വൃത്തിയില്ലാത്ത സീറ്റുകൾ, പഴകിയ ഭക്ഷണം; എയർ ഇന്ത്യയിലെ ദുരനുഭവം പങ്കുവച്ച് യാത്രക്കാരൻ

വൃത്തിയില്ലാത്ത സീറ്റുകൾ, പഴകിയ ഭക്ഷണം; എയർ ഇന്ത്യയിലെ ദുരനുഭവം പങ്കുവച്ച് യാത്രക്കാരൻ
വൃത്തിയില്ലാത്ത സീറ്റുകൾ, പഴകിയ ഭക്ഷണം; എയർ ഇന്ത്യയിലെ ദുരനുഭവം പങ്കുവച്ച് യാത്രക്കാരൻ

ഡൽഹി: ന്യൂയോർക്കിലേക്കുള്ള യാത്രക്കിടെ എയർ ഇന്ത്യ ബിസിനിസ് ക്ലാസിൽ നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് യാത്രക്കാരൻ. വിനീത് എന്ന യാത്രക്കാരനാണ് എക്സിലൂടെ ഭുരനുഭവത്തെക്കുറിച്ച് പങ്കുവച്ചത്. ഒരു പേടിസ്വപ്നത്തെക്കാൾ ഒട്ടും കുറവായിരുന്നില്ല ആ യാത്രയെന്ന് വിനീത് വിവരിക്കുന്നു. പാകം ചെയ്യാത്ത ഭക്ഷണവും ജീർണിച്ച സീറ്റുകളാണ് തനിക്ക് ലഭിച്ചതെന്ന് അദ്ദേഹം കുറിച്ചു.

അഞ്ച് ലക്ഷം രൂപയാണ് യാത്രക്ക് ചെലവഴിക്കേണ്ടി വന്നതെന്നും യാത്രക്കാരൻ പറയുന്നു. ”ഒരു ദുരനുഭവം കുറച്ച് വർഷങ്ങളായി എമിറേറ്റ്‌സിനൊപ്പം പറന്നതിന് ശേഷം, എൻ്റെ പതിവ് ലക്ഷ്യസ്ഥാനങ്ങളായ ന്യൂയോർക്ക്, ചിക്കാഗോ, ലണ്ടൻ എന്നിവിടങ്ങളിലേക്ക് നേരിട്ട് ഫ്ലൈറ്റുകൾ വാഗ്ദാനം ചെയ്യുന്നതിനാൽ ഞാൻ അടുത്തിടെ എയർ ഇന്ത്യയിലേക്ക് മാറി. ഇന്നലത്തെ എൻറെ യാത്ര ഒരു പേടിസ്വപ്നത്തിൽ കുറവായിരുന്നില്ല. ഒഫീഷ്യൽ ട്രിപ്പിനായി ബിസിനസ് ക്ലാസായിരുന്നു ബുക്ക് ചെയ്തത്.

സീറ്റുകൾ വൃത്തിയില്ലാത്തതും ജീർണിച്ചതുമായിരുന്നു. 35ൽ 5 സീറ്റുകളെങ്കിലും പ്രവർത്തനക്ഷമവുമായിരുന്നില്ല. 25 മിനിറ്റ് വൈകിയാണ് വിമാനം പുറപ്പെട്ടത്” വിനീതിൻറെ പോസ്റ്റിൽ പറയുന്നു. ഒന്നുറങ്ങാനായി നോക്കിയെങ്കിലും തൻ്റെ ഇരിപ്പിടം ഫ്ലാറ്റ് ബെഡ് ആക്കി മാറ്റാൻ സാധിച്ചില്ലെന്നും വിനീത് ആരോപിക്കുന്നു. പിന്നീട് മറ്റൊരു സീറ്റിലേക്ക് മാറിയിരിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ വേവിക്കാത്ത ഭക്ഷണവും പഴകിയ പഴങ്ങളും തന്നു. ടിവി കാണാനുള്ള സൗകര്യമുണ്ടായിരുന്നെങ്കിലും ടിവി പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. തൻറെ ബാഗുകൾക്ക് കേടുപാടു സംഭവിച്ചതായും വിനീത് വിശദീകരിക്കുന്നു.

എയർ ഇന്ത്യയിൽ നിന്ന് ലഭിച്ച പ്രതികരണത്തിൻ്റെ സ്‌ക്രീൻ ഷോട്ടും വിനീത് പങ്കുവെച്ചിട്ടുണ്ട്. യാത്രക്കാർക്ക് അത്തരം അസൗകര്യങ്ങൾ നേരിട്ടതിൽ ഖേദിക്കുന്നുവെന്നും ബുക്കിംഗ് വിശദാംശങ്ങൾ, സീറ്റ് നമ്പർ, DBR/ ഫയലർ റഫറൻസ് നമ്പർ എന്നിവ അയച്ചാൽ ഉടൻ പരിശോധിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. പോസ്റ്റിനു പിന്നാലെ നിരവധി യാത്രക്കാരാണ് എയർ ഇന്ത്യ യാത്രയിൽ തങ്ങൾക്കു നേരിട്ട ദുരനുഭവം പങ്കുവച്ചത്.

Top