കടന്നല്‍ക്കൂട്ടം ഇളകി വരുന്നത് പോലെ സംഘടിതമായും ഒറ്റയായും പറന്ന് വന്ന് വന്‍ നാശം വിതയ്ക്കുന്ന അനവധി ചെറുതും വലതുമായ ഡ്രോണുകളുള്ള രാജ്യമാണ് ഇറാന്‍. ഇത്തരം ഡ്രോണുകള്‍ യുക്രെയിന്‍ യുദ്ധമുഖത്ത് പ്രയോഗിക്കാന്‍ റഷ്യയ്ക്കും ഇറാന്‍ നല്‍കിയിട്ടുണ്ട്. ഇറാന്‍ അനുകൂലികളായ ഹൂതികളും ഹിസ്ബുള്ളയും നിലവില്‍ ഉപയോഗിച്ച് വരുന്നതും ഇത്തരം ഡ്രോണുകളാണ്. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ പ്രകാരം ഈ ഡ്രോണുകളില്‍ ചിലത് വന്‍ നാശമാണ് ഇസ്രയേലില്‍ വിതച്ചിരിക്കുന്നത്.
വടക്കന്‍ ഇസ്രയേലിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ നിരവധി ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും, അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാല് സൈനികര്‍ കൊല്ലപ്പെട്ടെന്നും 61 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ഇസ്രയേലിന്റെ ഈ വാദം പൊളിക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
പരുക്കേറ്റവരെ ആംബുലന്‍സിലും ഹെലിക്കോപ്റ്ററിലുമായി പ്രദേശത്തെ എട്ട് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇസ്രയേലിന് നേരെയുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമായാണ് ഈ ഡ്രോണ്‍ ആക്രമണം വിലയിരുത്തപ്പെടുന്നത്. ബിന്‍യാമിനയിലെ ഇസ്രയേലി സൈനിക പരിശീലന കേന്ദ്രം ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി ഹിസ്ബുള്ള പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വന്തം സൈനികര്‍ കൊല്ലപ്പെട്ട വിവരം ഭാഗികമായാണെങ്കില്‍ പോലും പുറത്തുവിടാന്‍ ഇസ്രയേല്‍ നിര്‍ബന്ധിതമായിരുന്നത്.
ലെബനനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയായാണ് ഇത്തരം ഒരാക്രമണം ഇസ്രയേലിന് നേരിടേണ്ടി വന്നിരിക്കുന്നത്. ഇസ്രയേലിന്റെ വ്യോമ പ്രതിരോധ മേഖലയിലെ കരുത്താണ് വീണ്ടും ഒരിക്കല്‍ക്കൂടി ലോകത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞിരിക്കുന്നത്. നേരത്തെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിലും അയണ്‍ ഡോം സംവിധാനം തകര്‍ക്കപ്പെട്ടിരുന്നു. ആ ആക്രമണത്തിലും നിരവധി സൈനിക കേന്ദ്രങ്ങളാണ് തകര്‍ക്കപ്പെട്ടിരുന്നത്.
ഇറാന്‍ മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് വ്യോമ പ്രതിരോധം ശക്തമാക്കാന്‍ അമേരിക്കയുടെ പ്രതിരോധ സംവിധാനമായ താഡിനെ ആശ്രയിക്കേണ്ട ഗതികേടിലാണിപ്പോള്‍ ഇസ്രയേലുള്ളത്. ഇതിനായുള്ള ട്രയല്‍ നടന്ന് കൊണ്ടിരിക്കെയാണ് ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണത്തില്‍ വലിയ നാശം ഇസ്രയേലില്‍ സംഭവിച്ചിരിക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ ഇറാനെതിരെ ഇസ്രയേല്‍ തിരിച്ചടിക്ക് ശ്രമിച്ചാല്‍ എന്താകും അവസ്ഥയെന്നതില്‍ അമേരിക്കയ്ക്കും വലിയ ആശങ്കയുണ്ട്.
അമേരിക്കയുടെ ഈ താഡ് മിസൈല്‍ സംവിധാനത്തെ തകര്‍ത്ത ചരിത്രവും ഇറാനുണ്ട്. ഇറാന്‍ സൈനിക മേധാവിയായിരുന്ന ഖാസിം സുലൈമാനിയെ ഇറാഖില്‍ വച്ച് അമേരിക്ക കൊലപ്പെടുത്തിയപ്പോള്‍ അതിന് തിരിച്ചടിയായി ഇറാഖിലെ അമേരിക്കന്‍ സൈനിക ക്യാംപിന് നേരെ ഇറാന്‍ നടത്തിയ ആക്രമണം താഡ് സംവിധാനത്തെ തകര്‍ത്താണ് ലക്ഷ്യസ്ഥാനത്ത് പതിച്ചിരുന്നത്. ഇതേ സംവിധാനമാണിപ്പോള്‍ ഇസ്രയേലില്‍ പുതുതായി അമേരിക്ക വിന്യസിക്കുന്നത്.
