നേത്ര പരിശോധനകൾക്ക് വിധേയരായി; സുനിത വില്യംസും ബുച്ച് വിൽമോറും

ഐഎസ്എസിലെ യാത്രികരുടെ ആരോഗ്യ നിരീക്ഷണങ്ങളുടെ ഭാഗമായാണ് ഇരുവരുടെയും പരിശോധന നടന്നത്

നേത്ര പരിശോധനകൾക്ക് വിധേയരായി; സുനിത വില്യംസും ബുച്ച് വിൽമോറും
നേത്ര പരിശോധനകൾക്ക് വിധേയരായി; സുനിത വില്യംസും ബുച്ച് വിൽമോറും

കാലിഫോർണിയ: ബോയിംഗിൻറെ സ്റ്റാർലൈനർ പേടകത്തിൽ ഭൂമിയിലേക്ക് തിരിച്ചുവരാനാകാതെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും നേത്ര പരിശോധനകൾക്ക് വിധേയരായതായി ഇന്ത്യാ ടുഡേയുടെ റിപ്പോർട്ട്. ഐഎസ്എസിലെ യാത്രികരുടെ ആരോഗ്യ നിരീക്ഷണങ്ങളുടെ ഭാഗമായാണ് ഇരുവരുടെയും പരിശോധന നടന്നത്. ഭൂമിയിലിരിക്കുന്ന ഡോക്ടർമാർക്ക് തൽസമയം നിരീക്ഷിക്കാനാവുന്ന തരത്തിലായിരുന്നു പരിശോധനകൾ.

ദീർഘകാലം നീണ്ടുനിൽക്കുന്ന ബഹിരാകാശ ദൗത്യങ്ങൾ സഞ്ചാരികൾക്ക് കാഴ്‌ചാ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട് എന്നതിനാൽ സുനിതയെയും ബുച്ചിനെയും കൃത്യമായ ഇടവേളകളിൽ പരിശോധിക്കുന്നുണ്ട്. ഇത്തരം കാഴ്‌ച്ചാപ്രശ്‌നങ്ങൾ മുമ്പ് ബഹിരാകാശ യാത്ര നടത്തിയിട്ടുള്ളവരിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നേത്ര പരിശോധനയ്ക്ക് പുറമെ ഐഎസ്എസിലുള്ള യാത്രികരുടെ എല്ലുകളുടെയും മസിലുകളുടെയും ആരോഗ്യം ഉൾപ്പടെയുള്ളവയും കൃത്യമായി നിരീക്ഷിച്ചുവരികയാണ്. ദിനേനയുള്ള ആരോഗ്യ പരിശോധനകൾക്കും വ്യായാമത്തിനും പുറമെ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ വിവിധ ശാസ്ത്രീയ പഠനങ്ങളിലും ഗവേഷണങ്ങളിലും സുനിത വില്യംസും ബുച്ച് വിൽമോറും പങ്കെടുക്കുന്നുണ്ട്.

2024 ജൂൺ അഞ്ചിന് സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും വഹിച്ച് വെറും എട്ട് ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായിരുന്നു ബോയിംഗിൻറെ സ്റ്റാർ‌ലൈനർ പേടകം കുതിച്ചത്. ‘ക്രൂ ഫ്ലൈറ്റ് ടെസ്റ്റ്’ എന്നായിരുന്നു ഈ ദൗത്യത്തിൻറെ പേര്. നാസയും സ്വകാര്യ കമ്പനിയായ ബോയിംഗും സഹകരിച്ചുള്ള കന്നി ബഹിരാകാശ യാത്രയായിരുന്നു ഇത്. വിക്ഷേപണ ശേഷം പേടകത്തിൻറെ സർവ്വീസ് മൊഡ്യൂളിലെ റിയാക്ഷൻ കൺട്രോൾ ത്രസ്റ്ററുകളിലുണ്ടായ ഹീലിയം ചോർച്ച ദൗത്യത്തെ അനിശ്ചിതത്വത്തിലാക്കി. ബഹിരാകാശ യാത്രികരുടെ മടക്കയാത്ര പ്രതിസന്ധിയിലായതോടെ എട്ട് ദിവസത്തെ ദൗത്യം മാസങ്ങൾ നീണ്ടു. ഒടുവിൽ യാത്രികരില്ലാതെ സ്റ്റാർലൈനർ പേടകത്തെ ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവരികയും സുനിതയുടെയും ബുച്ചിൻറെയും മടക്കയാത്ര 2025 ഫെബ്രുവരിയിലേക്ക് നാസ നീട്ടുകയും ചെയ്തു.

Also read: ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂർണവിജയം

സ്പേസ് എക്സിൻറെ ഡ്രാഗൺ പേടകത്തിലാണ് 2025 ഫെബ്രുവരിയിൽ സുനിത വില്യസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങുക. ഇരുവരുമില്ലാതെ സ്റ്റാർലൈനർ പേടകം ന്യൂ മെക്സിക്കോയിലെ വൈറ്റ് സാൻഡ് സെപെയ്സ് ഹാർബറിൽ 2024 സെപ്റ്റംബർ ഏഴാം തിയതി രാവിലെ 9:37ഓടെ സുരക്ഷിതമായി ലാൻഡ് ചെയ്‌തിരുന്നു. എങ്കിലും അപകട സാധ്യതയുണ്ടായിരുന്നതിനാൽ ഇരുവരുടെയും യാത്ര നീട്ടിയ തീരുമാനം ഉചിതമായിരുന്നുവെന്നാണ് നാസയുടെ പക്ഷം.

Top