ജനീവ: മ്യാന്‍മറില്‍ റോഹിങ്ക്യന്‍ ജനതയ്ക്ക് നേരെ സൈന്യം നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യ ഉടന്‍ അവസാനിപ്പിക്കാന്‍ യുഎന്‍ മുന്നറിയിപ്പ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റോഹിങ്ക്യന്‍ ജനത തിങ്ങിപ്പാര്‍ക്കുന്ന റാഖൈന്‍ സംസ്ഥാനത്തെ ബുത്തിഡൗങ്ങ് പട്ടണത്തിന് സൈന്യം തീയിട്ടിരുന്നു. റോഹിങ്ക്യകളെ കൊന്നൊടുക്കുന്നതും അവരുടെ സ്വത്തുക്കള്‍ കത്തിക്കുന്നതും സൈന്യം തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഭയപ്പെടുത്തുന്നതും അസ്വസ്ഥമാക്കുന്നതുമായ റിപ്പോര്‍ട്ടുകളാണ് മ്യാന്‍മറില്‍ നിന്ന് ലഭിക്കുന്നത്. അക്രമങ്ങള്‍ വ്യാപിക്കാനിടയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസ് മുന്നറിയിപ്പ് നല്‍കി.
സൈന്യത്തിൻ്റെ ആക്രമണത്തില്‍ നിന്ന് ജീവനുംകൊണ്ട് 45,000 രോഹിങ്കികള്‍ പലായനം ചെയ്യുന്നതായി കണക്കാക്കപ്പെടുന്നതായി യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് അറിയിച്ചു. അക്രമം ഉടന്‍ അവസാനിപ്പിക്കണം, എല്ലാ പൗരന്മാരെയും യാതൊരു വിവേചനവുമില്ലാതെ സംരക്ഷിക്കണമെന്നും യു.എന്‍ ആവശ്യപ്പെട്ടു.
രണ്ടുലക്ഷത്തോളം റോഹിങ്കിയന്‍ ജനത തിങ്ങിപ്പാര്‍ക്കുന്ന ബുത്തിഡൗങ് നഗരമാണ് പൂര്‍ണമായും സൈന്യം കത്തിച്ചത്. സൈനികാതിക്രമത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് പോലും പുറം ലോകത്തിന് ഇനിയും അറിയാന്‍ കഴിഞ്ഞിട്ടില്ല. നഗരം പൂര്‍ണമായും അടച്ച് സൈന്യം നഗരത്തില്‍ നിന്ന് പുറത്തുപോവാനുള്ള പാലത്തിന് തീയിടുകയും ചെയ്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി ആളുകള്‍ ഭക്ഷണമോ മരുന്നുകളോ അവശ്യ സാധനങ്ങളോ ഇല്ലാതെ പാടങ്ങളിലും പറമ്പുകളിലും ഒളിച്ചിരിക്കുകയാണെന്നും റോഹിങ്ക്യന്‍ അവകാശ പ്രവര്‍ത്തരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതെ സമയം സൈനികാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
നഗരത്തില്‍ നിന്ന് ഒരാളെ പോലും രക്ഷപ്പെടാന്‍ സൈന്യം അനുവദിക്കുന്നില്ല. സൈന്യത്തിൻ്റെ പൂര്‍ണ നിയന്ത്രണത്തിലായ പ്രദേശത്ത് നിന്ന് ഒരു വിവരവും പുറംലോകമെത്താതിരിക്കാനുള്ള നടപടികളും സൈന്യം സ്വീകരിച്ചിട്ടുണ്ട്. ഇൻ്റർനെറ്റ് ടെലഫോണ്‍ സംവിധാനങ്ങള്‍ പൂര്‍ണമായും റദ്ദാക്കിയിരിക്കുകയാണ്. ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്ന പടിഞ്ഞാറന്‍ സംസ്ഥാനമായ റാഖൈനിലെ ബുത്തിഡൗങ് നഗരത്തിലാണ് സൈന്യത്തിൻ്റെ നരനായാട്ട്. സൈനികര്‍ റോഹിങ്ക്യകളുടെ വീടുകള്‍ കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ആളുകളെ രക്ഷപ്പെടാന്‍ പോലും അനുവദിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫോണുകള്‍ പിടിച്ചെടുത്തു. മറ്റിടങ്ങളിലുള്ള ബന്ധുക്കളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ പൂര്‍ണമായും റദ്ദാക്കിയതോടെ ബന്ധുക്കള്‍ക്ക് കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതിനൊപ്പം അവിടെ എന്താണ് സംഭവിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും അന്താരാഷ്ട്ര നിരീക്ഷണ ഗ്രൂപ്പുകള്‍ക്കും കൃത്യമായി പരിശോധിക്കാനും കഴിയാത്തത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
സൈന്യത്തിൻ്റെ നരനായാട്ടിനിരയായ ജനങ്ങള്‍ നരകയാതന അനുഭവിക്കുകയാണെന്നാണ് പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഭക്ഷണവും വെള്ളവും ലഭ്യമാണോ എന്നതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവരുന്നില്ല. തൻ്റെ കുടുംബാംഗങ്ങളില്‍ ഭൂരിഭാഗവും ഇപ്പോഴും ബുത്തിഡൗങിലാണെന്നും എന്നാല്‍ ശനിയാഴ്ച മുതല്‍ അവരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും ബംഗ്ലാദേശില്‍ അഭയാര്‍ഥിയായി താമസിക്കുന്ന റോഹിങ്ക്യന്‍ കവി ഫാറൂഖ് സിഎന്‍എന്നിനോട് പറഞ്ഞു. കുടുംബം നാടുവിട്ടുപോയെന്നും എൻ്റെ വീട് സൈന്യം കത്തിച്ചുവെന്നും ബന്ധു പിന്നീട് തന്നെ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
പ്രദേശത്തിൻ്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിച്ച അന്താരാഷ്ട്ര മാധ്യമങ്ങള്‍ നഗരത്തെ വന്‍ തീപിടുത്തം വിഴുങ്ങിയതായും തീ ഇനിയും കെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ റോഹിങ്ക്യകള്‍ക്കെതിരെ സൈന്യം വളരെക്കാരലമായി തുടരുന്ന അതിക്രമങ്ങളുടെയും നിര്‍ബന്ധിത കുടിയിറക്കലിൻ്റെയും തുടര്‍ച്ചയാണ് പുതിയ സംഭവ വികാസങ്ങള്‍. 2021 ഫെബ്രുവരിയില്‍ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തത് മുതല്‍ സൈന്യം കനത്ത ആക്രമണമാണ് സാധാരണക്കാര്‍ക്ക് നേരെ സൈന്യം അഴിച്ചുവിടുന്നത്.