ദുബായ്: ഓണ്‍ലൈന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള ഖുര്‍ആന്‍ പഠനം നിയന്ത്രിച്ച് യുഎഇ അധികൃതര്‍. ലൈസന്‍സില്ലാതെ ഖുര്‍ആന്‍ പഠനം നടത്തുന്ന ഓണ്‍ലൈന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയാണ് അധികൃതരുടെ നടപടി. ബന്ധപ്പെട്ട അതോറിറ്റികളില്‍ നിന്ന് ആവശ്യമായ ലൈസന്‍സ് നേടാതെ ഖുര്‍ആന്‍ പഠന കേന്ദ്രങ്ങള്‍ സ്ഥാപിക്കാനോ നടത്താനോ പാടില്ല. യുഎഇ നിയമ പ്രകാരം ലൈസന്‍സില്ലാതെ ഖുര്‍ആന്‍ പഠന സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും നടത്തുന്നതും രണ്ടുമാസത്തില്‍ കുറയാത്ത ജയില്‍ ശിക്ഷയോ 50,000 ദിര്‍ഹം വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഖുര്‍ആന്‍ പഠനം വാഗ്ദാനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജനറല്‍ അതോറിറ്റി ഫോര്‍ ഇസ്‌ലാമിക് അഫയേഴ്‌സ്, എന്‍ഡോവ്‌മെന്റ്‌സ് ആന്‍ഡ് സകാത്ത് ജനങ്ങള്‍ക്ക് പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
യുവതലമുറയെ സംരക്ഷിക്കുന്നതിന് മത വിദ്യാഭ്യാസത്തിന്റെ കൃത്യതയും അനുഗുണവും ഉറപ്പാക്കേണ്ടത് പ്രധാനമാണെന്ന് ഇസ്‌ലാമിക് അഫയേഴ്‌സ് സമിതി പ്രസ്താവനയില്‍ വ്യക്തമാക്കി. ഖുര്‍ആന്‍ പഠന സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പല ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും മതിയായ യോഗ്യതയില്ലാത്തതും മത വിദ്യാഭ്യാസത്തെക്കുറിച്ച് കൃത്യമായ അറിവില്ലാത്തതുമാണ്. ഇത് ഇസ്‌ലാമിന്റെ തത്വങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണ ഉണ്ടാക്കുന്നതിനും ഖുര്‍ആനെ തെറ്റായി വ്യാഖ്യാനിക്കുന്നതിനും ഇടയാക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തുവന്നത്.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇത്തരം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും അധികൃതര്‍ അറിയിച്ചു.
ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ ഇറക്കുന്ന പരസ്യങ്ങളില്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണം. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അധികാരികളെ അറിയിക്കണം. മതപരമായ പഠനങ്ങള്‍ നടത്താന്‍ യോഗ്യതയില്ലാത്ത സ്ഥാപനങ്ങളെ തടയുന്നതിന് ഇത് സഹായിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.