അഹമ്മദാബാദ്: ഗുജറാത്തില്‍ നിര്‍മാണത്തിലിരുന്ന റെയില്‍വേ പാലം തകര്‍ന്നു വീണു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലാല്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന പാലമാണ് ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ തകര്‍ന്നു വീണത്. നിരവധി തൊഴിലാളികള്‍ക്ക് പരുക്കേറ്റു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. പരുക്കേറ്റ രണ്ട് തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Also Read: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
അഗ്‌നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടുന്ന രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തെത്തി. മൂന്നു തൊഴിലാളികള്‍ കോണ്‍ക്രീറ്റ് കട്ടകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി നിര്‍മാണം നടത്തുന്ന നാഷനല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എന്‍എച്ച്എസ്ആര്‍സിഎല്‍) അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ക്രെയിനുകളും എക്സ്‌കവേറ്ററുകളും എത്തിച്ചിട്ടുണ്ട്. നിര്‍മാണത്തിനായി ഉപയോഗിച്ചിരുന്ന ഗര്‍ഡറുകള്‍ തെന്നിമാറിയതാണ് പാലത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മുംബൈ അഹമ്മദാബാദ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍ ഇടനാഴിയാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി. പാലം തകര്‍ന്നതില്‍ എന്‍എച്ച്എസ്ആര്‍സിഎല്‍ അന്വേഷണം ആരംഭിച്ചു. പാലത്തിന് ഘടനാപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോയെന്നും അധികൃതര്‍ പരിശോധിക്കുന്നുണ്ട്.