തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനെ തേടിയെത്തി വീണ്ടും പുരസ്‌കാരം. യുഎൻ ഹാബിറ്റാറ്റിന്റെ സുസ്ഥിര വികസന നഗര(സസ്‌റ്റെയിനബിൾ സിറ്റി)ത്തിനുള്ള ഷാങ്ഹായ് പുരസ്‌കാരമാണ് കോർപ്പറേഷനെ തേടിയെത്തിയിരിക്കുന്നത്. മന്ത്രി എംബി രാജേഷ് ആണ് പുരസ്കാരം ലഭിച്ച വിവരം അറിയിച്ചത്. ഈ പുരസ്കാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമെന്ന നേട്ടവും തിരുവനന്തപുരത്തിനാണെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.
ഈജിപ്റ്റിലെ അലക്സാണ്ട്രിയയിൽ വെച്ച് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സ്മാർട്ട് സിറ്റി സിഇഒ രാഹുൽ ശർമയും ചേർന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങുക. തിരുവനന്തപുരം കോർപ്പറേഷൻ രാജ്യത്തെ എല്ലാ നഗരങ്ങൾക്കും മാതൃയാക്കാനാവുന്ന നിരവധി പ്രവർത്തനങ്ങളാണ് ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. ആര്യാ രാജേന്ദ്രൻറെ ഭരണസമിതി നിലവിൽ വന്നശേഷം ഇതുവരെ എട്ട് പ്രധാന അവാർഡുകൾ തിരുവനന്തപുരത്തെ തേടിയെത്തിയിട്ടുണ്ടെന്നും കേരളത്തിനുള്ള ദീപാവലി സമ്മാനമാണ് ഈ പുരസ്കാരമെന്നും എംബി രാജേഷ് പറഞ്ഞു.