ഇസ്രായേല്‍ സൈന്യവും ലെബനനിലെ ഹിസ്ബുള്ളയും തമ്മില്‍ അതിര്‍ത്തിയില്‍ നടക്കുന്ന ഏറ്റുമുട്ടലുകളില്‍ ആശങ്ക പ്രകടിപ്പിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ലെബനനെ മറ്റൊരു ഗസയാക്കരുതെന്നാണ് ഗുട്ടെറസ് പറഞ്ഞത്.
സംഘര്‍ഷം രൂക്ഷമായതിനൊപ്പം ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ തമ്മില്‍ നടത്തുന്ന വെല്ലുവിളികളും കടുത്ത ആശങ്കയാണ് ഉയര്‍ത്തുന്നത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഗുട്ടെറസിന്റെ പ്രതികരണം. യുഎന്‍ സമാധാന സേനാംഗങ്ങള്‍ സ്ഥിതിഗതികള്‍ ശാന്തമാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘പെട്ടെന്നുള്ള നീക്കവും തെറ്റായ കണക്കുകൂട്ടലുകളും അതിര്‍ത്തിക്കപ്പുറത്തേക്ക് നീളുന്ന വലിയ ദുരന്തത്തിന് കാരണമാകും. അത് നമ്മുടെ ഭാവനക്കുമപ്പുറമായിരിക്കും. ലെബനനെ മറ്റൊരു ഗസയാക്കുന്നത് കണ്ടുനില്‍ക്കാന്‍ ലോക ജനതയ്ക്ക് സാധിക്കില്ല,’ ഗുട്ടെറസ് പറഞ്ഞു.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി യോവ് ഗാലന്റും ബെയ്റൂട്ടിനെ ഗസയാക്കി മാറ്റുമെന്ന് നേരത്തെ പ്രതിജ്ഞയെടുത്തിരുന്നു. ലെബനനെതിരെ ഇസ്രായേല്‍ വലിയ ആക്രമണങ്ങള്‍ക്ക് മുതിരുകയാണെങ്കില്‍ പിന്നീട് നിയമങ്ങളും നിയന്ത്രണങ്ങളും നോക്കില്ലെന്നാണ് ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രല്ല മുന്നറിയിപ്പ് നല്‍കിയത്.
അതേസമയം ലെബനനിലെ തങ്ങളുടെ പൗരന്‍മാര്‍ക്ക് അടിയന്തര മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ് കുവൈത്ത്. ഹിസ്ബുള്ള ഇസ്രായേല്‍ യുദ്ധ ഭീതി തുടരുന്നതിനിടെയാണ് പൗരന്‍മാര്‍ ഉടന്‍ രാജ്യം വിടണമെന്ന് കുവൈത്ത് മുന്നറിയിപ്പ് നല്‍കിയത്. ലെബനന്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന പൗരന്മാരോട് തല്‍ക്കാലം മാറി നില്‍ക്കാനും കുവൈത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. കുവൈത്തിനോടൊപ്പം കാനഡയും ലെബനനിലെ തങ്ങളുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലെബനനില്‍ നിന്ന് 45,000 പൗരന്മാരെ ഒഴിപ്പിക്കാന്‍ കാനഡ ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.