ലോകത്തെ ഏത് മിസൈല്‍ പ്രതിരോധ സംവിധാനത്തെയും തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലുകളാല്‍ സമ്പന്നമായ രാജ്യമാണ് റഷ്യ. ആ റഷ്യയില്‍ നിന്നും നിരവധി ആയുധങ്ങള്‍ ഇതിനകം തന്നെ ഇറാനില്‍ എത്തിയിട്ടുണ്ട് എന്നതും പരസ്യമായ രഹസ്യമാണ്. അതുകൊണ്ടുതന്നെ ഇറാനുമായി ഒരു യുദ്ധത്തിന് ഇസ്രയേല്‍ പോയാല്‍ അത് വലിയ തിരിച്ചടിക്കും കാരണമാകും. മാത്രമല്ല അമേരിക്കയുടെ അവസ്ഥയും ഇപ്പോള്‍ ഒരു യുദ്ധത്തിലേക്ക് എടുത്തുചാടാനുള്ള അവസ്ഥയല്ല. അവരുടെ ആയുധങ്ങളില്‍ നല്ലൊരു വിഭാഗം ഇതിനകം തന്നെ യുക്രെയിന്‍ സേനയും ഇസ്രയേലും പൊട്ടിച്ച് തീര്‍ത്തിട്ടുണ്ട്.
അമേരിക്കയുടെ ആയുധക്കലവറ ശൂന്യമായി തുടങ്ങിയെന്ന് തുറന്ന് പറഞ്ഞിരിക്കുന്നത് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് കൂടിയായ ഡൊണാള്‍ഡ് ട്രംപാണ് എന്നതും നാം ഓര്‍ക്കണം. ഇതിനിടെ, അമേരിക്കയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ പ്രാപ്തി ചോദ്യം ചെയ്യുന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തുവന്നു തുടങ്ങിയിട്ടുണ്ട്. അജ്ഞാത ഡ്രോണുകളുടെ വലിയയൊരു സംഘം അമേരിക്കയുടെ നിയന്ത്രിത വ്യോമാതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറുകയും കഴിഞ്ഞ ഡിസംബറില്‍ വിര്‍ജീനിയയിലെ സൈനിക വ്യോമതാവളത്തില്‍ 17 ദിവസം ചാരപ്പണി നടത്തുകയും ചെയ്തതായാണ്, വാള്‍സ്ട്രീറ്റ് ജേണല്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കന്‍ സൈന്യത്തിന് ഇവയെ തടയാന്‍ കഴിഞ്ഞില്ലെന്നാണ് ആ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്കന്‍ സൈന്യവും രഹസ്യാന്വേഷണ വിഭാഗവും ഒന്‍പത് മാസം ഒളിപ്പിച്ചുവച്ച രഹസ്യം പുറത്തുവന്നത് ലോക രാജ്യങ്ങളെയും അത്ഭുതപ്പെടുത്തുന്നതാണ്. ഒരു ഈച്ച പോലും കടന്നുകയറാത്ത പ്രതിരോധമാണ് തങ്ങളുടേതെന്ന് അഹങ്കരിക്കുന്ന രാജ്യമാണ് അമേരിക്ക. ആ അമേരിക്കയിലാണ് ഈ അതിക്രമിച്ച് കയറ്റം നടന്നിരിക്കുന്നത്.
വിര്‍ജീനിയയുടെ തീരപ്രദേശത്തുള്ള ലാംഗ്ലി എയര്‍ഫോഴ്സ് ബേസിന് മുകളിലൂടെ ഡ്രോണുകളുടെ കൂട്ടം പറക്കുന്നതാണ് കണ്ടെത്തിയിരിക്കുന്നത് എന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥരെയും പോലീസ് റിപ്പോര്‍ട്ടുകളും കോടതി രേഖകളും ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുന്‍ അമേരിക്കന്‍ എയര്‍ഫോഴ്സ് ജനറല്‍ മാര്‍ക്ക് കെല്ലിയ്ക്ക് ഈ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും അമേരിക്കന്‍ മാധ്യമം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതിര്‍ത്തി ലംഘിച്ച് നിരീക്ഷണം നടത്തിയ ആളില്ലാ വിമാനങ്ങള്‍ക്ക് ഏകദേശം 20 അടി നീളവും മണിക്കൂറില്‍ 100 മൈലിലധികം വേഗതയുമുള്ളതാണ്. ഇവയ്ക്ക്, ഏകദേശം 3,000 മുതല്‍ 4,000 വരെ ഉയരത്തില്‍ പറക്കുവാനും ശേഷിയുണ്ട്. ഡ്രോണുകള്‍ ഒന്നോ രണ്ടോ ഫിക്സഡ് വിംഗ് യൂണിറ്റുകളുടെ പാറ്റേണില്‍ പറന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഈ ഡ്രോണുകള്‍ക്ക് ചെറിയ ക്വാഡ്‌കോപ്റ്ററുകളും