CMDRF

രാജ്യാന്തര ജനാധിപത്യ ദിനത്തിൽ സന്ദേശവുമായി യുഎൻ

ഈ വർഷത്തെ ജനാധിപത്യ ദിനം ശ്രദ്ധയൂന്നുന്നത് ആർട്ടിഫിഷൽ ഇന്റലിജൻസിലാണ്

രാജ്യാന്തര ജനാധിപത്യ ദിനത്തിൽ സന്ദേശവുമായി യുഎൻ
രാജ്യാന്തര ജനാധിപത്യ ദിനത്തിൽ സന്ദേശവുമായി യുഎൻ

ന്യൂയോർക്ക്: അഭിപ്രായസ്വാതന്ത്ര്യം, പൗരസ്വാതന്ത്ര്യം, നിയമവാഴ്ച എന്നിവയുടെ പ്രാധാന്യം ശക്തിപ്പെടുത്താനുള്ള അവസരമാണ് രാജ്യാന്തര ജനാധിപത്യ ദിനമെന്ന് ഓർമിപ്പിച്ച് ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. മനുഷ്യാവകാശങ്ങൾ സംരക്ഷിച്ചും പ്രോത്സാഹിപ്പിച്ചും സ്ഥാപനങ്ങൾ മാതൃകയാകുന്നെന്ന് ഉറപ്പാക്കാനുള്ള വേളയാണിതെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ വ്യക്തമാക്കി.

യുഎൻ സെക്രട്ടറി ജനറലിന്റെ സന്ദേശം

അൻപതിലേറെ രാജ്യങ്ങളിൽ തിരഞ്ഞെടുപ്പു നടക്കുന്ന ഈ വർഷം ഇതിലേറെ പ്രധാനപ്പെട്ടൊരു കാര്യം വേറെയില്ല. അൻപതിലേറെ രാജ്യങ്ങൾ എന്നാൽ ആഗോള ജനസംഖ്യയുടെ പകുതിയോളം വരും. ഇത്തരം മൂല്യങ്ങൾ എല്ലാം തന്നെ ലോകമെമ്പാടും ഇപ്പോൾ ഭീഷണി നേരിടുകയാണ്. സ്വാതന്ത്ര്യങ്ങൾക്കു ശോഷണം സംഭവിച്ചിരിക്കുന്നു. പൗരസ്വാതന്ത്ര്യ ഇടങ്ങൾ ചുരുങ്ങിപ്പോയിരിക്കുന്നു. ധ്രുവീകരണം ഉഗ്രാവസ്ഥയിൽ എത്തിനിൽക്കുന്നു. അതിനൊപ്പം അവിശ്വാസം വളർന്നു പെരുകുന്നു. ഈ വർഷത്തെ ജനാധിപത്യ ദിനം ശ്രദ്ധയൂന്നുന്നത് ആർട്ടിഫിഷൽ ഇന്റലിജൻസിലാണ്. സദ്ഭരണം ഉറപ്പാക്കാൻ എങ്ങനെ എഐയെ പ്രയോജനപ്പെടുത്താം എന്ന്. കടിഞ്ഞാണില്ലാതെ വിട്ടാൽ എഐയുടെ അപകടങ്ങൾ ജനാധിപത്യത്തിനും സമാധാനത്തിനും സുസ്ഥിരതയ്ക്കും വളരെ ഗൗരവമുള്ള പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കും. തെറ്റായതും വഴിതെറ്റിക്കുന്നതുമായ വിവരപ്രചാരണം, വിദ്വേഷ ആഹ്വാനം, ഡീപ്ഫേക്ക് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ എന്നിവയൊക്കെ മതി എഐ അപകടങ്ങൾക്കു തിരികൊളുത്താൻ. എഐയുടെ നന്മകൾക്കും കുറവില്ല. പൂർണവും സജീവവുമായ ജനപങ്കാളിത്തം, സമത്വം, സുരക്ഷ, മാനവവികസനം എന്നിവയ്ക്ക് നിർണായക പിന്തുണ നൽകാനുള്ള ശേഷി എഐക്ക് ഉണ്ട്. ജനാധിപത്യ പ്രക്രിയയെപ്പറ്റി ബോധവത്കരണം ഊർജിതമാക്കാൻ അതിനു കഴിയും. വിശാല മനോഭാവമുള്ള പൊതുസ്വാതന്ത്ര്യ ഇടങ്ങൾ സൃഷ്ടിക്കാൻ അതിനാകും. നയതീരുമാനങ്ങളിൽ പ്രാതിനിധ്യം ഉണ്ടാക്കാനും തീരുമാനം എടുക്കുന്നവരിൽനിന്ന് നീതി ഉറപ്പാക്കാനും ഈ പൊതുഇടങ്ങൾക്ക് കഴിയണം. ഈ അവസരങ്ങൾ കൈപ്പിടിയിലാക്കാൻ എഐയുടെ മേലുള്ള കണ്ണും രാജ്യാന്തരമായി ഉൾപ്പെടെ ശക്തിപ്പെടുത്തണം.

Top