനപാലകരെയും മാറ്റി. സംഘത്തിന് മാലിയില്‍ ആയിരത്തോളം പോരാളികളുണ്ട്.

സൗഹൃദ രാഷ്ട്രത്തിന്റെ വിശ്വാസ വഞ്ചനയില്‍ ഞെട്ടിത്തരിച്ചരിക്കുകയാണ് മാലിയും അതിന്റെ സഖ്യകക്ഷിയായ നൈജറും. അതുകൊണ്ടു തന്നെയാണ് ഉടന്‍ തന്നെ യുക്രേനിയന്‍ സര്‍ക്കാരുമായുള്ള എല്ലാ ബന്ധങ്ങളും വേഗത്തില്‍ അവസാനിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചതും. ഭീകരാക്രമണത്തിലുള്ള പങ്കാളിത്തം തുറന്ന് സമ്മതിച്ച മിലിട്ടറി ഇന്റലിജന്‍സ് ഏജന്‍സിയുടെ വക്താവ് ആന്‍ഡ്രി യുസോവിന്റെ പ്രസ്താവനയോടെ കാര്യങ്ങള്‍ കൈവിട്ട് പോയെന്ന് മനസ്സിലാക്കിയ യുക്രെയിന്‍ ആദ്യം ശ്രമിച്ചത് വിമത ആക്രമണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് തലയൂരാനാണ്. എന്നാല്‍ മാലി സര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതില്‍ ഉക്രേനിയന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.

കഴിഞ്ഞ 30 മാസമായി, റഷ്യയെ അപലപിക്കാനും റഷ്യക്കെതിരെയുള്ള യുദ്ധത്തില്‍ ലോക നേതാക്കളുടെ പിന്തുണ ഉറപ്പിക്കാനും യുക്രെയ്ന്‍ കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. റഷ്യയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍, ആദ്യം മുതല്‍ക്കേ റഷ്യന്‍ സാമ്രാജ്യത്വ ആക്രമണത്തെ ചെറുക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളുടെ പിന്തുണ തങ്ങള്‍ക്കുണ്ടാവുമെന്ന് യുക്രെയ്ന്‍ പ്രതീക്ഷിക്കുന്നത് സ്വാഭാവികമാണ്. കാരണം യുക്രെയ്ന്‍-റഷ്യ യുദ്ധം ഏറ്റവുമധികം ബാധിക്കുന്നത് ആഫ്രിക്കന്‍ രാജ്യങ്ങളെയാണ്. ഭക്ഷ്യസുരക്ഷ തന്നെയാണ് അതില്‍ പ്രധാനവും. യുക്രെയ്നുമേല്‍ റഷ്യ നടത്തിയ ആക്രമണം ആഫ്രിക്കയിലെ മുന്‍കാല സാമ്രാജ്യത്വ ആക്രമണങ്ങളെ അനുസ്മരിപ്പിക്കുക മാത്രമല്ല, ഭൂഖണ്ഡത്തിന് കനത്ത സാമ്പത്തിക നഷ്ടം വരുത്തുകയുമുണ്ടായി. കൂടാതെ യുദ്ധത്തിന്റെ അനന്തരഫലമായി പട്ടിണികിടക്കേണ്ടി വരുന്ന രാജ്യങ്ങളും ആഫ്രിക്കയില്‍ നിരവധിയുണ്ട്.

മാലിക്ക് മേലുള്ള ആക്രമണം ആഗോളതലത്തില്‍ യുക്രെയ്ന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്തിരിക്കുകയാണ്. റഷ്യയെ പ്രതിരോധിക്കുക മാത്രമല്ല മറിച്ച് അധികാരം ഉറപ്പിക്കാനുള്ള യുക്രെയിന്റെ കുതന്ത്രത്തെ കൂടിയാണ് ഈ നീക്കം സൂചിപ്പിക്കുന്നത്. സൗഹൃദ രാജ്യത്തിന് മേല്‍ നടത്തിയ ആക്രമണത്തിലൂടെ മറ്റു രാജ്യങ്ങള്‍ യുക്രെയിനു മേല്‍ പുലര്‍ത്തുന്ന വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. വാഗ്നര്‍ സഖ്യകക്ഷിയായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍എസ്എഫ്) മിലിഷ്യയ്ക്കെതിരായ യുദ്ധത്തില്‍ സുഡാനീസ് സൈന്യത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ മുതല്‍ ആഫ്രിക്കയിലെ യുക്രെയിന്‍ പ്രവര്‍ത്തനങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളും പ്രാദേശിക സംഘടനകളും സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടായി. മാലിയുടെ പരമാധികാരത്തോടും ജനങ്ങളുടെ ക്ഷേമത്തോടുമുള്ള ഉക്രെയ്നിന്റെ അനാദരവാണിതിന് പിന്നിലെന്നാണ് ആഫ്രിക്കയുടെ നിലപാട്.

തങ്ങള്‍ നിരന്തരം നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന ബോധ്യം യുക്രെയിനും ഉണ്ടായിരുന്നു. ജൂലൈയിലെ ആക്രമണത്തെത്തുടര്‍ന്ന് മാലിയില്‍ അതിരുകടന്ന യുക്രേനിയന്‍ പ്രവര്‍ത്തനങ്ങളെ അപലപിച്ചുകൊണ്ട് പ്രാദേശിക സംഘടനയായ ECOWAS ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. പശ്ചിമ ആഫ്രിക്കയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായേക്കാവുന്ന ബാഹ്യ ഇടപെടലുകളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്ന 2022-ല്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട മാലിയുടെ ശ്രമങ്ങളോടുള്ള ശക്തമായ വിയോജിപ്പ് പ്രസ്താവനയില്‍ പ്രകടമായിരുന്നു. റഷ്യക്കാര്‍ക്കെതിരായ യുക്രേനിയന്‍ നടപടികളില്‍ ആഫ്രിക്കന്‍ ജനത ആശങ്കയിലാണ്.