ഏകദേശം 20 പൗണ്ട് കൊമേഴ്‌സ്യല്‍ ഡ്രോണുകളുടെ വലുപ്പവുമുണ്ട്. പലപ്പോഴും ഇവ താഴ്ന്നാണ് പറന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഡസന്‍ കണക്കിന് ഡ്രോണുകളാണ് ചെസാപീക്ക് ബേയിലൂടെ നോര്‍ഫോക്കിലേക്ക് നീങ്ങിയത്. അമേരിക്കന്‍ നേവിയുടെ സീല്‍ ടീം സിക്സ് പ്രത്യേക പ്രവര്‍ത്തന യൂണിറ്റും നേവല്‍ സ്റ്റേഷന്‍ നോര്‍ഫോക്കും – ഒരു വലിയ നാവിക തുറമുഖവും ഈ മേഖലയിലുണ്ട്. അതിനാല്‍ത്തന്നെ ഡ്രോണുകളുടെ സാന്നിധ്യത്തെ അതീവ ഗൗരവമായാണ് വൈറ്റ് ഹൗസും കണ്ടിരുന്നത്. അമേരിക്കയുടെ മിലിട്ടറി റഡാറുകള്‍ക്ക് – വലിയ സൈനിക വിമാനങ്ങള്‍ കണ്ടെത്താനും പക്ഷിയോട് സാമ്യമുള്ള എന്തും മനസ്സിലാക്കാനും പ്രത്യേകം ട്യൂണ്‍ ചെയ്തിട്ടുണ്ടെങ്കിലും അതെല്ലാം തന്നെ ഡ്രോണുകളുടെ സാന്നിധ്യം പകര്‍ത്തുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ട്.
അതീവ സുരക്ഷാ മേഖലയില്‍ എത്തിയ ഡ്രോണുകളെ പിന്തുടരാനും അവയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും സുരക്ഷാ ഏജന്‍സികളും പൊലീസും ശ്രമിച്ചെങ്കിലും ഇതുവരെ ഈ ഡ്രോണുകള്‍ എവിടെ നിന്നു വന്നുവെന്നോ ആരാണ് അയച്ചതെന്നോ കണ്ടെത്തിയിട്ടില്ല. വലിയ സുരക്ഷാ വീഴ്ച തന്നെയാണിത്.
ഉടനടി ഭീഷണി ഉയര്‍ത്തുന്നില്ലെങ്കില്‍ സൈനിക താവളങ്ങള്‍ക്ക് സമീപം ഡ്രോണുകള്‍ വെടിവെച്ച് വീഴ്ത്തുന്നതില്‍ നിന്ന് ഫെഡറല്‍ നിയമം സൈന്യത്തെ വിലക്കുന്നുണ്ട്. ഇതില്‍ വ്യോമ ചാരപ്രവര്‍ത്തനം പോലും ഉള്‍പ്പെടുന്നില്ല.
അതുകൊണ്ടാണ് വെടിവെച്ചിടാതിരുന്നത് എന്നതാണ് ന്യായമായി പറയുന്നതെങ്കിലും ഈ ന്യായം വൈറ്റ് ഹൗസിന് പോലും ദഹിച്ചിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വെടിവെച്ച് വീഴ്ത്താന്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ മറ്റ് വിമാനങ്ങള്‍ക്ക് വളരെയധികം അപകടസാധ്യതയുള്ളതായി കണക്കാക്കപ്പെടുന്ന കാര്യവും ഇതു സംബന്ധമായ അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അമേരിക്കയില്‍ ഇതുപോലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ മുന്‍പും ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
രണ്ടുമാസം മുമ്പ്, ലാസ് വെഗാസിന് പുറത്ത് അമേരിക്കന്‍ ആണവപരീക്ഷണ കേന്ദ്രമായ നെവാഡ നാഷണല്‍ സെക്യൂരിറ്റി സൈറ്റിന് മുകളില്‍ അഞ്ച് ഡ്രോണുകളെയാണ് കണ്ടെത്തിയിരുന്നത്. ഈ നുഴഞ്ഞുകയറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ഇതുവരെ കണ്ടെത്താന്‍ അമേരിക്കന്‍ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല.
ഇറാനെയും അവര്‍ക്കൊപ്പമുള്ള വിവിധ ഗ്രൂപ്പുകളെയുമാണ് അമേരിക്ക സംശയിക്കുന്നതെങ്കിലും അത് തുറന്ന് പറഞ്ഞാലുള്ള നാണക്കേടോര്‍ത്ത് അതിനുപോലും പറ്റാത്ത അവസ്ഥയിലാണ് ആ രാജ്യം ഇപ്പോഴുള്ളത്. ഹിസ്ബുള്ള ഇസ്രയേല്‍ സൈനിക ക്യാംപിന് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളിലെ ഡ്രോണ്‍ നിരീക്ഷണവും ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
വീഡിയോ കാണുക