ശീതയുദ്ധ കാലഘട്ടത്തിന്റെ ഭീകരത അവര്‍ക്കു മുന്നില്‍ ഒരു പാഠമായി നിലകൊള്ളുന്നതാണ് ഇതിന് പ്രധാന കാരണം. പരസ്പരം ഏതൊക്കെ ശക്തികള്‍ പോരടിച്ചാലും അതിന്റെ ദോഷം ഏറ്റവും കൂടുതല്‍ വ്യാപിക്കുക ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലേക്കാണ്. മധ്യ ആഫ്രിക്കന്‍ രാഷ്ട്രവും സോവിയറ്റ് യൂണിയനുമായുള്ള സഖ്യം ഭയന്ന് കോംഗോ നേതാവ് പാട്രിസ് ലുമുംബയെ ഇല്ലാതാക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ സഖ്യകക്ഷിയായ വിഘടനവാദി വിമതരെ സഹായിച്ച ചരിത്രം ആഫ്രിക്കയ്‌ക്കൊരിക്കലും വിസ്മരിക്കാന്‍ സാധിക്കുകയില്ല. അംഗോളയിലെ വിമോചന പ്രസ്ഥാനങ്ങള്‍ തമ്മിലുള്ള അധികാര പോരാട്ടത്തെ ഒരു ദശലക്ഷം ആളുകളുടെ ജീവന്‍ അപഹരിച്ച 20 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധമാക്കി ശീതയുദ്ധ വൈരാഗികള്‍ മാറ്റിയത് എങ്ങനെയെന്നും അവര്‍ക്കു നന്നായറിയാം.

ആഫ്രിക്കയുടെ റഷ്യന്‍ അപ്രീതി മുതലെടുത്ത് ഭൂഖണ്ഡത്തിലെ നേതാക്കളുടെ പ്രീതി നേടാനുള്ള യുക്രെയിന്റെ ശ്രമങ്ങളിപ്പോള്‍ വെള്ളത്തില്‍ വരച്ച വരയ്ക്ക് സമാനമായിരിക്കുകയാണ്. മാലിയിലെ ആക്രമണത്തിന് പിന്നില്‍ തങ്ങളുടെ ഇന്റലിജന്‍സ് പിന്തുണയാണെന്ന യൂസോവിന്റെ അവകാശവാദങ്ങളെ യുക്രെയ്‌നിന്റെ പ്രതിനിധികള്‍ ശക്തമായി നിഷേധിക്കുക മാത്രമല്ല, ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോള്‍ യുക്രെയിന്‍. യുക്രെയ്ന്‍ അടുത്തിടെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലുടനീളം ഒമ്പത് പുതിയ എംബസികള്‍ സ്ഥാപിച്ചതും, പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കി ഈ വര്‍ഷാവസാനം ഭൂഖണ്ഡം സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്.

മാലിയില്‍ ലഭിച്ച തിരിച്ചടി, ആഫ്രിക്കയിലുടനീളമുള്ള റഷ്യയുടെ വാഗ്‌നര്‍ ഗ്രൂപ്പിനെതിരായ ഇന്റലിജന്‍സ്, മറ്റ് സൈനിക പിന്തുണ വെട്ടിക്കുറയ്ക്കാന്‍ യുക്രെയ്‌നെ പ്രോത്സാഹിപ്പിക്കുമോ എന്ന് കണ്ടറിയണം. എന്നിരുന്നാലും, റഷ്യയെ ദുര്‍ബലപ്പെടുത്തുന്നതിന്റെ പേരില്‍ മറ്റ് രാജ്യങ്ങളുടെ സുരക്ഷയെയും പ്രാദേശിക സമഗ്രതയെയും അപകടത്തിലാക്കുന്ന, യുക്രെയ്‌ന് ആഗോള സമൂഹത്തിന്റെ പിന്തുണ നേടാനും പോരാട്ട നീതിയെക്കുറിച്ച് അവരെ ബോധ്യപ്പെടുത്താനും കഴിയില്ല എന്നതാണ് ഉറപ്പുള്ള ഒരു കാര്യം.

ഇന്ന്, ആഫ്രിക്കയുമായും ഗ്ലോബല്‍ സൗത്തിന്റെ ഭൂരിഭാഗവുമായുള്ള ബന്ധത്തിന്റെയും കാര്യത്തില്‍ യുക്രെയ്ന്‍ ധര്‍മ്മസങ്കടത്തിലാണ്. ഒന്നുകില്‍ എല്ലാ രാഷ്ട്രങ്ങളുടെയും പരമാധികാരത്തെ മാനിക്കാനും മാലിയോട് ക്ഷമാപണം നടത്താനും യുക്രെയ്ന്‍ തയ്യാറാകേണ്ടി വരും. അല്ലെങ്കില്‍ അന്താരാഷ്ട്ര നിയമത്തിന്റെ അതിരുകള്‍ക്കപ്പുറത്ത് പ്രവര്‍ത്തിച്ച്, സഖ്യകക്ഷിയായി ഒരിക്കലും വിശ്വസിക്കാന്‍ കഴിയാത്ത, മറ്റൊരു യുദ്ധഭീതിയുള്ള പാശ്ചാത്യ രാഷ്ട്രമായി മാറാന്‍ യുക്രെയ്ൻ നിര്‍ബന്ധിതമാകും.

Top